
ചെന്നൈ: ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിന് മണിക്കൂറുകള്‍ ബാക്കിയിരിക്കെ ആരാധകരെ നിരാശരാക്കി ചെന്നൈയില്‍ മഴയുടെ കളി. നാളെ ഞായറാഴ്ച നടക്കുന്ന ഫൈനലിന് മുന്നോടിയായി ഇന്ന് വൈകിട്ടോടെ പരിശീലനം നടത്താനിരുന്ന കൊല്‍ക്കത്തയുടെ പരിശീലന സെഷന്‍ മഴമൂലം പകുതിയില്‍ ഉപേക്ഷിച്ചു. ഇന്നലെ രാജസ്ഥാനെതിരായ രണ്ടാം ക്വാളിഫയര്‍ കളിച്ചതിനാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് പരിശലനത്തിന് ഇറങ്ങിയില്ല.
വൈകിട്ട് ഫ്ലഡ് ലൈറ്റിന് കീഴില്‍ പരിശീലനം നടത്താനായി കൊല്‍ക്കത്ത താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി പതിവ് ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. ഇതോടെ കളിക്കാര്‍ ഇന്‍ഡോര്‍ പരിശീലനത്തിലേക്ക് മടങ്ങി.
ഫൈനല്‍ ദിവസമായ ഞായറാഴ്ച ചെന്നൈയില്‍ മഴ പെയ്യുമെന്ന് പ്രവചനമില്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അപ്രതീക്ഷിതമായി മഴ പെയ്യുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഫൈനല്‍ നടക്കുന്ന ഞായറാഴ്ച മഴ പെയ്യാന്‍ ഒരു ശതമാനം സാധ്യത മാത്രമാണ് അക്യുവെതര്‍ പ്രവചിക്കുന്നത്. പരമാവധി അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും പകല്‍ സമയത്ത് ഭാഗികമായി ആകാശം മേഘാവൃതമായിരിക്കുന്ന വൈകിട്ടോടെ പൂര്‍ണമായും മേഘാവൃതമാകുമെന്നും ആണ് പ്രവചനം.
ഐപിഎല്‍ കിരീടം നേടുക കൊല്‍ക്കത്തയോ ഹൈദരാബാദോ; രണ്ട് കോടി രൂപ ബെറ്റുവെച്ച് കനേഡയിന്‍ ഗായകന്‍
ഫൈനലിന് റിസര്‍വ് ദിനമുള്ളതിനാല്‍ നാളെ മഴ മുടക്കിയാലും മത്സരം മറ്റന്നാള്‍ നടക്കും. ഞായറാഴ്ച മത്സരം എവിടെവെച്ച് നിര്‍ത്തിവെക്കുന്നുവോ അവിടം മുതലായിരിക്കും മത്സരം വീണ്ടും പുനരാരാംഭിക്കുക. എന്നാല്‍ റിസര്‍വ് ദിനത്തിലേക്ക് മത്സരം മാറ്റുന്നതിന് മുമ്പ് നിശ്ചിത ദിവസം തന്നെ മത്സരം സാധ്യമാകുമോ എന്നറിയാന്‍ രണ്ട് മണിക്കൂര്‍ അധികസമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തും സാധ്യമായില്ലെങ്കില്‍ മാത്രമെ മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കു.കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ ഗുജറാത്തും ചെന്നൈയും തമ്മില്‍ നടന്ന ഐപിഎല്‍ ഫൈനല്‍ മഴമൂലം റിസര്‍വ് ദിനത്തിലാണ് പൂര്‍ത്തിയാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക