
ചെന്നൈ: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി പഞ്ചാബ് കിംഗ്‌സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരം ജയിച്ചതോടെയാണ് പഞ്ചാബ് രണ്ടാമതെത്തിയത്. 10 മത്സരങ്ങളില്‍ 13 പോയിന്റാണ് പഞ്ചാബിന്. മുന്ന് മത്സരം പരാജയപ്പെട്ടപ്പോള്‍ ആറെണ്ണത്തില്‍ ജയിച്ചു. ഒരു മത്സരം മഴയെടുത്തപ്പോള്‍ പോയിന്റ് പങ്കിടേണ്ടിവന്നു. അതേസമയം, പഞ്ചാബിനോട് തോറ്റ ചെന്നൈ ഐപിഎല്ലില്‍ നിന്ന് പുറത്തായി. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ചെന്നൈ ആദ്യ നാലിലെത്താതെ പുറത്താവുന്നത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ എട്ടിലും തോറ്റു. ജയിച്ചത് രണ്ട് മത്സരങ്ങള്‍ മാത്രം. നാല് പോയിന്റ് മാത്രമാണ് അക്കൗണ്ടില്‍.
10 മത്സരങ്ങളില്‍ ഏഴ് ജയം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 14 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ആര്‍സിബി പരാജയപ്പെട്ടത്. മുംബൈ മൂന്നാം സ്ഥാനത്തുണ്ട്. 10 മത്സരങ്ങള്‍ കളിച്ച മുംബൈ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ആറ് ജയവും നാല് തോല്‍വിയുമാണ് അക്കൗണ്ട്. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിക്കാനായാല്‍ അവര്‍ക്ക് മുംബൈക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. ഗുജറാത്ത് ടൈറ്റന്‍സാണ് നാലാം സ്ഥാനത്ത്. 9 മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്ക്. ഇത്രയും തന്നെ തന്നെ പോയിന്റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ചാം സ്ഥാനത്ത്.
10 മത്സരങ്ങളില്‍ 10 പോയിന്റുമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തയ്ക്ക് ഒമ്പത് പോയിന്റാണുള്ളത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍.
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ചെന്നൈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ചെന്നൈ, ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.2 ഓവറില്‍ 190ന് എല്ലാവരും പുറത്തായി. 47 പന്തില്‍ 88 റണ്‍സ് നേടിയ സാം കറനാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശ്രേയസ് അയ്യര്‍ (41 പന്തില്‍ 72), പ്രഭ്സിമ്രാന്‍ സിംഗ് (36 പന്തില്‍ 54) എന്നിവരുടെ ഇന്നിംഗ്സുകളാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. പ്രിയാന്‍ഷ് ആര്യ (23), ശശാങ്ക് സിംഗ് (23) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.