
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നാളെ നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടുക എന്നതുപോലെ തന്നെ ഇന്ത്യക്ക് പ്രധാനമാണ് വിരാട് കോലി ബാറ്റിംഗ് ഫോമില്‍ തിരിച്ചെത്തുക എന്നതും. പാക്കിസ്ഥാനെതിരെ എക്കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും ഫോമിലല്ലാത്ത വിരാട് കോലി വലിയ ഭീഷണിയാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഇ വര്‍ഷം കളിച്ച എട്ട് ഏകദിനങ്ങളില്‍ 175 റണ്‍സും നാലു ടെസ്റ്റില്‍ 220 റണ്‍സും നാല് ടി20 മത്സരങ്ങളില്‍ 81 റണ്‍സും മാത്രമാണ് കോലിക്ക് നേടാനായത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യാ-പാക് മത്സരത്തിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തിനെത്തിയ പാക് താരം ഷദാബ് ഖാനോടും മാധ്യമപ്രവര്‍ത്തകര്‍ ഇതേ ചോദ്യം ചോദിച്ചു. പഴയ ഫോമിലൊന്നുമല്ലാത്ത വിരാട് കോലി ഇപ്പോള്‍ ബൗളര്‍മാര്‍ക്കൊരു പേടി സ്വപ്നമല്ല, ശരിയല്ലേ എന്നായിരുന്നു ചോദ്യം.
അതെന്നെ മാനസികമായി തളര്‍ത്തി, ഒരു മാസത്തോളം ബാറ്റ് കൈകൊണ്ട് തൊട്ടില്ല; തുറന്നുപറഞ്ഞ് കോലി
ഇതിന് ഷദാബ് നല്‍കി മറുപടിയാകട്ടെ കോലി വിമര്‍ശകരുടെ വായടപ്പിക്കുന്നതായിരുന്നു. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് മുന്‍ താരങ്ങളാണെന്നും അവരൊന്നും ഇപ്പോള്‍ ഗ്രൗണ്ടിലിറങ്ങി കളിക്കുന്നവരല്ലല്ലോ എന്നുമായിരുന്നു ഷദാബിന്‍റെ മറുപടി. അവര്‍ ഇപ്പോള്‍ കളിക്കുന്നില്ലല്ലോ, അതുകൊണ്ടാണ് കോലി ഇപ്പോള്‍ പേടിപ്പെടുത്തുന്ന സാന്നിധ്യമല്ലെന്ന് അവര്‍ പറയുന്നത്. ഇതിഹാസ താരമാണ് കോലി, അദ്ദേഹം ക്രീസിലെത്തുമ്പോള്‍ ആരും ഒന്ന് ഭയക്കും, കാരണം വലിയ കളിക്കാരനാണ് അദ്ദേഹം, ഞങ്ങള്‍ക്കെതിരെ അദ്ദേഹം വലിയൊരു ഇന്നിംഗ്സ് കളിക്കുന്നത് ഞങ്ങളൊട്ടും ആഗ്രഹിക്കുന്നില്ല-ഷദാബ് പറഞ്ഞു.
ശ്വാസം പോയാലും എന്ത് വിലകൊടുത്തും ടീമിനെ ജയിപ്പിക്കും; വിമര്‍ശകരുടെ വായടപ്പിച്ച് കോലി- വീഡിയോ
കോലി പഴയ ഫോമിലേക്ക് മടങ്ങിയെത്താനും വീണ്ടും സെഞ്ചുറി നേടാനും താന്‍ പ്രാർത്ഥിക്കുന്നുണ്ടെന്നും എന്നാലത് പാക്കിസ്ഥാനെതിരെ ആവരുതെന്നും ഷദാബ് പറഞ്ഞു. അദ്ദേഹം പഴയ കോലിയായി കാണാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം ഇപ്പോഴും മോശമല്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം തന്നെ സെറ്റ് ചെയ്തു വെച്ചൊരു നിലവാരത്തില്‍ എത്താനാവുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ഫോം ഔട്ടാണെന്ന് പറയുന്നത്. വ്യക്തിപരമായി അദ്ദേഹം സെഞ്ചുറി നേടുന്നത് കാണാന്‍ ഞാനാഗ്രഹിക്കുന്നു എന്നാലത് ഞങ്ങള്‍ക്കെതിരെ അല്ലാതെ മറ്റേതെങ്കിലും ടീമുകള്‍ക്കെതിരെ ആവട്ടെയെന്നും ഷദാബ് പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായിരുന്ന ആകാശ് ചോപ്രയാണ് കോലി മുമ്പത്തെപ്പോലെ ബൗളര്‍മാരെ പേടിപ്പെടുത്തുന്ന സാന്നിധ്യമല്ലെന്ന് പറഞ്ഞത്. കോലിക്കു ചുറ്റുമുണ്ടായിരുന്ന ആ അസ്പൃശ്യത നഷ്ടമായിരിക്കുന്നുവെന്നും കോലിയുടെ സാന്നിധ്യം ബൗളര്‍മാരില്‍ ആശങ്ക ഉണ്ടാക്കുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!