ബിസിസിഐയാണ് ഈ വീഡിയോ പങ്കുവെച്ചത് എന്നതാണ് ശ്രദ്ധേയം, ഇന്നലെ കോലിക്ക് പരസ്യ പിന്തുണയുമായി കെ എല്‍ രാഹുല്‍ രംഗത്തെത്തിയിരുന്നു
ദുബായ്: ഏഷ്യാ കപ്പിലെ ഹോട്ട് ടീമുകള്‍ ഇന്ത്യയും പാകിസ്ഥാനുമാണെങ്കിലും താരചര്‍ച്ചകളില്‍ ഒരൊറ്റ പേരേ മുഴങ്ങിക്കേള്‍ക്കുന്നുള്ളൂ. ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ പേരാണത്. ഫോമില്ലായ്‌മയുടെ, സെഞ്ചുറിയില്ലാത്ത ആയിരത്തിലേറെ ദിനങ്ങളുടെ കാഠിന്യം ബാറ്റ് കൊണ്ട് മറികടക്കാനാണ് കോലി ഏഷ്യാ കപ്പില്‍ എത്തിയിരിക്കുന്നത്. ദുബായില്‍ ആദ്യ പരിശീലന സെഷന്‍ മുതല്‍ സിക്‌സറുകള്‍ കൊണ്ട് ആറാടുന്ന കോലിയുടെ എല്ലാ ആത്മവിശ്വാസവും ബിസിസിഐ ഒടുവിലായി പങ്കുവെച്ച വീഡിയോയിലും കാണാം. ടീമിനെ ജയിപ്പിക്കാന്‍ അവസാന ശ്വാസം വരെ ശ്രമിക്കും എന്നാണ് കിംഗ് കോലിയുടെ വാക്കുകള്‍.
'ഉണരുമ്പോൾ ഈ ദിവസം എനിക്ക് എങ്ങെനെയാകുമെന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ ഭാഗമാകുന്ന എല്ലാ കാര്യങ്ങളിലും പൂർണ സന്തോഷത്തോടെയും ആത്മാർഥതയോടെയും ഇടപെടണമെന്നതും എന്‍റെ ആഗ്രഹമാണ്. നിങ്ങൾ എങ്ങനെയാണ് ഇത്ര തീവ്രതയോടെ മുന്നോട്ട് പോകുന്നത് എന്ന് എല്ലാവരും ചോദിക്കാറുണ്ട്. ക്രിക്കറ്റ് കളിക്കുന്നത് ഞാനിഷ്‌ടപ്പെടുന്നു എന്നാണ് ഞാനവരോട് പറയാറ്. ഓരോ പന്തിലും എനിക്ക് വളരെയധികം സംഭാവന ചെയ്യാനുണ്ടെന്നും മൈതാനത്ത് എന്‍റെ ഓരോ നിമിഷവും ഊർജവും ടീമിന്‍റെ വിജയത്തിനായി നൽകുമെന്നും ഞാൻ അവരോട് പറയുന്നു. അസാധാരണമായി ഒന്നും എനിക്ക് തോന്നിയിട്ടില്ല. പുറത്തുനിന്നുള്ള ആളുകളും ടീമിലുള്ളവരും എന്നോട് ചോദിക്കുന്നു...നിങ്ങൾ എങ്ങനെ ഇത്ര ഊര്‍ജം നിലനിർത്തുന്നു? എന്ത് വിലകൊടുത്തും ടീമിനെ ജയിപ്പിക്കുകയാണ് ലക്ഷ്യം എന്ന് ഞാന്‍ ലളിതമായി അവരോട് പറയും' എന്നും വിരാട് കോലി ബിസിസിഐയുടെ വീഡിയോയില്‍ പറഞ്ഞു.
2019 നവംബറിലാണ് കോലി അവസാനമായി രാജ്യാന്തര സെഞ്ചുറി നേടിയത്. ഇംഗ്ലണ്ട് പര്യടനത്തില്‍ തീര്‍ത്തും നിറംമങ്ങിയ കോലി വിന്‍ഡീസിനും സിംബാബ്‌വെക്കും എതിരായ പരമ്പരകളില്‍ നിന്ന് വിട്ടുനിന്ന ശേഷം കരുത്തോടെ ഏഷ്യാ കപ്പില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളിലാണ്. നാളെ നടക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി കോലി എല്ലാ പരിശീലന സെഷനിലും പങ്കെടുത്തു. ഇന്ത്യന്‍ സ്‌പിന്നര്‍മാരെ കടന്നാക്രമിച്ച് കോലി ബാറ്റേന്തുന്ന ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കോലിക്ക് ഏറെ നിര്‍ണായകമാണ് യുഎഇയിലെ ഏഷ്യാ കപ്പ് മത്സരങ്ങള്‍. കോലിയെ ലോകകപ്പില്‍ കളിപ്പിക്കേണ്ടതില്ല എന്നൊരു ആവശ്യം ചില കോണുകളില്‍ നിന്ന് സജീവമാണ്.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്ബൈ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍.
