ജാര്‍ഖണ്ഡിന് വേണ്ടി വെടിക്കെട്ട് സെഞ്ചുറിയുമായി ഇഷാന്‍; സഞ്ജുവിന് വെല്ലുവിളി

By Web TeamFirst Published Feb 20, 2021, 12:02 PM IST
Highlights

 മധ്യപ്രദേശിനെതിരായ മത്സരത്തില്‍ 94 പന്തുകളില്‍ നിന്ന് താരം 173 റണ്‍സ് നേടി പുറത്തായി. ടീം ക്യാപ്റ്റന്‍ കൂടിയായ ഇഷാന്റെ ഇന്നിങ്‌സില്‍ 11 സിക്‌സും 19 ഫോറും ഉള്‍പ്പെടും.
 

ഇന്‍ഡോര്‍: വിജയ് ഹസാരെ വെടിക്കെട്ട് പ്രകടനവുമായി ജാര്‍ഖണ്ഡിന്റെ മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ 94 പന്തുകളില്‍ നിന്ന് താരം 173 റണ്‍സ് നേടി പുറത്തായി. ടീം ക്യാപ്റ്റന്‍ കൂടിയായ ഇഷാന്റെ ഇന്നിങ്‌സില്‍ 11 സിക്‌സും 19 ഫോറും ഉള്‍പ്പെടും. 22 കാരന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ ജാര്‍ഖണ്ഡ് 30 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് ഇഷാന്‍. ബിസിസിഐയുടെ പുതിയ ഫിറ്റ്‌നെസ് ടെസ്റ്റും താരം പാസായിരുന്നു. ഈ പ്രകടനം കൂടിയാവുമ്പോള്‍ താരത്തിന്റെ സാധ്യതകള്‍ക്ക് വേഗം കൂടും. ഐപിഎല്‍ അടുത്തെത്തി നില്‍ക്കെ മുംബൈ ഇന്ത്യന്‍സിനും ആത്മവിശ്വാസം നല്‍കുന്നതാണ് ഇഷാന്റെ പ്രകടനം. താരത്തിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തി മുംബൈ ഇന്ത്യന്‍സ് രംഗത്തെത്തി. ട്വീറ്റ് കാണാം... 

ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള മലയാളി താരം സഞ്ജു സാംസണും ഇഷാന്റെ പ്രകടനം വെല്ലുവിളി ഉയര്‍ത്തും. മികച്ച പ്രകടനം സഞ്ജുവിന്റെ ബാറ്റില്‍ നിന്നും വരേണ്ടിയിരിക്കുന്നു. ഇന്ന് ഒഡീഷക്കെതിരെ കളിച്ചുകൊണ്ടിരിക്കുകയാണ് കേരള ടീമില്‍ അംഗമായ സഞ്ജു. ബാംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒഡീഷ 24 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തിട്ടുണ്ട്. സുബ്രാന്‍ഷു സേനാപതി (1), ഷാന്തനു  മിശ്ര (1) എന്നിവരാണ് ക്രീസില്‍. ഗൗരവ് ചൗധരി (57), സന്ദീപ് പട്‌നായിക് (66) എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. എസ് ശ്രീശാന്ത്, സച്ചിന്‍ ബേബി എന്നിവര്‍ക്കാണ് വിക്കറ്റ്. ഏഴ് ഓവറില്‍ 39 റണ്‍സ് വഴങ്ങിയാണ് ശ്രീശാന്ത് വിക്കറ്റ് വീഴ്ത്തിയത്.

click me!