ടി20 ലോകകപ്പിൽ ഇന്ത്യയോടേറ്റ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ സീനിയർ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ നായകൻ ഷാഹിദ് അഫ്രീദി.

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ സീനിയര്‍ താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. നായകന്‍ ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, ഷദാബ് ഖാന്‍ എന്നിവരെ വരും മത്സരങ്ങളില്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും പകരം യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും അഫ്രീദി ആവശ്യപ്പെട്ടു. ഞായറാഴ്ച നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. ഈ വിജയത്തോടെ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ റെക്കോര്‍ഡ് 8-1 ആയി ഉയര്‍ന്നു. ഇന്ത്യ സൂപ്പര്‍-8 ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

അഫ്രീദിയുടെ വാക്കുകള്‍... ''തീരുമാനം എടുക്കാന്‍ എനിക്ക് അധികാരമുണ്ടെങ്കില്‍ ബാബറിനെയും ഷഹീനെയും ഷദാബിനെയും ഞാന്‍ പുറത്തിരുത്തും. പകരം പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കും. നമീബിയക്കെതിരായ മത്സരത്തില്‍ യുവാക്കളെ കളിപ്പിച്ച് അവര്‍ക്ക് ആത്മവിശ്വാസം നല്‍കണം. ഈ സീനിയര്‍ താരങ്ങള്‍ക്ക് എത്രയോ അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞു, എന്നിട്ടും അവര്‍ പരാജയപ്പെടുകയാണ്. ഇവര്‍ക്ക് പകരം ബെഞ്ചിലിരിക്കുന്ന യുവാക്കളെ കളിപ്പിച്ചാല്‍ എന്ത് മാറ്റമാണ് വരാനുള്ളത്.''അഫ്രീദി ചോദിച്ചു.

176 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാനായി ബാബര്‍ നേടിയത് വെറും 5 റണ്‍സ് മാത്രമാണ്. അക്‌സര്‍ പട്ടേലാണ് ബാബറിനെ പുറത്താക്കിയത്. പാക് നിരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത് ഷഹീന്‍ അഫ്രീദിയായിരുന്നു. വെറും രണ്ട് ഓവറില്‍ 31 റണ്‍സാണ് താരം വഴങ്ങിയത്. ബൗളിംഗില്‍ ഒരു ഓവറില്‍ 17 റണ്‍സ് വഴങ്ങിയ ഷദാബ് ബാറ്റിംഗിലും പരാജയപ്പെട്ടു.

ഇന്ത്യയുടെ ആധിപത്യം

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ (40 പന്തില്‍ 77 റണ്‍സ്) കരുത്തില്‍ 175 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 114 റണ്‍സിന് പുറത്തായി. ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യന്‍ വിജയം അനായാസമാക്കി.

YouTube video player