അത് സച്ചിന്റെ ഐഡിയ, വെറുതെ ചാപ്പലിനെ കുറ്റം പറയേണ്ടെന്ന് പത്താന്‍

By Web TeamFirst Published Jul 1, 2020, 6:15 PM IST
Highlights

ചാപ്പലാണ് എന്റെ കരിയര്‍ നശിപ്പിച്ചത് എന്ന ആരോപണം ശരിയല്ല, ഇന്ത്യക്കാരനല്ലാത്തതുകൊണ്ട് ചാപ്പലിനെതിരെ എന്തും പറയാന്‍ എളുപ്പമാണല്ലോ

ബറോഡ: ബാറ്റിംഗ് ഓര്‍ഡറില്‍ തനിക്ക് സ്ഥാനക്കയറ്റം നല്‍കി മൂന്നാം നമ്പറില്‍ ഇറക്കാനുള്ള നിര്‍ദേശം വെച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നുവെന്ന് ഇര്‍ഫാന്‍ പത്താന്‍. മികച്ച സ്വിംഗ് ബൗളറായിരുന്ന തന്നെ ഓള്‍ റൗണ്ടറായി വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഗ്രെഗ് ചാപ്പല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി കരിയര്‍ നശിപ്പിച്ചുവെന്ന വാദങ്ങള്‍ തള്ളിക്കൊണ്ടാണ് പത്താന്റെ വെളിപ്പെടുത്തല്‍.

ഞാനിത് മുമ്പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോഴും പറഞ്ഞിരുന്നു. എന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രെഗ് ചാപ്പലല്ല. എന്നെ ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാം നമ്പറില്‍ കളിപ്പിക്കാനുള്ള ആശയം  ക്യാപ്റ്റനായിരുന്ന ദ്രാവിഡിന് മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത് സച്ചിനായിരുന്നു. പേസ് ബൗളര്‍മാരെ മികച്ച രീതിയില്‍ കളിക്കാനാകുമെന്നതും സിക്സടിക്കാനുള്ള കഴിവുമായിരുന്നു എനിക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള കാരണങ്ങളായി സച്ചിന്‍ ദ്രാവിഡിനോട് പറഞ്ഞത്.



ശ്രീലങ്കക്കെതിരായ മത്സരത്തിലായിരുന്നു ആദ്യമായി മൂന്നാം നമ്പറില്‍ ഇറങ്ങിയത്. അന്ന് മുത്തയ്യ മുരളീധരന്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു. ദില്‍ഹാര ഫെര്‍ണാണ്ടോയുടെ സ്ലോ ബോളുകള്‍ കളിക്കാന്‍ നമ്മുടെ ബാറ്റ്സ്മാന്‍മാരും ബുദ്ധിമുട്ടി. ഈ സാഹചര്യത്തില്‍ ഇവരെ നേരിടാനായാണ് എന്നെ ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാം നമ്പറില്‍ ഇറക്കിയത്. അതുകൊണ്ടുതന്നെ ചാപ്പലാണ് എന്റെ കരിയര്‍ നശിപ്പിച്ചത് എന്ന ആരോപണം ശരിയല്ല, ഇന്ത്യക്കാരനല്ലാത്തതുകൊണ്ട് ചാപ്പലിനെതിരെ എന്തും പറയാന്‍ എളുപ്പമാണല്ലോ-പത്താന്‍ പറഞ്ഞു.

2005 മുതല്‍ 2008വരെ ഇന്ത്യക്കായി 18 തവണ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ പത്താന്‍ 28.64 റണ്‍സ് ശരാശരിയില്‍ 487 റണ്‍സാണ് നേടിയത്. 19ാം വയസില്‍ അരങ്ങേറിയ പത്താന്‍ ഇന്ത്യക്കായി 29 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 24 ടി20 കളിലും മാത്രമാണ് കളിച്ചത്.  27-ാം വയസിലാണ് പത്താന്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചത്.

click me!