പ്രതാപകാലത്തെ വിന്‍ഡീസാകുമോ നിലവിലെ ടീം ഇന്ത്യ; കടമ്പകള്‍ ഏറെയെന്ന് ഗാവസ്‌കര്‍

By Web TeamFirst Published Jun 6, 2021, 11:00 AM IST
Highlights

ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ടീമായി ഇന്ത്യ മാറണമെങ്കിൽ കടമ്പകളേറെയെന്ന് പറയുന്നു മുൻ നായകൻ സുനിൽ ഗാവസ്‌കർ. 

മുംബൈ: വിരാട് കോലി നയിക്കുന്ന ഇന്ത്യൻ ടീം വിന്‍ഡീസ് ക്രിക്കറ്റിന്റെ പ്രതാപകാലം പോലെ സർവാധിപത്യം നേടുമോ? ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ടീമായി ഇന്ത്യ മാറണമെങ്കിൽ കടമ്പകളേറെയെന്ന് പറയുന്നു മുൻ നായകൻ സുനിൽ ഗാവസ്‌കർ. 

ഓസീസിനെതിരെ അവരുടെ നാട്ടിൽ രണ്ട് തുടർ പരമ്പര ജയങ്ങൾ. ലോകോത്തര ടീമിനെതിരെ അവരുടെ തട്ടകത്തിൽ നേടിയ ജയങ്ങളോടെ നിലവിലെ ഇന്ത്യൻ ടീം ആർക്കും തോൽപ്പിക്കാൻ കഴിയാത്ത സംഘമായി മാറിയെന്ന് വിലയിരുത്തുന്നവർ ഏറെ. പ്രതാപകാലത്ത് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് എങ്ങനെ ആയിരുന്നുവോ അതുപോലെ ടീം ഇന്ത്യ ആധിപത്യം നേടുമെന്ന് കരുതുന്നവരുമുണ്ട്. 1980നും 85നും ഇടയിൽ വെസ്റ്റിൻഡീസ് ഓസീസിനെതിരെ സമാന പരമ്പര ജയങ്ങൾ നേടിയിരുന്നു. 

എന്നാൽ അതുപോലെ സർവാധിപത്യം നേടാൻ ഇന്ത്യക്ക് ഇനിയും മുന്നേറാനുണ്ടെന്നാണ് സുനിൽ ഗാവസ്‌കറുടെ പക്ഷം. അഞ്ച് ടെസ്റ്റ് പരമ്പര തൂത്തുവാരിയാണ് വെസ്റ്റിഡീസ് ഓസീസിനെ കീഴടക്കിയത്. ഇന്ത്യയാകട്ടെ ഇഞ്ചോടിഞ്ച് പൊരുതിയും. ഇന്ത്യൻ ടീം പ്രതിഭാ സമ്പന്നമാണ്. എന്നാൽ സ്ഥിരതയാണ് പ്രശ്നം. ഇന്ത്യക്ക് പുറത്ത് സ്ഥിരത നിലനിർത്തുക വെല്ലുവിളിയാണ്. ഇത് മറികടക്കാനായാൽ ഇന്ത്യക്ക് ഏറെ മുന്നേറാനാകുമെന്ന് ഗാവസ്‌കർ പറയുന്നു. 

ഓസ്‌ട്രേലിയയെ തോൽപ്പിച്ചെങ്കിലും വിരാട് കോലിയും സംഘവും ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ പരമ്പര നേടിയിട്ടില്ല. സർവാധിപത്യം നേടുമോ കോലിയും സംഘവുമെന്ന ചോദ്യങ്ങൾക്ക് ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ വരാനിരിക്കുന്ന പരമ്പര ഉത്തരം തന്നു തുടങ്ങും.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളാണ് വരാനിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ഫൈനലിലാണ് ഇന്ത്യന്‍ ടീം അടുത്തതായി ഇറങ്ങുക. സതാംപ്‌ടണില്‍ ജൂണ്‍ 18നാണ് മത്സരം തുടങ്ങുന്നത്. ഇതിന് ശേഷമാണ് ഇംഗ്ലണ്ടിനെതിരായ അ‌ഞ്ച് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുക. ട്രെന്‍ഡ് ബ്രിഡ‍്‌ജില്‍ ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ്. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

ടി20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും; മസ്‌കറ്റും വേദിയാകുമെന്ന് റിപ്പോര്‍ട്ട്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യൻ ടീം ഇന്ന് പരിശീലനം തുടങ്ങും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!