
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും റയാൻ റിക്കൽട്ടണിന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് മുംബൈയുടെ പ്രകടനത്തിൽ നിര്‍ണായകമായത്.
രോഹിത് ശര്‍മ്മയും റയാൻ റിക്കൽട്ടണും മുംബൈയ്ക്ക് തകര്‍പ്പൻ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 11.5 ഓവറിൽ 116 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഏതാനും പന്തുകളുടെ മാത്രം വ്യത്യാസത്തിലാണ് രോഹിത്തും റിക്കൽട്ടണും മടങ്ങിയത്. 38 പന്തുകളിൽ നിന്ന് 7 ബൗണ്ടറികളും 3 സിക്സറുകളും പറത്തി 61 റൺസ് നേടിയ റിക്കൽട്ടണാണ് മുംബൈയുടെ ടോപ് സ്കോറര്‍. 36 പന്തുകളിൽ നിന്ന് 9 ബൗണ്ടറികളുടെ അകമ്പടിയോടെ രോഹിത് ശര്‍മ്മ 53 റൺസ് നേടിയാണ് മടങ്ങിയത്.
ഓപ്പണര്‍മാര്‍ മടങ്ങിയതോടെ ക്രീസിലൊന്നിച്ച നായകൻ ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ രാജസ്ഥാന്‍റെ ബൗളര്‍മാര്‍ വിയര്‍ത്തു. 23 പന്തുകൾ വീതം നേരിട്ട ഇരുവരും 48 റൺസ് വീതം നേടി പുറത്താകാതെ നിന്നു. സൂര്യകുമാറിന്‍റെ ബാറ്റിൽ നിന്ന് 4 ബൗണ്ടറികളും 3 സിക്സറുകളും പിറന്നപ്പോൾ 6 ബൗണ്ടറികളും ഒരു സിക്സറും പറത്തിയ ഹാര്‍ദികും മുംബൈ ആരാധകരെ ആവേശത്തിലാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!