
ദില്ലി: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ സൺറൈസേഴ്സ് വിക്കറ്റ് നഷ്ടമില്ലാതെ 79 റൺസ് എന്ന നിലയിലാണ്. 47 റൺസുമായി ട്രാവിസ് ഹെഡും 20 റൺസുമായി അഭിഷേക് ശര്‍മ്മയുമാണ് ക്രീസിൽ.
വൈഭവ് അറോറയാണ് കൊൽക്കത്തയ്ക്ക് വേണ്ടി ആദ്യം പന്തെറിയാനെത്തിയത്. മികച്ച പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. വെറും രണ്ട് സിംഗിളുകൾ മാത്രം നേടാനെ ഹൈദരാബാദ് ബാറ്റര്‍മാര്‍ക്ക് സാധിച്ചുള്ളൂ. എന്നാൽ, രണ്ടാം ഓവര്‍ എറിയാനെത്തിയ ആന്റിച്ച് നോര്‍ക്കിയയ്ക്ക് എതിരെ അഭിഷേക് ശര്‍മ്മയും ട്രാവിസ് ഹെഡും ആക്രമണം അഴിച്ചുവിട്ടു. ട്രാവിസ് ഹെഡ് ഒരു സിക്സര്‍ പറത്തിയപ്പോൾ രണ്ട് ബൗണ്ടറികൾ നേടി അഭിഷേകും കളംനിറഞ്ഞു. ഇതിനിടെ ബൗൺസറിനുള്ള നോര്‍ക്കിയയുടെ ശ്രമം വൈഡ് + ബൗണ്ടറിയിലാണ് കലാശിച്ചത്. ഹൈദരാബാദിന് ബോണസായി 5 റൺസ് കൂടി ലഭിച്ചതോടെ നോര്‍ക്കിയയുടെ ഓവറിൽ 20 റൺസ് പിറന്നു. മൂന്നാം ഓവറിനെ ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തിയ ഹെഡ് രണ്ടാം പന്തിൽ ബൗണ്ടറി കൂടി നേടി. നാലാം പന്ത് വീണ്ടും കാണികൾക്കിടയിലേയ്ക്ക് പായിച്ച് ഹെഡ് കൊൽക്കത്തയ്ക്ക് അപായ സൂചന നൽകി. വൈഭവിന്റെ ഓവറിൽ 19 റൺസ് കൂടി പിറന്നതോടെ ടീം സ്കോര്‍ 3 ഓവര്‍ പൂര്‍ത്തിയായപ്പോൾ 41 റൺസ്.
നാലാം ഓവറിൽ ഹര്‍ഷിത് റാണയെ നായകൻ അജിങ്ക്യ രഹാനെ പന്തേൽപ്പിച്ചു. എന്നാൽ, ആദ്യത്തെ രണ്ട് പന്തുകളും ഹെഡ് ബൗണ്ടറിയാക്കി മാറ്റി. നാലാം പന്തിൽ വീണ്ടും ബൗണ്ടറി നേടി ഹെഡ് ടീം സ്കോര്‍ 50 കടത്തി. അഞ്ചാം ഓവറിൽ മടങ്ങിയെത്തിയ ആന്റിച്ച് നോര്‍ക്കിയ ആദ്യ മൂന്ന് പന്തുകളിൽ ബൗണ്ടറി വഴങ്ങിയില്ല. എന്നാൽ, നാലാം പന്തിൽ മനോഹരമായ ഡ്രൈവിലൂടെ അഭിഷേക് ശര്‍മ്മ ബൗണ്ടറി നേടി. അഞ്ചാം പന്തിലും ഫലത്തിൽ മാറ്റമുണ്ടായില്ല. ആകെ 11 റൺസാണ് നോര്‍ക്കിയയുടെ ഓവറിൽ പിറന്നത്. ആറാം ഓവറിൽ ഹര്‍ഷിത് റാണയെക്ക് എതിരെ ഹെഡ് സിക്സര്‍ നേടിയതോടെ ഹൈദരാബാദിന്റെ സ്കോര്‍ കുതിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!