
ദില്ലി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിനെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയെ പ്രശംസ കൊണ്ട് മൂടി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഡൽഹിയിലെ വെല്ലുവിളി നിറഞ്ഞ പിച്ചിൽ മറ്റു ബാറ്റ്‌സ്മാൻമാർ റൺസ് കണ്ടെത്താൻ പാടുപെട്ടപ്പോൾ, സഞ്ജു ബാറ്റിംഗിനെ ഒരു 'കല'യാക്കി മാറ്റിയെന്ന് തിവാരി പറഞ്ഞു.
സഞ്ജു സാംസൺ ഡല്‍ഹിക്കെതിരെ കാഴ്ചവെച്ചത് വെറുമൊരു ബാറ്റിംഗല്ല, മറിച്ച് അതൊരു കലയായിരുന്നു. കണ്ണിന് കുളിർമയേകുന്ന കവിത പോലെ സുന്ദരം. ഡൽഹി താരങ്ങൾ പിച്ചിൽ താളം കണ്ടെത്താൻ കഴിയാതെ ഉഴറുകയായിരുന്നു. എന്നാൽ സഞ്ജു ബാറ്റ് ചെയ്തപ്പോൾ തോന്നിയത് അദ്ദേഹം സമ്മർദ്ദത്തെ ഒരു പ്രഷർ കുക്കറിലിട്ട് വിസിൽ അടിപ്പിച്ചു എന്നാണ്. എല്ലാവരും പ്രതിസന്ധിയിലായ പിച്ചിൽ സഞ്ജു മറ്റൊരു തലത്തിലാണ് ബാറ്റ് ചെയ്തതെന്നും മനോജ് തിവാരി പറഞ്ഞു.
സഞ്ജുവിന്‍റെ തന്ത്രപരമായ ബാറ്റിംഗിനെ മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്കും അഭിനന്ദിച്ചു. സഞ്ജുവിന്‍റെ ശാന്തത ഡൽഹി ബൗളർമാരെ സമ്മർദ്ദത്തിലാക്കിയെന്ന് കാർത്തിക് നിരീക്ഷിച്ചു. സഞ്ജു അക്രമിച്ച് കളിക്കുമെന്ന് കരുതിയാണ് ഡൽഹി ബൗളർമാർ പന്തെറിഞ്ഞത്. എന്നാൽ സഞ്ജു വളരെ പക്വതയോടെയും ശാന്തനായും നിലയുറപ്പിച്ചു. ശാന്തനായി കാണപ്പെടുന്ന ഒരാളെ ഒരിക്കലും പ്രകോപിപ്പിക്കാൻ നിൽക്കരുത്. കാരണം അയാൾ ആളിക്കത്തിയാൽ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സഞ്ജുവിന്റെ ഷോട്ട് സെലക്ഷൻ അത്രമേൽ കൃത്യമായിരുന്നു-കാർത്തിക് വ്യക്തമാക്കി.
ഈ സീസണിൽ 400 റൺസ് കടക്കുന്ന അഞ്ചാമത്തെ താരം എന്ന നേട്ടം സഞ്ജു ഇന്നലെ സ്വന്തമാക്കിയിരുന്നു. സിഎസ്‌കെയിൽ തന്‍റെ ആദ്യ സീസൺ അവിസ്മരണീയമാക്കുന്ന സഞ്ജു, 57.42 ശരാശരിയിലും 167.52 സ്ട്രൈക്ക് റേറ്റിലുമാണ് ബാറ്റ് വീശുന്നത്. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ സഞ്ജുവിന്‍റെ സമീപകാലത്തെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. ഇവിടെ കളിച്ച അവസാന ആറ് മത്സരങ്ങളിൽ നിന്ന് 83.75 ശരാശരിയിൽ 335 റൺസാണ് താരം അടിച്ചുകൂട്ടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!