ഐപിഎല്‍ 2026: ഹാര്‍ദിക്ക് പാണ്ഡ്യ മാത്രമാണോ മുംബൈ ഇന്ത്യൻസിന്റെ വീഴ്ചയ്ക്ക് കാരണം?

Published : Apr 30, 2026, 03:20 PM IST
Mumbai Indians

Synopsis

മുംബൈക്ക് തിരിച്ചടിയാകുന്നത് അഞ്ച് കിരീടങ്ങളുടെ ഭാരമാണോ, അതോ ഹാര്‍ദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലെ പോരായ്മകളോ

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പവര്‍പ്ലേയിലെ അവസാന ഓവര്‍ എറിയുന്നത് ജസ്പ്രിത് ബുമ്രയാണ്. ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറിയായിരുന്നു അഞ്ചാം പന്ത്. ക്രീസുവിട്ടിറങ്ങി ബാക്ക്‌വേഡ് പോയിന്റിലൂടെ അഭിഷേക് ശര്‍മ അനായാസമൊരു സിക്‌സ് നേടുന്നു.

ശേഷം മൈതാനത്തൊരു കാഴ്ചയുണ്ടായി. മാസങ്ങള്‍ക്ക് മുൻപ് ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച മൂന്ന് പേര്‍, ബുമ്ര, ഹാര്‍ദിക്ക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്. പരസ്പരം കൈമാറാൻ നിര്‍ദേശങ്ങളൊ പ്രവാര്‍ത്തികമാക്കാൻ തന്ത്രങ്ങളോ ഉണ്ടായിരുന്നില്ല അവര്‍ക്ക്, നിസാഹായരായി മൂവരും നിന്നു.

വാംഖഡെയില്‍ ഹൈദരാബാദ് ജയത്തിലേക്ക് അടുക്കുമ്പോള്‍ മറ്റൊരു കാഴ്ചകൂടി കാണേണ്ടി വന്നു ക്രിക്കറ്റ് ലോകത്തിന്. കടുത്ത നിരാശയില്‍ മുഖം മറച്ചിരിക്കുന്ന രോഹിത് ശര്‍മ. മുംബൈ ഇന്ത്യൻസിന്റെ പെരുമയ്ക്കെല്ലാം അധാരം അയാളുടെ നായകമികവായിരുന്നു.

മുംബൈക്ക് തിരിച്ചടിയാകുന്നത് അഞ്ച് കിരീടങ്ങളുടെ ഭാരമാണോ, അതോ ഹാര്‍ദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലെ പോരായ്മകളോ. പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് ഹാര്‍ദിക്കിനെ മാത്രമാണോ.

ഹാര്‍ദിക്ക് എന്ന നായകൻ. ഐപിഎല്ലിന്റെ ചരിത്രത്തിലേ തന്നെ ഏറ്റവും സെൻസേഷണലായ ട്രേ‍ഡ്. മുംബൈയിലേക്കുള്ള ഹാര്‍ദിക്കിന്റെ 2024 ലെ തിരിച്ചുവരവ്. തലമുറമാറ്റത്തിന്റെ കാറ്റിനൊപ്പം സഞ്ചരിക്കാൻ മറ്റാരേക്കാള്‍ മുൻപ് മുംബൈ തീരുമാനിച്ചപ്പോള്‍ രോഹിതിന് നായകസ്ഥാനം നഷ്ടമായി.

ഹാര്‍ദിക്ക് ആ കസേര ഉറപ്പിച്ചതിന് വ്യക്തമായ കാരണമുണ്ടായിരുന്നു. ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായ ആദ്യ സീസണില്‍ തന്നെ കിരീടം, തൊട്ടടുത്ത എഡിഷനില്‍ ഫൈനലിലും. മറുവശത്ത് മുംബൈയാകട്ടെ മൂന്ന് വര്‍ഷമായിരുന്നു ഫൈനലിലെത്തിയിട്ട്.

ഗുജറാത്തായിരുന്നില്ല മുംബൈ. ഐപിഎല്ലിലെ ഏറ്റവും സക്‌സസ്‌ഫുള്ളായ ഫ്രാഞ്ചൈസികളിലൊന്ന്. മാനേജ്മെന്റിന്റെയും ആരാധകരുടേയും പ്രതീക്ഷകള്‍, താരസമ്പന്നമായ ഡ്രെസിങ് റൂം. ഇവയെല്ലാം ബാലൻസ് ചെയ്തേ മതിയാകു ആ രസക്കൂട്ടൊരുക്കാൻ.

രണ്ടര സീസണിനൊടുവില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഹാര്‍ദിക്കിന് അത് സാധിച്ചിട്ടില്ല എന്ന് വേണം കരുതാൻ. നയിച്ച 36 മത്സരങ്ങളില്‍ 21 എണ്ണവും പരാജയപ്പെട്ടു. അഞ്ച് മത്സരങ്ങളിലധികം മുംബൈയെ നയിച്ചവരില്‍ വിജയങ്ങളേക്കാള്‍ തോല്‍വിയുള്ള ഏക നായകൻ.

