ഇന്നലെ നടന്ന സൂപ്പര്‍ 8 പോരാട്ടത്തില്‍ പാകിസ്ഥാനെ തോല്‍പിച്ചതോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് 2-ൽ ഒന്നാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.
കൊളംബോ: ടി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ സെമി ഫൈനൽ പോരാട്ടം ഉണ്ടാകില്ലെന്ന് ഉറപ്പായി. സൂപ്പർ 8 ഘട്ടത്തിലെ മത്സരഫലങ്ങളും ഗ്രൂപ്പ് നിലയുമാണ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ സ്വപ്ന സെമിക്ക് തടസമാകുന്നത്. കണക്കുകൾ പ്രകാരം ഇരു ടീമുകളും ഇനി സെമിയിൽ നേർക്കുനേർ വരാനുള്ള സാധ്യതകൾ പൂർണ്ണമായും അവസാനിച്ചു. ഐസിസിയുടെ സെമി ഫൈനൽ മത്സരക്രമം അനുസരിച്ച് ഒന്നാം സെമിയില്‍ ഗ്രൂപ്പ് 1-ലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് 2-ലെ രണ്ടാം സ്ഥാനക്കാരും തമ്മിലാണ് ഏറ്റുമുട്ടേണ്ടത്. രണ്ടാം സെമിയിൽ ഗ്രൂപ്പ് 2-ലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് 1-ലെ രണ്ടാം സ്ഥാനക്കാരും തമ്മിലും ഏറ്റുമുട്ടണം.
ഇന്നലെ നടന്ന സൂപ്പര്‍ 8 പോരാട്ടത്തില്‍ പാകിസ്ഥാനെ തോല്‍പിച്ചതോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് 2-ൽ ഒന്നാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാന് ഇനി പരമാവധി രണ്ടാം സ്ഥാനക്കാരായി മാത്രമേ സെമിയിൽ എത്താൻ സാധിക്കൂ. അതേസമയം, ദക്ഷിണാഫ്രിക്കയോട് ഏറ്റ വൻ തോൽവിയോടെ ഇന്ത്യയും ഗ്രൂപ്പ് 1-ൽ രണ്ടാം സ്ഥാനത്തിനായാണ് പോരാടുന്നത്. ദക്ഷിണാഫ്രിക്കയോ വെസ്റ്റ് ഇന്‍ഡീസോ ആകും ഒന്നാം സ്ഥാനത്ത് എത്തുകയെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.
ഇരു ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനക്കാരായാണ് സെമിയിൽ എത്തുന്നതെങ്കിൽ, ഇരു ടീമുകളും സെമിയിൽ ഏറ്റുമുട്ടാനുള്ള സാധ്യതയില്ല. ഐസിസിയുടെ ഹൈബ്രിഡ് മോഡൽ പ്രകാരം ഇന്ത്യ-പാകിസ്ഥാൻ സെമി ഫൈനല്‍ അല്ലെങ്കില്‍ ഫൈനല്‍ മത്സരം നടക്കുകയാണെങ്കിൽ അത് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സെമിയിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരില്ലെന്ന് ഉറപ്പായതോടെ വേദികളിലും മാറ്റമുണ്ടാകും.
ഗ്രൂപ്പ് എക്സില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടിയാൽ ഇന്ത്യക്ക് തങ്ങളുടെ സെമി ഫൈനൽ മത്സരം മുംബൈയിൽ കളിക്കാം. അത്ഭുതങ്ങൾ സംഭവിച്ച് സെമിയിലെത്തിയാൽ കൊളംബോയിലായിരിക്കും പാകിസ്ഥാന്‍റെ സെമി പോരാട്ടം. ഗ്രൂപ്പ് 1-ലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയോ വെസ്റ്റ് ഇൻഡീസോ പാകിസ്ഥാന്‍റെ ആയിരിക്കും. രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടിയാല്‍ ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ടാവാനാണ് സാധ്യത.
സെമി ഫൈനൽ പോരാട്ടം അസാധ്യമാണെങ്കിലും, ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടാനുള്ള നേരിയ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇന്ത്യയും പാകിസ്ഥാനും അതത് സെമി ഫൈനലുകളിൽ വിജയിച്ചാൽ ലോകകപ്പ് ഫൈനലിൽ ഒരു കാണാൻ സാധിക്കും. എന്നാൽ നിലവിലെ നെറ്റ് റൺറേറ്റും പോയിന്റ് പട്ടികയിലെ സ്ഥാനവും പരിഗണിക്കുമ്പോൾ സെമിയിൽ കടക്കുക എന്നത് തന്നെ ഇരു ടീമുകൾക്കും വലിയ വെല്ലുവിളിയാണ്.
