മാഞ്ചസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ്സ്‌മാന്‍മാരെ വിറപ്പിക്കുന്ന ബൗളറായാണ് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആരാധകര്‍ക്ക് സുപരിചയം. എന്നാലിപ്പോള്‍ ബാറ്റിംഗില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രോഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പര വിജയികളെ നിശ്‌ചയിക്കുന്ന മൂന്നാം ടെസ്റ്റിലാണ് ബ്രോഡിന്‍റെ ബാറ്റിംഗ് വെടിക്കെട്ട്. 

ഓള്‍ഡ് ട്രഫോഡില്‍ പത്താമനായി ഇറങ്ങി 45 പന്തില്‍ 62 റണ്‍സ് നേടി സ്റ്റുവര്‍ട്ട് ബ്രോഡ്. 33 പന്തുകളില്‍ നിന്നാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. ടെസ്റ്റില്‍ ഒരു ഇംഗ്ലീഷ് താരത്തിന്‍റെ വേഗമാര്‍ന്ന മൂന്നാമത്തെ അര്‍ധ സെഞ്ചുറിയാണ് ബ്രോഡിന്‍റെ ബാറ്റില്‍ പിറന്നത്. ഇന്ത്യക്കെതിരെ 1981/82ല്‍ 28 പന്തിലും ന്യൂസിലന്‍ഡിനെതിരെ 1986ല്‍ 32 പന്തിലും 50 തികച്ച മുന്‍താരം ഇയാന്‍ ബോത്തമിന്‍റെ പേരിലാണ് ഇംഗ്ലീഷ് താരത്തിന്‍റെ വേഗമേറിയ ടെസ്റ്റ് അര്‍ധ സെഞ്ചുറികളുടെ റെക്കോര്‍ഡ്. 33 പന്തില്‍ ഫിഫ്റ്റിയിലെത്തിയ അലന്‍ ലാമ്പിനും ആന്‍ഡ്രൂ ഫ്ലിന്‍റോഫിനൊപ്പം മൂന്നാംസ്ഥാനത്താണ് ബ്രോഡിന്‍റെ ഇരിപ്പിടം. 

ബ്രോഡ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 369 റണ്‍സ് ചേര്‍ത്തു. ബ്രോഡിനൊപ്പം ഓലി പോപ്(91), ജോസ് ബട്‌ലര്‍(67), റോറി ബേണ്‍സ്(57) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് രക്ഷയായത്. കഴിഞ്ഞ ടെസ്റ്റില്‍ തിളങ്ങിയ സ്റ്റോക്‌സ് 20ലും നായകന്‍ ജോ റൂട്ട് 17 റണ്‍സിലും പുറത്തായി. വിന്‍ഡീസിനായി കെമര്‍ റോച്ച് നാലും ഷാന്നന്‍ ഗബ്രിയേലും റോസ്‌ടണ്‍ ചേസും രണ്ട് വിക്കറ്റ് വീതവും നായകന്‍ ജേസന്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും നേടി. 

തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ കരകയറ്റി ബ്രോഡിന്റെ വെടിക്കെട്ട് ബാറ്റിംഗ്; വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് 369ന് പുറത്ത്