കരിയറിലെ മൂന്ന് മുഹൂര്‍ത്തങ്ങള്‍ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍; രണ്ടെണ്ണം 'പാക് വധം'

By Web TeamFirst Published Jan 6, 2020, 11:07 PM IST
Highlights

പാകിസ്ഥാനെതിരെ ടെസ്റ്റില്‍ ആദ്യ ഓവറില്‍ നേടിയ ഹാട്രിക് പത്താന്‍റെ കരിയറിലെ സുപ്രധാന നേട്ടങ്ങളിലൊന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല

മുംബൈ: ഇര്‍ഫാന്‍ പത്താന്‍റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിലെ ഏറ്റവും ശ്രദ്ധേയമായ മൂന്ന് മുഹൂര്‍ത്തങ്ങള്‍ എന്തൊക്കെയാകും. പാകിസ്ഥാനെതിരെ കറാച്ചി ടെസ്റ്റില്‍ ആദ്യ ഓവറില്‍ നേടിയ ഹാട്രിക് പത്താന്‍റെ കരിയറിലെ സുപ്രധാന നേട്ടങ്ങളിലൊന്നായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ കരിയറിലെ മറ്റ് ശ്രദ്ധേയ നിമിഷങ്ങള്‍ തെര‍ഞ്ഞെടുത്തിരിക്കുകയാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ മുന്‍ പേസര്‍. 

1. ഇന്ത്യന്‍ ക്യാപ്പ് അണിയാന്‍ ലഭിച്ച അവസരം. 

ഓസ്‌ട്രേലിയക്കെതിരെ 2003 ഡിസംബര്‍ 12ന് അഡ്‌ലെയ്‌ഡിലാണ് ഇര്‍ഫാന്‍ പത്താന്‍ ടീം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രമാണ് ഇടംകൈയന്‍ പേസര്‍ക്ക് നേടാനായത്. ഏകദിന അരങ്ങേറ്റം ഓസീസിനെതിരെ തന്നെ 2004 ജനുവരി ഒന്‍പതിന് വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു. 

2. 2007 ടി20 ലോകകപ്പ് ഫൈനല്‍

കന്നി ടി20 ലോകകപ്പാണ് 2007ല്‍ നടന്നത്. കലാശപ്പോരില്‍ ക്രിക്കറ്റിലെ ബന്ധവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ധോണിപ്പട കിരീടമുയര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 75 റണ്‍സെടുത്ത ഗംഭീറിന്‍റെ കരുത്തില്‍ 20 ഓവറില്‍ 157 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് 19.3 ഓവറില്‍ 152 റണ്‍സെടുക്കാനേയായുള്ളൂ. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഷൊയൈബ് മാലിക്, ഷാഹിദ് അഫ്രിദി, യാസിര്‍ അറാഫത്ത് എന്നിവരെ പുറത്താക്കി പത്താന്‍ മാന്‍ ഓഫ് ദ് മാച്ചായി. 

3. ആദ്യ ഓവറിലെ വിഖ്യാത ഹാട്രിക്

ഇര്‍ഫാന്‍ പത്താന്‍റെ ഹാട്രിക്കിനും ഇരയായത് പാകിസ്ഥാനാണ്. കറാച്ചി ടെസ്റ്റിലാണ് ആദ്യ ഓവറിലെ ആദ്യ പന്തുകളില്‍ പത്താന്‍ ഹാട്രിക് തികച്ചത്. ആദ്യ പന്തില്‍ സല്‍മാന്‍ ബട്ടിനെ നായകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ കൈകളിലെത്തിച്ചു. രണ്ടാം ബോളില്‍ യൂനിസ് ഖാനെ എല്‍ബിയില്‍ കുരുക്കി. മൂന്നാം പന്തില്‍ മുഹമ്മദ് യൂസഫിനെ ബൗള്‍ഡാക്കി. 

മുപ്പത്തിയഞ്ചുകാരനായ ഇര്‍ഫാന്‍ പത്താന്‍ ശനിയാഴ്‌ചയാണ് വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. പത്താന്‍ 27-ാം വയസിലാണ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. എന്നാല്‍ ചെറിയ കരിയറിനിടെ 301 രാജ്യാന്തര വിക്കറ്റുകള്‍ നേടാന്‍ പത്താനായി. ടെസ്റ്റില്‍ 29 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റും 1105 റണ്‍സും നേടി. 120 ഏകദിനങ്ങളില്‍ നിന്ന് 173 വിക്കറ്റും 1544 റണ്‍സും പേരിലാക്കിയ താരം അന്താരാഷ്‌ട്ര ടി20യില്‍ 28 വിക്കറ്റും 172 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 

click me!