അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ എന്തിന് ടീമിലെടുത്തു; മറുപടിയുമായി ജയവര്‍ധനെ

By Web TeamFirst Published Feb 19, 2021, 1:53 PM IST
Highlights

അര്‍ജുനെ സ്വന്തമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുന്നു മുഖ്യ പരിശീലകന്‍ മഹേള ജയവര്‍ധനെ. 

ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ ഇതിഹാസ ബാറ്റ്സ്‌മാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുനെ സ്വന്തമാക്കിയിരുന്നു മുംബൈ ഇന്ത്യന്‍സ്. ചെന്നൈയില്‍ ഇന്നലെ നടന്ന ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് അര്‍ജുനെ ടീമിലെടുത്തത്. അര്‍ജുനെ സ്വന്തമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകന്‍ മഹേള ജയവര്‍ധനെ. 

'കഴിവിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് അര്‍ജുനെ പരിഗണിച്ചത്. സച്ചിന്‍റെ മകനെന്ന നിലയില്‍ വലിയൊരു ടാഗ് അയാളുടെ തലയ്‌ക്ക് മുകളിലുണ്ട്. എന്നാല്‍ ഭാഗ്യം കൊണ്ട് ബാറ്റ്സ്‌മാനല്ല, ബൗളറാണ് അര്‍ജുന്‍. അതിനാല്‍ അര്‍ജുനെ പോലെ പന്തെറിയാന്‍ കഴിഞ്ഞാല്‍ സച്ചിന് വളരെ അഭിമാനമാകും എന്ന് തോന്നുന്നു. അര്‍ജന്‍ കാര്യങ്ങള്‍ പഠിച്ചുവരികയാണ്. അര്‍ജുന്‍ മുംബൈക്കായി കളിച്ച് തുടങ്ങിയിട്ടേയുള്ളൂ, ഇപ്പോള്‍ ഫ്രാഞ്ചൈസിക്കായും. യുവതാരമായ അവന് അതിരുകള്‍ ഭേദിക്കാനാകും' എന്നാണ് ജയവര്‍ധനെയുടെ പ്രതികരണം. 

'നെറ്റ്‌സില്‍ അര്‍ജുനൊപ്പം ഏറെ സമയം ചിലവഴിച്ചിട്ടുണ്ട്. ചില പാഠങ്ങളൊക്കെ പഠിപ്പിക്കാന്‍ ശ്രമിച്ചു. കഠിനാധ്വാനിയായ കുട്ടിയാണവന്‍. കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതില്‍ ശ്രദ്ധയുള്ളവന്‍. അത് ആവേശം നല്‍കുന്ന കാര്യമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനെന്ന നിലയിലുള്ള അധിക സമ്മര്‍ദം എപ്പോഴുമുണ്ടാകും. അതുമായി പൊരുത്തപ്പെട്ടേ മതിയാകൂ, ടീമിലെ സാഹചര്യം തുണയാകും' എന്നും മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ സഹീര്‍ ഖാന്‍ പറഞ്ഞു. 

മറ്റ് ടീമുകളൊന്നും താൽപര്യം കാണിക്കാതിരുന്ന അ‍‍‍ർജുനെ അവസാന റൗണ്ടിലാണ് മുംബൈ ഇന്ത്യന്‍സ് ടീമിൽ എത്തിച്ചത്. ഇരുപത്തിയൊന്ന് വയസുകാരനായ അര്‍ജുന്‍ ഇടംകൈയന്‍ മീഡിയം പേസറാണ്. കഴിഞ്ഞ മാസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ അര്‍ജുന്‍ മുംബൈ സീനിയര്‍ ടീമില്‍ അരങ്ങേറിയിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ നെറ്റ് ബൗളറായി മുംബൈക്കൊപ്പമുണ്ടായിരുന്നു അര്‍ജുന്‍. 

ഐപിഎല്‍ അരങ്ങേറ്റത്തിനൊരുങ്ങി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; അതും മുംബൈ ഇന്ത്യന്‍സിലൂടെ
 


 

click me!