ധോണിയായിരുന്നില്ല ചെന്നൈയുടെ ആദ്യ ചോയ്സ്, അത് മറ്റൊരു താരം, വെളിപ്പെടുത്തലുമായി ബദരീനാഥ്

By Web TeamFirst Published Sep 12, 2020, 6:07 PM IST
Highlights

ചെന്നൈയുടെ എല്ലാമെല്ലാം ആണെങ്കിലും ഐപിഎല്‍ ആദ്യ സീസണില്‍ ധോണിയെ ആയിരുന്നില്ല ചെന്നൈ ഐക്കണ്‍ താരമായി തെരഞ്ഞെടുക്കാനിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് ചെന്നൈയുടെ മുന്‍താരം കൂടിയായ എസ് ബദരീനാഥ്.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സെന്നാല്‍ ധോണിയും ധോണിയെന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ്. ആദ്യ ഐപിഎല്‍ മുതല്‍ ചെന്നൈയുടെ 'തല'യാണ് ധോണി. ധോണിക്ക് കീഴില്‍ മൂന്നുതവണ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ അഞ്ച് തവണ റണ്ണറപ്പുകളുമായി. ഇന്ന് ചെന്നൈയുടെ എല്ലാമെല്ലാം ആണെങ്കിലും ഐപിഎല്‍ ആദ്യ സീസണില്‍ ധോണിയെ ആയിരുന്നില്ല ചെന്നൈ ഐക്കണ്‍ താരമായി തെരഞ്ഞെടുക്കാനിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് ചെന്നൈയുടെ മുന്‍താരം കൂടിയായ എസ് ബദരീനാഥ്.

2008ലെ ആദ്യ ഐപിഎല്ലില്‍ ഓരോ ടീമിനും ഓരോ ഐക്കണ്‍ താരത്തെ തെരഞ്ഞെടുക്കാമായിരുന്നു. 2007ലെ ടി20 ലോകകപ്പ് നേടിത്തന്ന നായകനായിരുന്നെങ്കിലും ധോണിയെ ആയിരുന്നില്ല ചെന്നൈ ഐക്കണ്‍ താരമായി തെരഞ്ഞെടുക്കാനിരുന്നതെന്ന് തന്റെ യുട്യൂബ് ചാനലില്‍ ബദരീനാഥ് പറഞ്ഞു. വീരേന്ദര്‍ സെവാഗിനെ ആയിരുന്നു ചെന്നൈ ആദ്യം തെരഞ്ഞെടുക്കാനിരുന്നത്. എന്നാല്‍ സെവാഗ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം തെരഞ്ഞെടുത്തതോടെയാണ് ചെന്നൈ ധോണിയെ തെരഞ്ഞെടുക്കാന്‍ തയാറായത്.

സമ്മര്‍ദ്ദം ചെലുത്തി സെവാഗിനെ ഐക്കണ്‍ താരമായി ടീമിലെത്തിക്കേണ്ടെന്നും ചെന്നൈ ടീം മാനേജ്മെന്റ് കരുതി. ആദ്യ ഐപിഎല്ലില്‍ ചെന്നൈയുടെ ആദ്യ ഓപ്ഷന്‍ നോക്കിയാല്‍ നിങ്ങള്‍ക്കത് മനസിലാവും. താന്‍ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലായതിനാല്‍ ഡല്‍ഹിയുമായാണ് തനിക്ക് കൂടുതല്‍ ബന്ധമെന്നും അതിനാല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം തെരഞ്ഞെടുക്കുന്നുവെന്നും സെവാഗ് ചെന്നൈയെ അറിയിച്ചിരുന്നു. ആ സാഹചര്യത്തില്‍ ആരാണ് അടുത്ത മികച്ച കളിക്കാരനെന്ന അന്വേഷണമാണ് ചെന്നൈയെ ധോണിയിലെത്തിച്ചത്.  

അപ്പോഴേക്കും ധോണി ടി20 ലോകകപ്പ് ജയിച്ച് ക്യാപ്റ്റനെന്ന നിലയിലും കഴിവ് തെളിയിച്ചിരുന്നു. അങ്ങനെയാണ് ഏറ്റവും വിലകൂടിയ താരമായി ആറ് കോടി രൂപക്ക് ധോണി ചെന്നൈയിലെത്തിയത്. ധോണി ചെന്നൈ ടീമിലെത്തിയത് ഒരവെടിക്ക് രണ്ട് പക്ഷിയെന്ന് പറയുന്നതുപോലെയായി. ഒന്നാമത് ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളെ ചെന്നൈക്ക് ലഭിച്ചു. ഒപ്പം ഏറ്റവും മികച്ച ഫിനിഷറെയും. ഇതിനെല്ലാം പുറമെ അദ്ദേഹം മികച്ചൊരു വിക്കറ്റ് കീപ്പറുമാണ്. താന്‍ കണ്ടിട്ടുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ ലോകത്തിലെ  ഏറ്റവും സുരക്ഷിത കരങ്ങളാണ് ധോണിയുടേതെന്നും ബദരീനാഥ് പറഞ്ഞു.

click me!