
ബറോഡ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ നിര്‍ഭാഗ്യം കൊണ്ട് പുറത്തായ താരമാണ് റിങ്കു സിംഗ്. ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തിയതോടെയാണ് ഫിനിഷറായ റിങ്കു ടീമില്‍ നിന്ന് പുറത്തായത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ അവസാന നിമിഷം റിങ്കു ടീമില്‍ നിന്ന് പുറത്തായിരുന്നു. ഇത്തവണ ഏഷ്യാ കപ്പില്‍ ഇന്ത്യൻ ടീമിലുണ്ടായിരുന്ന റിങ്കുവിന് ഫൈനലില്‍ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയ ബൗണ്ടറി നേടിയതും റിങ്കുവായിരുന്നു.
പിന്നീട് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ടീമില്‍ തുടര്‍ന്നെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ആ മത്സരമാകട്ടെ മഴ കൊണ്ടുപോകുകയും ചെയ്തു. ഇപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തിയതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ടീമില്‍ നിന്നും റിങ്കു പുറത്തായി. ഇതോടെ അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാമെന്ന റിങ്കുവിന്‍റെ സ്വപ്നങ്ങളാണ് പൊലിഞ്ഞതെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. റിങ്കുവിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തത്. ഹാര്‍ദ്ദിക്കിന്‍റെ തിരിച്ചുവരവാണ് റിങ്കുവിന്‍റെ വഴി അടച്ചതെന്ന് പത്താന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുന്ന ടീമിലെ 95 ശതമാനം താരങ്ങളും അടുത്ത ടി20 ലോകകപ്പിലും കളിക്കുമെന്നുറപ്പാണെന്നും പത്താന്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ 90-95 പേരെയും ദക്ഷിണാഫ്രിക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തു കഴിഞ്ഞു. ഹാര്‍ദ്ദിക് തിരിച്ചെത്തിയതോടെ നിര്‍ഭാഗ്യവശാല്‍ റിങ്കു പുറത്താവുകയായിരുന്നു. ലോകകപ്പ് ടീമില്‍ ഹാര്‍ദ്ദിക്കിന്‍റെ റോള്‍ വളരെ നിര്‍ണായകമാണ്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും സ്പിന്നര്‍മാരായി അക്സര്‍, കുല്‍ദീപ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും കളിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ടീം മാനേജ്മെന്‍റ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ലെന്നും എന്തായാലും ഇ ഫോര്‍മേഷനില്‍ മറ്റൊരു ഫിനിഷര്‍ക്ക് കൂടി ഇടമില്ലാത്തതിനാല്‍ റിങ്കുവിന്‍റെ ലോകകപ്പ് സ്വപ്നങ്ങള്‍ ഏതാണ്ട് അവസാനിച്ചുവെന്നും പത്താന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക