
മുംബൈ: ഐപിഎല്ലിൽ നോബോള്‍ പരിശോധിക്കാന്‍ മാത്രമായി പ്രത്യേക അംപയറെ നിയമിക്കും. അംപയറിംഗ് പിഴവുകള്‍ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ഐപിഎൽ ടീമുകള്‍ക്ക് വിദേശത്ത് പ്രദര്‍ശനമത്സരങ്ങള്‍ കളിക്കാനും മുംബൈയില്‍ നടന്ന ഐപിഎല്‍ ഭരണസമിതിയോഗം അനുമതി നൽകി.
അംപയറിംഗ് പിഴവുകളും നോബോള്‍ വിവാദങ്ങളും കഴിഞ്ഞ സീസണില്‍ സജീവ ചര്‍ച്ചയായിരുന്നു. മുംബൈ ഇന്ത്യന്‍സിന്‍റെ ലങ്കന്‍ ഇതിഹാസം ലസിത് മലിംഗയുടെ നോബോള്‍ അംപയര്‍ എസ് രവി വിളിക്കാതിരുന്നതില്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലി കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ നടപ്പാക്കും മുന്‍പ് നാലാം അംപയര്‍ സംവിധാനം ആഭ്യന്തര ടൂര്‍ണമെന്‍റില്‍ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.
വരുന്ന സീസണില്‍ വിദേശ താരങ്ങളുടെ ലഭ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളും മീറ്റിംഗില്‍ ചര്‍ച്ചയായി. 'പവര്‍ പ്ലേയര്‍' എന്ന ആശയം വലിയ ചര്‍ച്ചയായെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. സമയപരിമിതിമൂലം ഉടന്‍ നടപ്പാക്കേണ്ട എന്നാണ് ഭരണസമിതിയുടെ തീരുമാനം. നവംബര്‍ എട്ടിന് ആരംഭിക്കുന്ന സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ ഇത് നടപ്പാക്കാന്‍ കഴിയില്ല എന്നാണ് വിലയിരുത്തല്‍.
തല്‍ക്കാലം നോ പറഞ്ഞ പവര്‍ പ്ലേയര്‍ സംവിധാനം ഇങ്ങനെ
ഓരോ ടീമിനും ഒരു കളിക്കാരനെ മത്സരത്തിന്റെ ഏത് ഘട്ടത്തിലും സബ്സ്റ്റിറ്റ്യൂട്ട് ആയി ഗ്രൗണ്ടിലിറക്കാനാവുന്ന സംവിധാനമാണ് 'പവര്‍ പ്ലേയര്‍'. പ്ലേയിംഗ് ഇലവന് പകരം ടീമുകള്‍ 15 അംഗ സംഘത്തെ പ്രഖ്യാപിക്കുകയും പ്ലേയിംഗ് ഇലവനില്ലാത്ത ഒരു താരത്തെ മത്സരത്തിന്‍റെ ഏത് ഘട്ടത്തിലും ഗ്രൗണ്ടിലിറക്കുകയും ചെയ്യുന്നതാണ് പവര്‍ പ്ലേയര്‍. ഈ കളിക്കാരന് ഏത് ഘട്ടത്തിലും ഗ്രൗണ്ടിലിറങ്ങി പന്തെറിയാനോ ബാറ്റ് ചെയ്യാനോ കഴിയും എന്നതാണ് പ്രത്യേകത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!