
മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇഷാന്‍ കിഷന്‍റെ ബാറ്റിംഗ് വെടിക്കെട്ട്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ലുങ്കി എങ്കിഡിയുടെ നേരിട്ട മൂന്നാം പന്ത് തന്നെ സിക്സിന് പറത്തിയ കിഷന്‍ ആദ്യ ഓവറില്‍ തന്നെ രണ്ട് സിക്സ് അടിച്ച് നിലപാട് വ്യക്തമാക്കി. മറുവശത്ത് നില്‍ക്കുന്ന അഭിഷേക് ശര്‍മയെ കാഴ്ചക്കാരനാക്കിയായിരുന്നു പിന്നീടുള്ള ഓവറുകളിലും കിഷന്‍റെ വെടിക്കെട്ട് ബാറ്റിംഗ്.
ഇഷന്‍ കിഷന്‍റെ വെടിക്കെട്ടിന്‍റെ കരുത്തില്‍ പവര്‍ പ്ലേയില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സടിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 9 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തിട്ടുണ്ട്. 13 പന്തില്‍ 33 റണ്‍സോടെ തിലക് വര്‍മയും ഏഴ് റണ്‍സുമായി സൂര്യകുമാര്‍ യാദവും ക്രീസില്‍. 52 റണ്‍സെടുത്ത ഇഷാന്‍ കിഷനും 18 പന്തില്‍ 24 റണ്‍സെടുത്ത അഭിഷേക് ശര്‍മയും റിട്ടയേര്‍ഡ് ഔട്ടായി ക്രീസ് വിട്ടു. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കിഷന്‍ ഏഴ് സിക്സും രണ്ട് ഫോറും പറത്തി 53 റണ്‍സെടുത്താണ് റിട്ടേയേര്‍ഡ് ഔട്ടായത്. കിഷൻ കയറിയപ്പോള്‍ മൂന്നാം നമ്പറില്‍ തിലക് വര്‍മയാണ് ക്രീസിലെത്തിയത്.
കോര്‍ബിന്‍ ബോഷ് എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറിയടിച്ച അഭിഷേക് ശര്‍മയും കിഷനൊപ്പം ചേര്‍ന്നതോടെ ഇന്ത്യൻ സ്കോര്‍ ബോര്‍ഡ് കുതിച്ചു. ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ പവര്‍ പ്ലേയിലെ അഞ്ചാം ഓവറില്‍ നാലു സിക്സും ഒരു ഫോറും അടക്കം 29 റൺസാണ് കിഷന്‍ അടിച്ചുകൂട്ടിയത്. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കിഷന്‍ ലോകകപ്പിലെ ഓപ്പണിംഗ് സ്ഥാനവും ഉറപ്പിച്ചു.
15 അംഗ ടീമിലെ ആര്‍ക്കും ബാറ്റിംഗിനും ബൗളിംഗിനും അവസരമുണ്ട്. അതുകൊണ്ട് തന്നെ ഓപ്പണറായല്ലെങ്കിലും സഞ്ജുവും ഇന്ന് ബാറ്റിംഗിനിറങ്ങുമെന്നാണ് കരുതുന്നത്. സന്നാഹ മത്സരായതിനാല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാമെങ്കിലും ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചതോടെ സഞ്ജുവിന് ലോകകപ്പ് പ്ലേയിംഗ് ഇലവനിൽ സ്ഥാനമുണ്ടാകാനിടയില്ല. കിവീസിനെതിരായ അഞ്ചുകളിയില്‍ സഞ്ജു വെറും 46 റണ്‍സ് മാത്രമാണ് നേടിയത്. നാല് കളിയില്‍ ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ കാര്യവട്ടത്തെ സെഞ്ച്വറിയും റായ്പൂരിലെ അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 215 റണ്‍സും നേടിയിരുന്നു.
ദക്ഷിണാഫ്രിക്ക സ്ക്വാഡ്:എയ്ഡൻ മാർക്രം (ക്യാപ്റ്റൻ),ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ),റയാൻ റിക്കൽട്ടൺ, ഡെവാൾഡ് ബ്രെവിസ്,ട്രിസ്റ്റൻ സ്റ്റബ്സ്,ജേസൺ സ്മിത്ത്,ഡേവിഡ് മില്ലർ,മാർക്കോ ജാൻസെൻ,ജോർജ് ലിൻഡെ,കോർബിൻ ബോഷ്,കേശവ് മഹാരാജ്,ക്വേന മഫാക,ലുങ്കി എൻഗിഡി,ആൻറിച്ച് നോർക്യ, കാഗിസോ റബാഡ.
ഇന്ത്യ സ്ക്വാഡ്: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!