ക്യാപ്റ്റനെന്ന നിലയില്‍ 51 മത്സരങ്ങളില്‍ 39 വിജയങ്ങളാണ് നിലവില്‍ രോഹിത്തിന്‍റെ പേരിലുള്ളത്. 72 മത്സരങ്ങളില്‍ ഇന്ത്യക്ക് 42 വിജയങ്ങള്‍ സമ്മാനിച്ച എം എസ് ധോണിയാണ് ഏറ്റവും കൂടുതൽ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ നായകന്‍.

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കായി ഇന്ത്യൻ ടീം നാളെ ഇറങ്ങുമ്പോള്‍ ക്യാപ്റ്റനായി തിരിച്ചെത്തിയ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ നായകനെന്ന റെക്കോര്‍ഡാണ് രോഹിത്തിന്‍റെ കൈയകലത്തില്‍ ഉള്ളത്. 2022ലെ ടി20 ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റശേഷം ആദ്യമായാണ് രോഹിത് ഇന്ത്യൻ കുപ്പായത്തില്‍ ടി20 മത്സരത്തിനിറങ്ങുന്നത്. ലോകകപ്പ് തോല്‍വിക്കുശേഷം നടന്ന പരമ്പരകളിലെല്ലാം ഹാര്‍ദ്ദിക്ക് പാണ്ഡ്യയോ സൂര്യകുമാര്‍ യാദവോ ആണ് ഇന്ത്യയെ നയിച്ചത്. ഇല്ലായിരുന്നെങ്കില്‍ നേരത്തെ സ്വന്തമാകുമായിരുന്ന വിജയങ്ങളുടെ റെക്കോര്‍ഡാണ് അഫ്ഗാനെതിരെ ഇപ്പോള്‍ രോഹിത്തന് മുന്നിലുള്ളത്.

ക്യാപ്റ്റനെന്ന നിലയില്‍ 51 മത്സരങ്ങളില്‍ 39 വിജയങ്ങളാണ് നിലവില്‍ രോഹിത്തിന്‍റെ പേരിലുള്ളത്. 72 മത്സരങ്ങളില്‍ ഇന്ത്യക്ക് 42 വിജയങ്ങള്‍ സമ്മാനിച്ച എം എസ് ധോണിയാണ് ഏറ്റവും കൂടുതൽ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ നായകന്‍.അഫ്ഗാനെതിരായ മൂന്ന് മത്സര പരമ്പര 3-0ന് തൂത്തുവാരിയാല്‍ രോഹിത്തിന് ധോണിയുടെ റെക്കോര്‍ഡിന് ഒപ്പമെത്താം. ധോണിയുടെ റെക്കോര്‍ഡ് മാത്രമല്ല, ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ നായകനെന്ന റെക്കോര്‍ഡും ഇതിലൂടെ രോഹിത്തിന് സ്വന്തമാവും. ധോണിക്കൊപ്പം 42 വിജയങ്ങള്‍ നേടിയിട്ടുള്ള അഫ്ഗാന്‍റെ അസ്ഗര്‍ അഫ്ഗാനാണ് ടി20 ക്രിക്കറ്റില്‍ വിജയങ്ങളില്‍ ധോണിക്കൊപ്പമുള്ളത്.

ബാറ്റിംഗിനിടെ പിച്ചില്‍ കുഴഞ്ഞുവീണ് 34കാരൻ, ഓടിയെത്തി സിപിആര്‍ നല്‍കി എതിര്‍ ടീം താരങ്ങൾ; ഒടുവില്‍ മരണം-വീഡിയോ

പാകിസ്ഥാന്‍ നായകനായിരുന്ന ബാബര്‍ അസമിന്‍റെ പേരിലും 42 വിജയങ്ങളുണ്ടെങ്കിലും ഏകദിന ലോകകപ്പിന് പിന്നാലെ ബാബ‍ര്‍ പാകിസ്ഥാന്‍ നായകസ്ഥാനം ഒഴിഞ്ഞിരുന്നു. 42 വിജയങ്ങള്‍ നേടിയിട്ടുള്ള ഇംഗ്ലണ്ട് മുന്‍ നായന്‍ ഓയിന്‍ മോര്‍ഗനാകട്ടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഉഗാണ്ട നായകന്‍ ബ്രയാന്‍ മസാബക്കും ടി20 ക്രിക്കറ്റില്‍ 42 വിജയങ്ങളുണ്ട്. 40 വിയജങ്ങള്‍ നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന് പിന്നിലാണ് ഇപ്പോള്‍ രോഹിത്.

അഫ്ഗാനെതിരായ പരമ്പര കഴിഞ്ഞാല്‍ ഈ വര്‍ഷം ടി20 ലോകകപ്പിലാണ് ഇന്ത്യ ഇനിയൊരു ടി20 മത്സരം കളിക്കുക. ലോകകപ്പില്‍ രോഹിത് നായകനായി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഫ്ഗാനെതിരെ നേടിയില്ലെങ്കില്‍ ജൂണില്‍ നടക്കുന്ന ലോകകപ്പിലെ രോഹിത്തിന് റെക്കോര്‍ഡ് സ്വന്തമാക്കാനാവു.

സഞ്ജുവോ ജിതേഷോ, സീനിയേഴ്സ് തിരിച്ചെത്തുമ്പോള്‍ ആരൊക്കെ പുറത്താവും; അഫ്ഗാനെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍

ഇന്ത്യൻ ക്യാപ്റ്റൻമാരില്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള നായകനും രോഹിത്താണ്. 76.74 ആണ് രോഹിത്തിന്‍റെ വിജയശതമാനം. 50 ടി20കളില്‍ ഇന്ത്യയെ നയിച്ച വിരാട് കോലിക്ക് 30 വിജയങ്ങളെ നേടാനായിട്ടുള്ളു.

അഫ്ഗാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, അവേശ് ഖാൻ, മുകേഷ് കുമാർ.