സംഗക്കാരക്ക് പുറമെ ശ്രീലങ്കന്‍ മുന്‍ നായകനായ മഹേല ജയവര്‍ധനെയയെും ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാവാനില്ലെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ഡയറക്ടറുമായ കുമാര്‍ സംഗക്കാര. പരിശീലകനാവണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും പൂര്‍ണ സമയ പരിശീലകനാവാന്‍ തനിക്ക് സമയമില്ലെന്നും സംഗക്കാര പറഞ്ഞു. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ഡയറക്ടറെന്ന നിലയില്‍ സന്തുഷ്ടനാണെന്നും ഭാവിയില്‍ എങ്ങനെ പോകുമെന്ന് നോക്കാമെന്നും സംഗക്കാര ചോദിച്ചു.

സംഗക്കാരക്ക് പുറമെ ശ്രീലങ്കന്‍ മുന്‍ നായകനായ മഹേല ജയവര്‍ധനെയയെും ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ജയവര്‍ധനയും ഇന്ത്യന്‍ കോച്ചാവുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. ഓസ്ട്രേലിയന്‍ മുന്‍ നായകനും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിംഗ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരിശീലകനായ മുന്‍ ഓസീസ് ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെയും ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഇരുവരും മൂന്ന് വര്‍ഷ കരാറില്‍ പരിശീലകനാവാന്‍ വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ലാംഗറെയും പോണ്ടിംഗിനെയും കോച്ചാവാന്‍ സമീപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ തള്ളിയിരുന്നു.

ഐപിഎല്‍ കിരീടം നേടുക കൊല്‍ക്കത്തയോ ഹൈദരാബാദോ; രണ്ട് കോടി രൂപ ബെറ്റുവെച്ച് കനേഡയിന്‍ ഗായകന്‍

കോച്ച് ആവാന്‍ റെഡിയെന്ന് ഡിവില്ലിയേഴ്സ്

അതേസമയം, ഇന്ത്യൻ ടീമിന്‍റെ പരിശീലകനാവാൻ തയ്യാറാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ നായകന്‍ എ ബി ഡിവിലിയേഴ്സ് പറഞ്ഞു. എന്നാൽ പരിശീലകനായുള്ള പരിചയക്കുറവ് തനിക്കുണ്ടെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. പരിശീലകനായി കുറച്ച് കാര്യങ്ങൾ പഠിക്കാനുണ്ട്. വർഷങ്ങളായി കളിക്കളത്തിലുള്ള തനിക്ക് കാര്യങ്ങൾ താരങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ കഴിയും. ഏറ്റെടുക്കുന്ന ഏതൊരു കാര്യവും നന്നായി ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. എന്നാൽ ബിസിസിഐയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ടോയെന്ന് ഡിവിലിയേഴ്സ് വ്യക്തമാക്കിയില്ല. 27നാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക