ഐപിഎല്‍: തകര്‍ത്തടിച്ച സാള്‍ട്ടിനെ മടക്കിയ ധോണി മാജിക്ക്, ചെന്നൈക്കെതിരെ ആര്‍സിബിക്ക് ഭേദപ്പെട്ട തുടക്കം

Published : Mar 28, 2025, 08:03 PM ISTUpdated : Mar 28, 2025, 08:05 PM IST
ഐപിഎല്‍: തകര്‍ത്തടിച്ച സാള്‍ട്ടിനെ മടക്കിയ ധോണി മാജിക്ക്, ചെന്നൈക്കെതിരെ ആര്‍സിബിക്ക് ഭേദപ്പെട്ട തുടക്കം

Synopsis

ടൈമിംഗ് കണ്ടെത്താന്‍ പാടുപെട്ട വിരാട് കോലി തപ്പിത്തടഞ്ഞപ്പോള്‍ സാള്‍ട്ടായിരുന്നു ആര്‍സിബിക്കായി പവര്‍ കാട്ടിയത്.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്  ഭേദപ്പെട്ട തുടക്കം. ചെന്നൈക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആര്‍സിബി ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെന്ന നിലയിലാണ് 16 പന്തില്‍ 32 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടിന്‍റെ വിക്കറ്റാണ് ആര്‍സിബിക്ക് നഷ്ടമായത്. 15 പന്തില്‍ 11 റണ്‍സുമായി വിരാട് കോലിയും മൂന്ന് പന്തില്‍ എട്ട് റൺസുമായി ദേവ്ദത്ത് പടിക്കലും ക്രീസില്‍.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ആര്‍സിബിക്ക് സാള്‍ട്ട് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഖലീല്‍ അഹമ്മദ് എറിഞ്ഞ പവര്‍പ്ലേയിലെ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം സാള്‍ട്ട്  ഒമ്പത് റണ്‍സടിച്ചു. അശ്വിന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ വെടിക്കെട്ട് തുടര്‍ന്ന സാള്‍ട്ട് രണ്ട് ഫോറും ഒരു സിക്സും അടക്കം 16 റണ്‍സടിച്ച് തുടക്കം ഗംഭീരമാക്കി. പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങിയ ഖലീല്‍ അഹമ്മദ് ആര്‍സിബിയെ പിടിച്ചുകെട്ടി.

'ചെന്നൈ ടീം അംഗങ്ങള്‍ അത് പരസ്യമായി പറയില്ല, പക്ഷെ രഹസ്യമായി സമ്മതിക്കും', തുറന്നു പറഞ്ഞ് അംബാട്ടി റായുഡു

ടൈമിംഗ് കണ്ടെത്താന്‍ പാടുപെട്ട വിരാട് കോലി തപ്പിത്തടഞ്ഞപ്പോള്‍ സാള്‍ട്ടായിരുന്നു ആര്‍സിബിക്കായി പവര്‍ കാട്ടിയത്. സാം കറനെറിഞ്ഞ നാലാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമെ ആര്‍സിബിക്ക് അടിക്കാനായുള്ളു. ഓവറിലെ അഞ്ച് പന്തും നേരിട്ടത് കോലിയായിരുന്നു. നൂര്‍ അഹമ്മദ് എറിഞ്ഞ പവര്‍ പ്ലേയിലെ അഞ്ചാം ഓവറിലെ അവസാന പന്തില്‍ സാള്‍ട്ടിനെ ധോണി മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയത് ആര്‍സിബിക്ക് കനത്ത പ്രഹരമായി. സാം കറനെറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ സിക്സ് പറത്തിയ ദേവ്ദത്ത് പടിക്കല്‍ ആര്‍സിബിയെ 56 റണ്‍സിലെത്തിച്ചു.

നേരത്തെ ആര്‍സിബിക്കെതിരെ ടോസ് നേടിയ ചെന്നൈ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം കളിച്ച നഥാന്‍ എല്ലിസിന് പകരം മതീഷ പതിരാന ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. പരിക്കുമൂലം പതിരാന ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. ഇന്നും പതിരാന പുറത്തിരിക്കേണ്ടിവരുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യ മത്സരം ജയിച്ച ടീമില്‍ ആര്‍സിബിയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റാസിക് സലാമിന് പകരം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി.  2008നുശേഷം ചെപ്പോക്കില്‍ ആദ്യ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തേടുന്നത്.

ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഐപിഎല്ലില്‍ ആദ്യ മത്സരങ്ങളില്‍ ജയിച്ചാണ് ചെന്നൈയും ആര്‍സിബിയും ഇറങ്ങുന്നത്. ചെന്നൈ ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചപ്പോള്‍ ആര്‍സിബി ആദ്യ മത്സരത്തില്‍ നിലിവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചിരുന്നു.

ആര്‍സിബിക്കെതിരായ മത്സരത്തിനുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയിംഗ് ഇലവന്‍: രാഹുൽ ത്രിപാഠി, രച്ചിൻ രവീന്ദ്ര, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറൻ, എംഎസ് ധോണി, രവിചന്ദ്രൻ അശ്വിൻ, മതീഷ പതിരാന, നൂർ അഹമ്മദ്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആര്‍സിബിയുടെ പ്ലേയിംഗ് ഇലവന്‍: വിരാട് കോഹ്‌ലി, ഫിലിപ്പ് സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പട്ടീദാർ (സി), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ (ഡബ്ല്യു), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വര് കുമാർ, ജോഷ് ഹാസിൽവുഡ്, യാഷ് ദയാൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്