
മുംബൈ: ഇന്ത്യൻ ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി ടീം വിട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ നേരെ പോയത് ദുബായിയിലേക്കെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലുണ്ടായിരുന്ന കിഷന്‍ ടി20 പരമ്പരക്ക് പിന്നാലെ മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി കിഷന്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇതോടെ കിഷന് പകരം കെ എസ് ഭരതിനെ രണ്ടാം വിക്കറ്റ് കീപ്പറായി സെലക്ടര്‍മാര്‍ക്ക് ടീമില്‍ ഉള്‍പ്പെടുത്തേണ്ടിവന്നു. മാനസിക സമ്മര്‍ദ്ദം കാരണം കുടുംബാംഗങ്ങളോടൊത്ത് സമയം ചെലവിടാനെന്ന് പറഞ്ഞ് പോയ കിഷന്‍ പക്ഷെ ദുബായിയില്‍ സഹോദരന്‍റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയി ആഘോഷിക്കുകയായിരുന്നുവെന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം, ടീമില്‍ നിന്ന് അവധിയെടുത്ത കിഷന്‍ തന്‍റെ ഒഴിവു സമയം എങ്ങനെ ചെലവിടുന്നുവെന്ന് സെലക്ടര്‍മാരോ ബിസിസിഐയോ അറിയേണ്ട കാര്യമില്ലെന്ന വാദവും ഉയരുന്നുണ്ട്. 15 അംഗ ടീമില്‍ സ്ഥിരമായി ഉള്‍പ്പെട്ടിട്ടും പ്ലേയിംഗ് ഇലവനില്‍ നിന്ന് സ്ഥിരമായി അവഗണിക്കുന്നതില്‍ കിഷന്‍ അതൃപ്തനായിരുന്നുവെന്നാണ് സൂചന.
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി മൂലം കളിക്കാന്‍ കഴിയാത്തതു കൊണ്ട് മാത്രം ആദ്യ രണ്ട് കളികളില്‍ കിഷന് പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടി. പിന്നീട് ഗില്‍ തിരിച്ചെത്തിയപ്പോള്‍ ശേഷിക്കുന്ന 11 കളികളിലും കിഷന്‍ സൈഡ് ബഞ്ചിലിരുന്ന് കളി കണ്ടു. പിന്നീട് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറിയും ഒരു ഡക്കും നേടിയ കിഷന്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഇടം നേടി.
എന്നാല്‍ ദക്ഷിണാഫ്രിക്കൻ പരമ്പരക്കിടെ ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചതിന് പിന്നാലെയാണ് കിഷന്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങുകയാണെന്ന് ടീം മാനേജ്മെന്‍റിനെ അറിയിച്ചത്. തുടര്‍ച്ചയായ യാത്രകളും പ്ലേയിംഗ് ഇലവനില്‍ സ്ഥിരമാകാന്‍ കഴിയാത്തതിലെ മാനസികപ്രശ്നങ്ങളുമാണ് കിഷനെ അലട്ടുന്നതെന്ന് അന്നേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ കിഷന്‍ രഞ്ജി ട്രോഫിയില്‍ സ്വന്തം ടീമായ ജാര്‍ഖണ്ഡിന് വേണ്ടി സൗരാഷ്ട്രക്കെതിരെ കളിക്കാനിറങ്ങിയില്ല.
കിഷനെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനോ സഹതാരങ്ങള്‍ക്കോ ബന്ധപ്പെടനാവുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും അഫ്ഗാനിസ്ഥാനെതിരായ ടി220 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാതിരുന്ന കിഷന്‍റെ ടി20 ലോകകപ്പ് സാധ്യതകളും ഏതാണ്ട് അവസാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!