
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന്‍റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെയും രാജസ്ഥാൻ റോയൽസിനെയും പിടിച്ചുലച്ച് പുതിയ വിവാദം. 15 വയസുകാരനായ ഇടങ്കയ്യൻ ഓപ്പണറെ ഐപിഎൽ പോലൊരു വാണിജ്യ ലീഗിൽ പങ്കെടുപ്പിക്കുന്നത് 'ബാലവേല'യാണെന്ന് ആരോപിച്ചാണ് കർണാടക സ്വദേശിയായ സാമൂഹിക പ്രവർത്തകൻ സി.എം. ശിവകുമാർ നായക് രംഗത്തെത്തി. വൈഭവിനെ ഐപിഎല്ലില്‍ കളിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശിവകുമാർ കന്നഡ വാർത്താ ചാനലിൽ നടന്ന ചർച്ചയ്ക്കിടെ പ്രഖ്യാപിച്ചു.
വൈഭവ് സൂര്യവംശിയെ രാജസ്ഥാൻ റോയൽസ് ചൂഷണം ചെയ്യുകയാണ്. 15 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ പ്രൊഫഷണൽ ക്രിക്കറ്റിന്‍റെ സമ്മർദ്ദത്തിലേക്ക് വലിച്ചെറിയുന്നത് ബാലവേലയാണ്. ഈ പ്രായത്തിൽ അവൻ സ്‌കൂളിൽ പോകുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് വേണ്ടത്. ബാലാവകാശ നിയമങ്ങൾ ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്‍റിനെതിരെ പോലീസിൽ പരാതി നൽകുമെന്നും ശിവകുമാർ വ്യക്തമാക്കി.
രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാനുള്ള കുറഞ്ഞ പ്രായപരിധി ഐസിസി നിശ്ചയിച്ചിരിക്കുന്നത് 15 വയസാണ്. നിലവിൽ വൈഭവിന് 15 വയസ്സ് പൂർത്തിയായതിനാൽ ഐസിസി മാനദണ്ഡപ്രകാരം താരത്തിന് കളിക്കുന്നതിൽ തടസ്സമില്ല. തന്‍റെ 14-ാം വയസ്സിൽ വൈഭവ് അണ്ടർ-19 ലോകകപ്പ് കളിച്ചത് നിയമവിരുദ്ധമാണെന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ, അസാധാരണ പ്രതിഭയുള്ള താരങ്ങൾക്ക് 15 വയസ്സിന് മുൻപും രാജ്യാന്തര മത്സരങ്ങളിൽ കളിക്കാൻ ഐസിസി പ്രത്യേക അനുമതി നൽകാറുണ്ട്. ഇതനുസരിച്ചാണ് വൈഭവ് അന്ന് ഇന്ത്യക്കായി കളിച്ചത്.
ബിസിസിഐയുടെ പുതിയ നിയമപ്രകാരം, അണ്ടർ-19 താരങ്ങൾ ഐപിഎല്ലിൽ കളിക്കണമെങ്കിൽ അവർ കുറഞ്ഞത് ഒരു ഫസ്റ്റ് ക്ലാസ് മത്സരമെങ്കിലും കളിച്ചിരിക്കണം. വൈഭവ് സൂര്യവംശിയുടെ കാര്യത്തിൽ ഈ നിബന്ധനയിൽ ഒരു പിഴവുമില്ല. വെറും 12-ാം വയസിൽ ബിഹാറിനായി മുംബൈയ്ക്കെതിരെ രഞ്ജി ട്രോഫി കളിച്ചാണ് വൈഭവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.
ക്രിക്കറ്റ് ഭരണസമിതികളുടെ നിയമങ്ങൾ വൈഭവിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, രാജ്യത്തെ പൊതുവായ 'ബാലവേല നിരോധന നിയമങ്ങൾ' ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ നീങ്ങുന്നത്. കായിക മേഖലയെ ഈ നിയമത്തിന്‍റെ പരിധിയിൽ നിന്ന് മുൻപ് പലപ്പോഴും കോടതികൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, കോടികൾ മറിയുന്ന ഐപിഎൽ കരാറുകൾ ഇതിൽ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!