
ഹൈദരാബാദ്: ഐപിഎല്ലില്‍ പോയിന്‍റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 256 റണ്‍സ് വിജയലക്ഷ്യം. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 255 റണ്‍സെടുത്തു. സണ്‍റൈസേഴ്‌സിനായി അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ഹെന്‍റിച്ച് ക്ലാസന്‍ എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി. 79 റണ്‍സ് നേടിയ കിഷനാണ് ടോപ് സ്കോര്‍.
പതിവുപോലെ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തുടക്കത്തിലെ തകര്‍ത്തടിച്ചു. നാലാം ഓവറിലെ അവസാന പന്തില്‍ ഹെഡിനെ റാസിക് സാലാം ദാര്‍ ബൗള്‍ഡാക്കുമ്പോള്‍ താരത്തിന് 16 പന്തില്‍ 26 റണ്‍സുണ്ടായിരുന്നു. പവര്‍പ്ലേയില്‍ ടീം സ്കോര്‍ 63-1. അഭിഷേക് ശര്‍മ്മയാവട്ടെ നേരിട്ട 20-ാം പന്തില്‍ സിക്‌സറോടെ ഫിഫ്റ്റി തികച്ചു. എന്നാല്‍ 9-ാം ഓവറിലെ രണ്ടാം പന്തില്‍ അഭിഷേകിനെ സുയാഷ് ശര്‍മ്മ പറഞ്ഞയച്ചു. 22 പന്തുകളില്‍ നാല് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 56 റണ്‍സായിരുന്നു അഭിഷേക് ശര്‍മ്മയുടെ സമ്പാദ്യം.
മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇഷാന്‍ കിഷനും ഹെന്‍റിച്ച് ക്ലാസനും 13-ാം ഓവറില്‍ സണ്‍റൈസേഴ്‌സിനെ 150 കടത്തി. ഈ ഓവറില്‍ 27 റണ്‍സാണ് ജോഷ് ഹേസല്‍വുഡിനെതിരെ നേടിയത്. ഇരുവരും തകര്‍ത്തടി തുടര്‍ന്നതോടെ ടീം 16-ാം ഓവറില്‍ 200 കടന്നു. സീസണിലെ ആറാം ഫിഫ്റ്റിയിലെത്തിയ ക്ലാസനെ തൊട്ടടുത്ത ഓവറില്‍ ക്രുനാല്‍ പാണ്ഡ്യ പുറത്താക്കുമ്പോള്‍ 24 പന്തുകളില്‍ 51 റണ്‍സുണ്ടായിരുന്നു. ക്ലാസന്‍ രണ്ട് ഫോറും അഞ്ച് സിക്‌സും നേടി. ക്രീസില്‍ വന്നയുടന്‍ രണ്ട് സിക്‌സറുകള്‍ പായിച്ച് തുടങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡിക്കൊപ്പം ഇഷാന്‍ കിഷന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍ ഉറപ്പിച്ചു. ഇഷാന്‍ കിഷന്‍ 46 പന്തില്‍ 79 റണ്‍സുമായി ഇന്നിംഗ്‌സിലെ അവസാന ബോളില്‍ മടങ്ങി. നിതീഷ് കുമാര്‍ റെഡ്ഡി 12 പന്തില്‍ 29* റണ്‍സുമായി പുറത്താവാതെ നിന്നു.
പ്ലേയിംഗ് ഇലവനുകള്‍
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോലി, ദേവ്‌ദത്ത് പടിക്കല്‍ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, റൊമാരിയോ ഷെഫേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ്മ, റാസിഖ് സലാം ദാർ.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‍റിച്ച് ക്ലാസന്‍, സലില്‍ അറോറ, സ്‌മാരന്‍ രവിചന്ദ്രന്‍, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ശിവാങ് കുമാര്‍, ഇഷാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!