IPL Retention : കരിയര്‍ 10 വര്‍ഷമെങ്കിലും ബാക്കി; മുംബൈ യുവതാരത്തെ നിലനിര്‍ത്തുമെന്ന് ഇര്‍ഫാന്‍ പത്താന്‍

By Web TeamFirst Published Nov 30, 2021, 1:44 PM IST
Highlights

ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക സമര്‍പ്പിക്കേണ്ട ദിവസമാണിന്ന്

മുംബൈ: ഐപിഎല്ലില്‍(IPL) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഇഷാന്‍ കിഷനെ(Ishan Kishan) നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍(Irfan Pathan). 10 വര്‍ഷത്തെ കരിയറെങ്കിലും ഇഷാനില്‍ അവശേഷിക്കുന്നതാണ് ഇതിന് കാരണമായി ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടുന്നത്. ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക സമര്‍പ്പിക്കേണ്ട ദിവസമാണിന്ന്. 

'മുംബൈ നിലനിര്‍ത്തുന്ന ആദ്യ താരം നായകന്‍ രോഹിത് ശര്‍മ്മയായിരിക്കും. രണ്ടാമത് ജസ്‌പ്രീത് ബുമ്രയും മൂന്നാമത് കീറോണ്‍ പൊള്ളാര്‍ഡും. നാലാമന്‍ ഇഷാന്‍ കിഷനായിരിക്കും എന്ന് എനിക്കുറപ്പാണ്. 23 വയസ് മാത്രമാണ് ഇഷാനുള്ളത്. എന്താണ് മൈതാനത്ത് ചെയ്യാന്‍ കഴിയുകയെന്ന് അദേഹം കാട്ടിയിട്ടുണ്ട്. പന്ത് കൃത്യമായി ഹിറ്റ് ചെയ്യാന്‍ കിഷനാകും. ടോപ് ഓര്‍ഡറില്‍ ഒരു ഇടംകൈയന്‍ ബാറ്റ്സ്‌മാനെ ലഭിക്കും എന്നതിനാല്‍ തീര്‍ച്ചയായും ഇഷാനെ നിലനിര്‍ത്താം. 10 വര്‍ഷത്തെ മികച്ച ക്രിക്കറ്റ് കരിയറെങ്കിലും ഇഷാനില്‍ അവശേഷിക്കുന്നതായും' ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. 

2018ലാണ് ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഭാഗമാകുന്നത്. 2020 സീസണില്‍ 14 മത്സരങ്ങളില്‍ 516 റണ്‍സ് അടിച്ചുകൂട്ടി ശ്രദ്ധ നേടി. ഇക്കഴിഞ്ഞ സീസണില്‍ അവസാന മത്സരങ്ങളില്‍ ഫോമിലേക്കെത്തിയ താരം 10 മത്സരങ്ങളില്‍ 241 റണ്‍സാണ് നേടിയത്. 

താരങ്ങളെ ഇന്നറിയാം 

ഐപിഎല്‍ 2022ന് മുന്നോടിയായുള്ള മെഗാ താരലേലത്തിന് ഒരുക്കമായി ഓരോ ടീമുകളും നിലനിർത്തുന്ന താരങ്ങളെ ഇന്നറിയാം. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര എന്നിവരെ നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. ഓരോ ടീമുകൾക്കും പരമാവധി നാല് താരങ്ങളെ നിലനിർത്താനാണ് അനുമതിയുള്ളത്.

അടുത്ത സീസൺ മുതൽ ഐപിഎല്ലിൽ പത്ത് ടീമുകളുണ്ട്. മെഗാ താരലേലലത്തിൽ ഓരോ ടീമിനും 90 കോടി രൂപയാണ് പരമാവധി മുടക്കാവുന്ന തുക. നാല് താരങ്ങളെ നിലനി‍ർത്തിയാൽ ഇതിൽ നിന്ന് 42 കോടി രൂപ കുറയ്ക്കും. മൂന്ന് താരങ്ങളെയാണ് നിലനി‍ത്തുന്നതെങ്കിൽ 33 കോടി രൂപയും രണ്ടു താരങ്ങൾക്ക് 24 കോടി രൂപയും ഒറ്റത്താരമാണെങ്കിൽ 14 കോടി രൂപയും ആകെ ലേലത്തുകയിൽ നിന്ന് കുറയ്ക്കും. 

IND vs NZ : ശ്രേയസ് അയ്യരെ തഴയാനാവില്ല; അജിങ്ക്യ രഹാനെ പുറത്തേക്ക്? മുംബൈ ടെസ്റ്റിലെ സാധ്യതകള്‍


 

click me!