സംഭവത്തെത്തുടര്‍ന്ന് മുംബൈ ഇന്ത്യൻസിന്‍റെ നായകന്‍ കൂടിയായിരുന്ന ഹര്‍ഭജനെ ആ സീസണ്‍ ഐപിഎല്ലില്‍ നിന്ന് വിലക്കിയിരുന്നു.

മുംബൈ: പതിനേഴ് വര്‍ഷം മുമ്പ് ഐപിഎല്ലില്‍ മലയാളി താരം ശ്രീശാന്തിന്‍റെ മുഖത്തടിച്ച സംഭവത്തില്‍ തെറ്റ് പറ്റിയെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. 2008ലെ ആദ്യ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരശേഷമായിരുന്നു കളിക്കാര്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ മുംബൈ താരമായിരുന്ന ഹര്‍ഭജന്‍ സിംഗ് പരസ്യമായി പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്‍റെ മുഖത്തടിക്കുകയയായിരുന്നു.

അടികൊണ്ട കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ശ്രീശാന്തിനെ നായകന്‍ കുമാര്‍ സംഗാക്കര സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും ആരാധകര്‍ കണ്ടു. സംഭവത്തെത്തുടര്‍ന്ന് മുംബൈ ഇന്ത്യൻസിന്‍റെ താല്‍ക്കാലിക നായകന്‍ കൂടിയായിരുന്ന ഹര്‍ഭജനെ ആ സീസണ്‍ ഐപിഎല്ലില്‍ നിന്ന് വിലക്കിയിരുന്നു. എക്സില്‍ ഇതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്ത ആരാധകന്‍ ഹര്‍ഭജനോട് ഈ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഞാന്‍ മനുഷ്യനാണ് ദൈവമൊന്നുമല്ലല്ലോ, തെറ്റ് പറ്റാമെന്ന് ഹര്‍ഭദജന്‍ മറുപടി നല്‍കിയത്.

ഐപിഎല്‍: ഓറഞ്ച് ക്യാപ് തലയില്‍ നിന്നൂരാതെ നിക്കോളാസ് പുരാന്‍, പര്‍പ്പിള്‍ ക്യാപിന് പുതിയ അവകാശി

അത് ശരിയായിരുന്നില്ല സഹോദരാ, അതെന്‍റെ തെറ്റായിരുന്നു, ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു, പക്ഷെ തെറ്റ് പറ്റിപ്പോയി, ദൈവമൊന്നുമല്ലല്ലോ തെറ്റ് പറ്റാതിരിക്കാന്‍ എന്നായിരുന്നു ഹര്‍ഭജന്‍റെ മറുപടി. ഇതാദ്യമായല്ല, ശ്രീശാന്തിനെ തല്ലിയ സംഭവത്തില്‍ ഹര്‍ഭജന്‍ മാപ്പുപറയുന്നത്. സംഭവത്തിനുശേഷം ഇരു താരങ്ങളും വീണ്ടും സൗഹൃദത്തിലാവുകയും പരസ്യങ്ങളിലും കമന്‍ററി ബോക്സിലുമെല്ലാം വീണ്ടും ഒരുമിക്കുകയും ചെയ്തിരുന്നു.

Scroll to load tweet…

ഹര്‍ഭജന്‍റെ അന്നത്തെ മുംബൈ ഇന്ത്യൻസ് പിന്നീട് അ‍ഞ്ച് തവണ ഐപിഎല്‍ കിരീടം നേടി ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലായി മോശം പ്രകടനത്തിലൂടെയാണ കടന്നുപോകുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഇത്തവണ കളിച്ച ആദ്യ രണ്ട് കളികളിലും പരാജയപ്പെട്ടു. മൂന്നാം മത്സരത്തില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുംബൈയുടെ എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക