- Home
- Sports
- Cricket
- 'സഞ്ജുവിനോട് കാണിച്ചത് അനീതി, പക്ഷേ ഇഷാന്‍ കിഷനെ ഇനിയും അവഗണിക്കാനാവില്ല', മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ
'സഞ്ജുവിനോട് കാണിച്ചത് അനീതി, പക്ഷേ ഇഷാന്‍ കിഷനെ ഇനിയും അവഗണിക്കാനാവില്ല', മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ
സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ഇർഫാൻ പത്താൻ പറയുമ്പോഴും, ഫോം വീണ്ടെടുത്തില്ലെങ്കിൽ ഇഷാൻ കിഷൻ ടീമിൽ ഇടംപിടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് ഇന്നത്തെ മത്സരത്തിൽ തിളങ്ങിയേ മതിയാവൂ.

സഞ്ജുവിന്‍റെ മോശം ഫോം
ന്യൂസിലൻഡിനെതിരായ പരമ്പരയിലെ സഞ്ജുവിന്‍റെ സ്കോറുകൾ (10, 6, 0, 24) ആശങ്കയുണ്ടാക്കുന്നതാണ്. ലോകകപ്പ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് ഇന്ന് റൺവേട്ട അനിവാര്യമാണ്. ഇന്നലെ രാത്രി കാര്യവട്ടത്ത് സഞ്ജു കഠിന പരിശീലനത്തിലേര്‍പ്പെട്ടിരുന്നു.
പിന്തുണയുമായി ഇർഫാൻ പത്താൻ
സഞ്ജുവിനെ ടോപ് ഓർഡറിൽ നിന്ന് മാറ്റിയത് അനീതിയാണെന്ന് മുന്‍ ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. സഞ്ജുവിന് ബാറ്റിംഗ് നിരയിൽ കൃത്യമായ സ്ഥാനവും കൂടുതൽ അവസരങ്ങളും നൽകണമെന്ന് പത്താൻ ആവശ്യപ്പെട്ടു. സഞ്ജുവിനെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറക്കി പരീക്ഷിച്ചത് താരത്തോട് കാണിച്ച 'അനീതി'യാണെന്നും പത്താന്‍ റേവ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സഞ്ജു റണ്‍സടിക്കുന്നത് കാണാന്‍ ആഗ്രഹം
സഞ്ജു റൺസ് കണ്ടെത്തുന്നത് കാണാനാണ് എനിക്ക് വ്യക്തിപരമായി ആഗ്രഹം. ഒരുപാട് കാലമായി അദ്ദേഹം കളിക്കുന്ന ടോപ് ഓർഡർ പൊസിഷൻ തന്നെ അദ്ദേഹത്തിന് നൽകണം. മുൻപ് അദ്ദേഹത്തെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് മാറ്റിയത് ഒട്ടും ശരിയായില്ലെന്നും പത്താന്‍ പറഞ്ഞു. ഏഷ്യാ കപ്പിന് ശേഷം സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് തിരികെ കൊണ്ടുവന്നത് നല്ല തീരുമാനമാണെങ്കിലും, കിട്ടുന്ന അവസരങ്ങൾ മുതലാക്കാൻ താരത്തിന് കഴിയണമെന്നും പത്താൻ കൂട്ടിച്ചേർത്തു.
ഇഷാൻ കിഷനെ ഇനിയും അവഗണിക്കാനാവില്ല
പരിക്കിൽ നിന്ന് തിരിച്ചെത്തിയ ഇഷാൻ കിഷൻ മിന്നും ഫോമിലാണ്. ഇഷാൻ തിരിച്ചെത്തുന്നതോടെ സഞ്ജുവിനെ മാറ്റി നിർത്തണമെന്ന ആവശ്യവും ശക്തമാണ്. സഞ്ജുവിന് ഇനിയും ഫോം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് പകരം ഇഷാൻ കിഷനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനം ന്യായമായിരിക്കുമെന്നും ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി. സഞ്ജു നിലവിലെ മോശം ഫോം തുടരുകയാണെങ്കിൽ ലോകകപ്പിൽ ഇഷാൻ കിഷന് മുൻതൂക്കം ലഭിച്ചേക്കുമെന്നും പത്താൻ സൂചിപ്പിച്ചു.
മധ്യനിരയിലെ വിശ്വസ്തൻ തിലക് തന്നെ
ടീമിൽ തിലക് വർമ്മയെപ്പോലുള്ള കളിക്കാരുടെ സാന്നിധ്യം ടീമില്‍ വളരെ പ്രധാനമാണെന്ന് പത്താന്‍ പറഞ്ഞു. സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ കളിക്കാനും ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാനുമുള്ള തിലകിന്‍റെ കഴിവിനെ പത്താൻ പ്രശംസിച്ചു. തിലകിന്‍റെ സാന്നിധ്യം ടീമിന് വലിയ സന്തുലനം നൽകുമെന്ന് പത്താൻ ചൂണ്ടിക്കാട്ടി. ടീമിന്‍റെ ആക്രമണ ശൈലിക്ക് കൂടുതൽ കരുത്തും വിശ്വാസ്യതയും പകരാൻ തിലകിനെപ്പോലൊരു താരത്തിന് സാധിക്കുമെന്നും പത്താൻ പറഞ്ഞു.
ഒരുങ്ങി അനന്തപുരി; നീലക്കടലാവാൻ കാര്യവട്ടം
ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യ ഇതിനോടകം സ്വന്തമാക്കിയെങ്കിലും (3-1), ലോകകപ്പിന് മുൻപുള്ള അവസാന 'ഡ്രസ്സ് റിഹേഴ്സൽ' കാണാൻ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നുറപ്പാണ്. മത്സരത്തിന്‍റെ ടിക്കറ്റുകളെല്ലാം ഇതിനോടകം വിറ്റുതീർന്നു.
ഇന്ത്യൻ ടീമില്‍ മാറ്റം ഉറപ്പ്
പരിക്കിൽ നിന്ന് മുക്തരായ ഇഷാൻ കിഷനും അക്സർ പട്ടേലും ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. പരിശീലനത്തിൽ നിന്ന് വിട്ടുനിന്ന അഭിഷേക് ശർമ്മയ്ക്ക് വിശ്രമം നൽകിയാൽ ഇഷാൻ കിഷൻ സഞ്ജുവിനൊപ്പം ഓപ്പൺ ചെയ്യാൻ ഇറങ്ങും. ബാറ്റിംഗ് കരുത്ത് പരീക്ഷിക്കാൻ ടോസ് നേടിയാൽ ഇന്ത്യ റൺസ് പിന്തുടാരാനാണ് സാധ്യത. പരമ്പര നേടിക്കഴിഞ്ഞതിനാൽ ബൗളിംഗ് നിരയിൽ പരീക്ഷണം നടത്തിയേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

