രഹാനെയോട് എതിര്‍പ്പൊന്നുമില്ല, എന്നാല്‍ ടെസ്റ്റ് ടീമിനെ നയിക്കേണ്ടത് രോഹിത്; കാരണം വ്യക്തമാക്കി പത്താന്‍

By Web TeamFirst Published Nov 10, 2020, 6:49 PM IST
Highlights

നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങും എന്നുള്ളതാണ്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും അജിന്‍ക്യ രഹാനെയ്ക്കായിരിക്കും ടീമിനെ നയിക്കേണ്ട ചുമതല.

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയാണ് തുടക്കത്തില്‍ ലഭിച്ചത്. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങും എന്നുള്ളതാണ്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും അജിന്‍ക്യ രഹാനെയ്ക്കായിരിക്കും ടീമിനെ നയിക്കേണ്ട ചുമതല. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് കോലി നാട്ടിലേക്ക് മടങ്ങുന്നത്. 

രഹാനെയ്ക്ക് പുറമെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിനെ നയിച്ച് പരിചയമുള്ള രോഹിത് ശര്‍മയും ടെസ്റ്റ് ടീമിനൊപ്പമുണ്ട്. ദീര്‍ഘകാലം കോലിയുടെ ഡെപ്യൂട്ടിയായി കളിക്കുന്ന രോഹിത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. കോലി നാട്ടിലേക്ക് മടങ്ങുമെന്ന് ഉറപ്പായിരിക്കെ ടീമിന്റെ ക്യാപ്റ്റന്‍ ആരായിരിക്കണമെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. 

കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയല്ല ടീമിനെ നയിക്കേണ്ടതെന്നാണ് പത്താന്‍ പറയുന്നത്. മുന്‍ താരം വിശദീകരിക്കുന്നതിങ്ങനെ.. ''വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്ന വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്. അതിനെ എല്ലാവരും ബഹുമാനിക്കണം. കാരണം എല്ലാവരേയും പോലെ അദ്ദേഹത്തിനും കുടുംബമുണ്ട്്. എന്നാല്‍ കോലിയെ പോലെ ഒരു ബാറ്റ്‌സ്മാന്റെ അഭാവം വലിയ വ്യത്യാസമുണ്ടാക്കും. അദ്ദേഹം പോകുന്നത് ടീമിന് ദോഷം ചെയ്യും. ബാറ്റ്സ്മാന്‍ എന്ന നിലയിലും ഇന്ത്യന്‍ ടീമിന് വലിയ കെട്ടുറപ്പ് നല്‍കാന്‍ കോലിക്ക് സാധിക്കുമായിരുന്നു.

കോലിയുടെ പകരക്കാരനാവുകയെന്നത് വെല്ലുവിളിയായ കാര്യമാണ്. കോലി കളിച്ച് വരുന്ന രീതിയും ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാനുള്ള കഴിവും മറ്റേത് താരത്തിനും അത്ര പെട്ടന്നൊന്നും സ്വന്തമാക്കാനാവില്ല. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കഴിവ് തെളിയിച്ച താരമാണ് രോഹിത് ശര്‍മ. കോലിയുടെ അഭാവത്തില്‍ ടീം ഇന്ത്യയെ നയിക്കാന്‍ മറ്റാരേക്കാളും യോഗ്യന്‍ രോഹിത് തന്നെയാണ്. രഹാനെ കളിക്കുന്നതില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല. എന്നാല്‍ ടീമിനെ നയിക്കേണ്ടത് രോഹിത്താണ്. ക്യാപ്റ്റനാവാനുള്ള പരിചയസമ്പത്തും രോഹിത്തിനുണ്ട്. അതിന് പുറമേ ഓപ്പണര്‍ എന്ന നിലയിലും രോഹിത് ഓസീസിനെതിരെ നിര്‍ണായക സാന്നിധ്യമാകും.'' പഠാന്‍ പറഞ്ഞു.

ഇതിനിടെ രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ബിസിസിഐയുടെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ടെസ്റ്റില്‍ താരം മികച്ച ഫോമിലെന്നുള്ളതാണ് ബിസിസിഐ ചിന്തിപ്പിക്കുന്നത്.

click me!