2023 ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം തൻ്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ പോലും ആലോചിച്ചതായി രോഹിത് ശർമ്മ വെളിപ്പെടുത്തി. ആഴത്തിലുള്ള നിരാശയിൽ നിന്ന് കരകയറാൻ സമയമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: അപരാജിതരായി മുന്നേറിയ ഇന്ത്യ, പടിക്കൽ ചെന്ന് കലമുടച്ച ആ ദിനം, 2023 നവംബർ 19. രാജ്യത്തെ ഒരോ ക്രിക്കറ്റ് ആരാധകൻ്റെയും ഹൃദയം മുറിപ്പെടുത്തിയ ദിവസം. ഭൂരിഭാഗം പേരും ഈ ദിവസത്തെ കുറിച്ച് മറന്നുകാണും. എന്നാൽ ഹിറ്റ്മാൻ രോഹിത് ശർമ്മയ്ക്ക് തൻ്റെ ക്രിക്കറ്റ് കരിയർ പോലും അവസാനിപ്പിക്കാൻ ആലോചിച്ച ദിവസമായിരുന്നു അത്. 2023 ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട സമയത്തെ തൻ്റെ മനോവേദന ഇനിയും തന്നെ വിട്ട് പോയിട്ടില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
മാസ്റ്റേഴ്‌സ് യൂണിയൻ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് രോഹിത് ശർമ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. 2023 ലോകകപ്പ് ഫൈനലിനുശേഷം ഒന്നും ബാക്കിയില്ലെന്ന് എനിക്ക് തോന്നി. താൻ പൂർണമായും നിരാശനായിരുന്നു. എന്നാൽ എളുപ്പത്തിൽ ഉപേക്ഷിക്കാൻ കഴിയുന്ന ഒന്നല്ല തനിക്ക് ക്രിക്കറ്റെന്ന് തിരിച്ചറിയാൻ പിന്നെയും സമയമെടുത്തു. പതുക്കെ ഞാൻ എൻ്റെ കരുത്ത് വീണ്ടെടുത്ത് കളിക്കളത്തിൽ സജീവമായി. അന്ന് എല്ലാവരും നിരാശരായിരുന്നു. ഓസീസിനെതിരായ ഫൈനലിൽ സംഭവിച്ചത് ഞങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. 2022 ൽ ഞാൻ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം ഏറ്റവും വലിയ ലക്ഷ്യമായിരുന്നു അത്. ടി20 ലോകകപ്പായാലും 2023 ലെ ലോകകപ്പായാലും ലോകകപ്പ് നേടുക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം. അത് സംഭവിക്കാതെ പോയപ്പോൾ വല്ലാതെ തകർന്നുപോയി. രണ്ട് മാസമെടുത്താണ് ഞാൻ എന്നെ വീണ്ടെടുത്തതെന്നും രോഹിത് പറഞ്ഞു.
അഹമ്മദാബാദിൽ ഏകദിന ലോകകപ്പ് ഫൈനലിലെ കനത്ത പരാജയത്തിന് ശേഷം തൊട്ടടുത്ത വർഷം നടന്ന ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടിയത് രോഹിത് ശർമയുടെ നായകത്വത്തിന് കീഴിലായിരുന്നു. ഒരു കാര്യത്തിന് വേണ്ടി അത്യധികം ആഗ്രഹിച്ച ശേഷം അത് കിട്ടാതെ വരുമ്പോൾ വലിയ നിരാശയുണ്ടാകാം. പക്ഷേ ജീവിതം അവിടെ അവസാനിക്കുന്നില്ല. നിരാശയെ എങ്ങനെ നേരിടാം, പുനഃക്രമീകരിക്കാം, പുതുതായി തുടങ്ങാം എന്നൊക്കെ എനിക്ക് വലിയ പാഠമായിരുന്നു. അതിനാൽ തന്നെ ടി20 ലോകകപ്പിൽ മറ്റെന്തെങ്കിലും വരാനിരിക്കുന്നുവെന്ന് എനിക്ക് അറിയാമായിരുന്നു. ടി20 ലോകകപ്പിൽ മറ്റെന്തെങ്കിലും സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. പിന്നീട് അതിനായി എല്ലാ ശ്രദ്ധയും നൽകി. ഇപ്പോൾ ഇത് പറയാൻ വളരെ എളുപ്പമാണ്, പക്ഷേ ആ സമയത്ത് അത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


