
ഹൈദരാബാദ്: ഐപിഎല്‍ 2026 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടേബിള്‍ ടോപ്പേഴ്‌സ്. നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 55 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയെങ്കിലും പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയായിരുന്നു നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബി. 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് 20 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 200 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. സ്കോര്‍: സണ്‍റൈസേഴ്‌സ് 255-4(20), ബെംഗളൂരു 200-4(20). പോയിന്‍റ് പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നും സ്ഥാനങ്ങളില്‍ തുടരും. ഈ മൂന്ന് ടീമുകളും ഇതിനകം പ്ലേ ഓഫിലെത്തിയവരാണ്. പ്ലേ ഓഫിലെ നാലാം ടീമാകാന്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് പോരാട്ടം അവശേഷിക്കുന്നത്.
സണ്‍റൈസേഴ്‌സ് നിര്‍ത്തിയിടത്തുനിന്ന് വെടിക്കെട്ട് തുടങ്ങുകയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വെങ്കടേഷ് അയ്യര്‍- വിരാട് കോലി ഓപ്പണിംഗ് സഖ്യം 4.3 ഓവറില്‍ ചേര്‍ത്തത് 60 റണ്‍സ്. 19 പന്തുകളില്‍ നാല് വീതം ഫോറുകളും സിക്‌സറുകളുമായി അയ്യര്‍ 44 റണ്‍സെടുത്ത് ഇഷാന്‍ മലിംഗയുടെ പന്തില്‍ വീണു. നേരിട്ട ആദ്യ പന്ത് ഗാലറിയിലെത്തിച്ച് വണ്‍ഡൗണ്‍ ബാറ്റര്‍ ദേവ്‌ദത്ത് പടിക്കല്‍ തുടങ്ങിയെങ്കിലും പിന്നീട് ആര്‍സിബി പ്രതിരോധത്തിലായി. പവര്‍പ്ലേയ്‌ക്കിടയില്‍ തന്നെ വിരാട് കോലിയെ സാക്കിബ് ഹുസൈന്‍ പുറത്താക്കി. കോലി നേടിയത് 11 പന്തുകളില്‍ 15 റണ്‍സ്. 14 പന്തില്‍ 21 റണ്‍സെടുത്ത പടിക്കലിന്‍റെ പേരാട്ടവും അധികം നീണ്ടില്ല. മലിംഗയ്ക്കായിരുന്നു വിക്കറ്റ്. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ സ്കോര്‍ 100-3.
ഇതിന് ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ക്യാപ്റ്റന്‍ രജത് പാടിദാറും ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയും ടീമിനെ 150 കടത്തിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. തോല്‍വിയുടെ ഭാരം കുറയ്‌ക്കുക മാത്രമായി ഇവരുടെ മനസില്‍. മാത്യു ഹെഡ് എറിഞ്ഞ 19-ാം ഓവറില്‍ പാടിദാര്‍ (39 പന്തില്‍ 56) പുറത്താവുകയും ചെയ്‌തു. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ ക്രുനാല്‍ പാണ്ഡ്യയും (31 പന്തില്‍ 41*), ടിം ഡേവിഡും (7 പന്തില്‍ 15*) പുറത്താവാതെ നിന്നു.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും തകര്‍ത്തടിച്ചാണ് തുടങ്ങിയത്. നാലാം ഓവറിലെ അവസാന പന്തില്‍ ഹെഡിനെ റാസിക് സാലാം ദാര്‍ ബൗള്‍ഡാക്കുമ്പോള്‍ താരത്തിന് 16 പന്തില്‍ 26 റണ്‍സുണ്ടായിരുന്നു. പവര്‍പ്ലേയില്‍ ടീം സ്കോര്‍ 63-1. അഭിഷേക് ശര്‍മ്മയാവട്ടെ നേരിട്ട 20-ാം പന്തില്‍ സിക്‌സറോടെ ഫിഫ്റ്റി തികച്ചു. എന്നാല്‍ 9-ാം ഓവറിലെ രണ്ടാം പന്തില്‍ അഭിഷേകിനെ സുയാഷ് ശര്‍മ്മ പറഞ്ഞയച്ചു. 22 പന്തുകളില്‍ നാല് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 56 റണ്‍സായിരുന്നു അഭിഷേക് ശര്‍മ്മയുടെ സമ്പാദ്യം.
മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇഷാന്‍ കിഷനും ഹെന്‍റിച്ച് ക്ലാസനും 13-ാം ഓവറില്‍ സണ്‍റൈസേഴ്‌സിനെ 150 കടത്തി. ഈ ഓവറില്‍ 27 റണ്‍സാണ് ജോഷ് ഹേസല്‍വുഡിനെതിരെ നേടിയത്. ഇരുവരും തകര്‍ത്തടി തുടര്‍ന്നതോടെ ടീം 16-ാം ഓവറില്‍ 200 കടന്നു. സീസണിലെ ആറാം ഫിഫ്റ്റിയിലെത്തിയ ക്ലാസനെ തൊട്ടടുത്ത ഓവറില്‍ ക്രുനാല്‍ പാണ്ഡ്യ പുറത്താക്കുമ്പോള്‍ 24 പന്തുകളില്‍ 51 റണ്‍സുണ്ടായിരുന്നു. ക്ലാസന്‍ രണ്ട് ഫോറും അഞ്ച് സിക്‌സും പറത്തി. ക്രീസില്‍ വന്നയുടന്‍ രണ്ട് സിക്‌സറുകള്‍ പായിച്ച് തുടങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡിക്കൊപ്പം ഇഷാന്‍ കിഷന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍ ഉറപ്പിച്ചു. ഇഷാന്‍ കിഷന്‍ 46 പന്തില്‍ 79 റണ്‍സുമായി ഇന്നിംഗ്‌സിലെ അവസാന ബോളില്‍ മടങ്ങി. നിതീഷ് കുമാര്‍ റെഡ്ഡി 12 പന്തില്‍ 29* റണ്‍സുമായി പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!