മൈതാനങ്ങളിലെ തീരുമാനങ്ങളൊന്നും ഹാര്‍ദിക്കെന്ന നായകന്റെ ഗ്രാഫ് ഉയര്‍ത്തുന്നതുമായിരുന്നില്ല. ഏറ്റവും ഒടുവിലായി ഹൈദരാബാദിനെതിരെ ഇംപാക്റ്റ് സബ്ബായി എത്തിയ ശാര്‍ദൂല്‍ താക്കൂര്‍. താരത്തിന് ഒരു ഓവര്‍ പോലും നല്‍കാൻ ഹാര്‍ദിക്ക് തയാറായില്ല. അങ്ങനെ ഈ സീസണില്‍ തന്നെ ചൂണ്ടിക്കാണിക്കാൻ ഉദാഹരണങ്ങള്‍ ഏറെയാണ്.

നായകനെന്ന നിലയില്‍ മാത്രമല്ല താരമായും ഹാര്‍ദിക്കിന് മുംബൈക്കായി തിളങ്ങാനാകുന്നില്ല. ഗുജറാത്തിനായി 38 ശരാശരിയില്‍ ബാറ്റ് ചെയ്തിരുന്ന ഹാര്‍ദിക്ക് മുംബൈയിലെത്തിയപ്പോള്‍ അത് 20 ആയി ചുരുങ്ങി. സ്ട്രൈക്ക് റേറ്റിലും കാര്യമായ ഇടിവ് സംഭവിക്കുകയും ചെയ്തു. ഈ സീസണില്‍ 128 റണ്‍സും നാല് വിക്കറ്റും മാത്രം. ഇന്ത്യയുടെ പ്രീമിയം ഓള്‍ റൗണ്ടറുടെ എക്കോണമി 13ന് അടുത്തുമാണ്. ഈ സീസണില്‍ പ്ലേ ഓഫിലേക്ക് എത്തുക എത്ര എളുപ്പമല്, ഹാര്‍ദിക്കിനപ്പുറം മറ്റൊരു നായകനെ മുംബൈ മാനേജ്മെന്റ് പരിഗണിക്കുമോയെന്നത് കാത്തിരുന്ന് കാണണം.

അങ്ങനെ ഒരാളെ കണ്ടെത്തുകയും എളുപ്പമല്ല. അല്ലെങ്കില്‍ രോഹിത് ശര്‍മയിലേക്ക് മടങ്ങിപ്പോകണം. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ പോലും സൂര്യകുമാറിനായിരുന്നു നായകപദവി മാനേജ്മെന്റ് കൈമാറിയിരുന്നത്. എന്നാല്‍, സൂര്യകുമാറിന്റെ സ്ഥിതി ഹാര്‍ദിക്കിനേക്കാള്‍ പരുങ്ങലിലാണ്, ലോകകപ്പ് നേടിത്തന്ന നായകനാണെങ്കിലും വ്യക്തിഗതമായി സൂര്യയുടെ പ്രകടനങ്ങളില്‍ വലിയ ഇടിവാണ് സമീപകാലത്ത് സംഭവിച്ചത്.

മുംബൈയുടെ ബാറ്റിങ് നിരയില്‍ നിന്ന് വലിയ ആശങ്കയായി ഹാര്‍ദിക്കിനൊപ്പം സൂര്യ മാത്രമാണിന്നുള്ളത്. തന്റെ പ്രതാപകാലം പിന്നിട്ടിരിക്കുന്നുവെന്ന് ഓരോ മത്സരം കഴിയുമ്പോഴും സൂര്യയുടെ ബാറ്റ് പറയാതെ പറയുകയാണ്. ഒരേ പാറ്റേണില്‍ പുറത്താകുന്ന താരം. ഷോട്ട് സെലക്ഷനില്‍ തിരുത്താൻ തയാറാകാതെയുള്ള സമീപനവും തിരിച്ചടിയാകുന്നു.

പക്ഷേ, ബൗളിങ്ങില്‍ തിരിച്ചാണ്. ഗസൻഫാറാണ് സ്ഥിരതയോടെ വിക്കറ്റെടുക്കുന്ന ഏക താരം. അതിനപ്പുറം ചൂണ്ടിക്കാണിക്കാൻ മറ്റൊരു പേരില്ല, ബുമ്ര പോലും. സീസണില്‍ ഇതുവരെ 22 താരങ്ങളെയാണ് മുംബൈ പരീക്ഷിച്ചത്. മറ്റൊരു ടീമും ഇത്രയധികം പരീക്ഷണം നടത്തിയിട്ടില്ല. എട്ട് മത്സരങ്ങള്‍ പിന്നിടുമ്പോഴും കൃത്യമായൊരു കോമ്പിനേഷൻ കണ്ടെത്താൻ മുംബൈക്ക് സാധിച്ചിട്ടില്ലെന്ന് തെളിയാൻ ഇതില്‍പ്പരം വലിയ ഉദാഹരണം ഇല്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പ്രതീക്ഷകൾ അസ്തമിക്കുന്നുവോ, റൺമല തീർത്തിട്ടും ആറാം തോൽവി, ഹൈദരബാദിനെതിരെ ആറ് വിക്കറ്റിന്റെ തോൽവിയോടെ മുംബൈ
റയാന്‍ റിക്കിള്‍ട്ടണ് ചരിത്ര സെഞ്ചുറി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