കത്തിക്കയറി ഇഷാൻ കിഷൻ, പിന്നാലെ സ്പിൻ കെണിയിൽ വീണ് ഇന്ത്യ; ആവേശപ്പോരില്‍ പാകിസ്ഥാന് 176 റണ്‍സ് വിജയലക്ഷ്യം

Published : Feb 15, 2026, 08:48 PM IST
ishan kishan

Synopsis

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് പാക് ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ആഗയുടെ അവസാന പന്തില്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ റണ്ണെടുക്കാതെ പുറത്തായി.

കൊളംബോ: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് 176 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 40 പന്തില്‍ 77 റണ്‍സെടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും പൂജ്യത്തിന് പുറത്തായപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 32ഉം ശിവം ദുബെ 17 പന്തില്‍ 27ഉം തിലക് വർമ 24 പന്തില്‍ 25 റണ്‍സുമെടുത്തു. പാകിസ്ഥാനുവേണ്ടി സയ്യിം അയൂബ് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.

ആദ്യ ഓവറിലെ തിരിച്ചടി, പിന്നെ കിഷൻ വെടിക്കെട്ട്

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് പാക് ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ആഗയുടെ അവസാന പന്തില്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ റണ്ണെടുക്കാതെ പുറത്തായി. നാലു പന്ത് നേരിട്ട അഭിഷേകിന് അക്കൗണ്ട് തുറക്കാനായില്ല. സല്‍മാന്‍ അലി ആഗയുടെ പന്ത് ഉയര്‍ത്തി അടിച്ച അഭിഷേക് മിഡ് ഓണില്‍ ഷാഹിന്‍ ഷാ അഫ്രീദിയുടെ കൈകളില്‍ ഒതുങ്ങി. പവര്‍ പ്ലേയില്‍ ഇഷാന്‍ കിഷൻ തകര്‍ത്തടിച്ചതോടെ കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യ 52 റണ്‍സിലെത്തി. പിന്നാലെ 27 പന്തില്‍ ഇഷാന്‍ അര്‍ധസെഞ്ചുറി തികച്ചു. എട്ടാം ഓവറില്‍ 80 കടന്ന ഇന്ത്യക്ക് സയ്യിം അയൂബ് എറിഞ്ഞ ഒമ്പതാം ഓവറില്‍ രണ്ടാം പ്രഹരമേറ്റു. അയൂബിനെതിരെ റിവേഴ്സ് സ്വീപ്പില്‍ ബൗണ്ടറി നേടിയ കിഷന്‍ തൊട്ടടുത്ത പന്തില്‍ ബൗള്‍ഡായി മടങ്ങി. 10 ഫോറും മൂന്ന് സിക്സും പറത്തിയാണ് ഇഷാന്‍ വീണത്. കിഷന്‍ വീണതോടെ ഇന്ത്യയയുടെ സ്കോറിംഗ് നിരക്ക് കുത്തനെ കുറഞ്ഞു. തിലക് വര്‍മയും ക്യാപ്റ്റന സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 12-ാം ഓവറില്‍ ഇന്ത്യയെ 100 കടത്തി. മുഹമ്മദ് നവാസ് എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തില്‍ സിക്സിന് പറത്തി തിലക് വര്‍മയാണ് ഇന്ത്യയെ 100 കടത്തിയത്.

 

ഇരട്ടപ്രഹരം

പതിനഞ്ചാം ഓവറില്‍ തിലക് വര്‍മയെ വിക്കറ്റിന് മുന്നില്‍ കുടുക്കി സയ്യിം അയൂബ് ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. അയൂബിന്‍റെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് അടിക്കാന്‍ ശ്രമിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയും വീണതോടെ ഇന്ത്യക്ക് ഇരട്ടപ്രഹരമേറ്റു. അടുത്ത പന്തില്‍ അയൂബ് ഹാട്രിക്കിന് അടുത്തെത്തിയെങ്കിലും ശിവം ദുബെ തലനാരിഴക്ക് രക്ഷപ്പെട്ടു. പതിനേഴാം ഓവറില്‍ അബ്രാര്‍ അഹമ്മദിനെ സിക്സിന് പറത്തി ശിവം ദുബെ ഇന്ത്യയെ 150 കടത്തി. എന്നാല്‍ അവസാന ഓവറില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ പത്തൊമ്പതാം ഓവറില്‍ ഉസ്മാന്‍ താരിഖ് മടക്കി. 29 പന്തില്‍ 32 റണ്‍സെടുത്ത സൂര്യ മൂന്ന് ബൗണ്ടറി മാത്രമാണ് നേടിയത്. ഉസ്മാന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഇരുപതാം ഓവറില്‍ ഷഹീന്‍ ഷാ അഫ്രീദിക്കെതിരെ സിക്സും ഫോറും അടക്കം 15 റണ്‍സ് കൂടി നേടിയാണ് ഇന്ത്യ 175 റണ്‍സിലെത്തിയത്. കിഷന്‍ പുറത്തായതോടെ 200 കടക്കുമെന്ന് കരുതിയ ഇന്ത്യയെ പാകിസ്ഥാന്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച് പിടിച്ചുകെട്ടുകയായിരുന്നു. ആറ് സ്പിന്നർമാരാണ് മത്സരത്തില്‍ പാകിസ്ഥാനായി പന്തെറിഞ്ഞത്. ഇന്ത്യൻ ഇന്നിംഗ്സിലെ 16 ഓവറും എറിഞ്ഞത് പാക് സ്പിന്നര്‍മാരായിരുന്നു. നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത സയ്യിം അയൂബാണ് പാകിസ്ഥാനായി ബൗളിംഗില്‍ തിളങ്ങിയത്. ഉസ്മാന്‍ താരിഖ് നാലോവറില്‍ 24 റണ്‍സിന് ഒരു വിക്കറ്റെടുത്തു.

നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നമീബിയക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. അസുഖം മൂലം കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന അഭിഷേക് ശര്‍മ ഓപ്പണറായി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായി.പേസര്‍ അര്‍ഷ്ദീപ് സിംഗിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അമേരിക്കക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ പാകിസ്ഥാൻ മാറ്റങ്ങളൊന്നും വരുത്തിയില്ല. ടോസ് സമയത്ത് പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഗയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഹസ്തദാനം ചെയ്തില്ല. ഏഷ്യാ കപ്പിലും ഇന്ത്യ-പാക് നായകന്‍മാരും കളിക്കാരും തമ്മില്‍ പരസ്പരം ഹസ്തദാനം ചെയ്തിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിഷേകിനെ വിളിച്ചുവരുത്തി കെണിയില്‍ വീഴ്ത്തി സല്‍മാൻ ആഗ, നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ഇന്ത്യൻ ഓപ്പണര്‍
അക്കൗണ്ട് തുറക്കാതെ അഭിഷേക് വീണു, തകര്‍ത്തടിച്ച് ഇഷാന്‍ കിഷന്‍, പവര്‍പ്ലേയില്‍ ഇന്ത്യയെ പൂട്ടാന്‍ പാകിസ്ഥന്‍റെ സ്പിന്‍ കെണി