അഭിമുഖത്തിനിടെ ടീമിലെ അന്തരീക്ഷത്തെക്കുറിച്ചും കോച്ച് ഗൗതം ഗംഭീറുമായും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവുമായുള്ള ബന്ധത്തെക്കുറിച്ചും സഞ്ജു മനസു തുറന്നു.

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 30 റണ്‍സിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പര 3-1ന് സ്വന്തമാക്കിയപ്പോള്‍ വിക്കറ്റിന് മുന്നിലും പിന്നിലും മലയാളി താരം സഞ്ജു സാംസൺ തിളങ്ങി. ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിനാല്‍ മാത്രം പരമ്പരയില്‍ ആദ്യമായി ഓപ്പണറായി അവസരം കിട്ടിയ സഞ്ജു പവര്‍ പ്ലേയില്‍ വെടിക്കെട്ട് ബാറ്ററായ അഭിഷേക് ശര്‍മയെ പോലും നിഷ്പ്രഭനാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പവര്‍ പ്ലേയിലെ ആദ്യ അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ സഞ്ജു 13 പന്തില്‍ 27 റണ്‍സും അഭിഷേക് 17 പന്തില്‍ 28 റണ്‍സുമായിരുന്നു അടിച്ചിരുന്നത്. മത്സരത്തിലെ പത്താം ഓവറില്‍ പുറത്താകുമ്പോള്‍ സഞ്ജു 22 പന്തില്‍ 37 റണ്‍സടിച്ചിരുന്നു.

മത്സരശേഷം മുന്‍ ഇന്ത്യൻ താരങ്ങളായ ഇര്‍ഫാൻ പത്താനും വരുണ്‍ ആരോണും ചേര്‍ന്ന് സ്റ്റാർ സ്പോര്‍ട്സിനുവേണ്ടി സഞ്ജുവിനോട് സംസാരിച്ചിരുന്നു. അഭിമുഖത്തിനിടെ ടീമിലെ അന്തരീക്ഷത്തെക്കുറിച്ചും കോച്ച് ഗൗതം ഗംഭീറുമായും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവുമായുള്ള ബന്ധത്തെക്കുറിച്ചും സഞ്ജു മനസു തുറന്നു. ഇന്ത്യക്കായി കളിക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം തോന്നുക എന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാതെ ഡഗ് ഔട്ടിലിരിക്കമ്പോള്‍ എന്തുതോന്നുമെന്നായിരുന്നു ഇര്‍ഫാന്‍ പത്താന്‍ ആദ്യം സഞ്ജുവിനോട് ചോദിച്ചത്. എന്ത് തോന്നാനാണ് ഇര്‍ഫാന്‍ ഭായ്, സന്തോഷത്തിനായി കാത്തിരിക്കുമെന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. താങ്കള്‍ക്ക് അറിയാമല്ലോ ഇര്‍ഫാന്‍ ഭായ് എന്താണ് ചെയ്യാന്‍ പറ്റുകയെന്ന്, കഠിനമായി പരിശീലനം നടത്തുക, ടീമീനായി എന്തെങ്കിലും സംഭാവന ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ ചെയ്യുക എന്നത് തന്നെയെന്ന് സഞ്ജു പറഞ്ഞു. 

പ്ലേയിംഗ് ഇലവനില്‍ അവസരം ഇല്ലാത്തപ്പോള്‍ ടീം മാനേജ്മെന്‍റ് ഇക്കാര്യം പറയാറുണ്ടോ എങ്ങനെയാണ് ആശയവിനിമയം എന്ന ചോദ്യത്തിവും സഞ്ജു മറുപടി നല്‍കി. ദീര്‍ഘനാളായി ഞാന്‍ ടീമിനൊപ്പമുണ്ട്. ആ ഒരു പരിചയസമ്പത്തുവെച്ച് ടീമിന്‍റെ നേതൃത്വം എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് കൃത്യമായി മനസിലാക്കാനാവും. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവുമായും കോച്ച് ഗൗതം ഗംഭീറുമായും വളരെ നല്ല ബന്ധമാണ് എനിക്കുള്ളത്. അവരുമായി എന്ത് കാര്യവും തുറന്നു സംസാരിക്കാനാവും. ടീമിലെ അന്തരീക്ഷം വളരെ മികച്ചതാണെന്നും ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റിന് തയാറെടുക്കുമ്പോള്‍ അത് വളരെ പ്രധാനമാണെന്നും സഞ്ജു പറഞ്ഞു.

എന്നാല്‍ വരാനിരിക്കുന്ന മത്സരങ്ങളിലും ഓപ്പണറായി സഞ്ജു തുടരുമോ എന്ന് ഇര്‍ഫാന്‍ പത്താന്‍ ചോദിച്ചപ്പോള്‍ ആദ്യം വ്യക്തമായ മറുപടി നല്‍കാതെ പൊട്ടിച്ചിരിയായിരുന്നു സഞ്ജുവിന്‍റെ മറുപടി, പിന്നീട് ഭയ്യാ, ഞാനെന്താണ് പറയുക, എന്നാല്‍ നിങ്ങളെന്നെ ഓപ്പണറാക്കു, അല്ലാതെന്താപറയുക, ഇര്‍ഫാന്‍ ഭായ് ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കരുത് എന്നായിരുന്നു ചിരിയോടെ സഞ്ജുവിന്‍റെ മറുപടി. സഞ്ജുവിന്‍റെ മറുപടി കേട്ട് ഇര്‍ഫാനും വരുണ്‍ ആരോണും പൊട്ടിച്ചിരിച്ചു.

Scroll to load tweet…

ഓപ്പണറായി മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജു ഇന്നലത്തെ മത്സരത്തിന് മുമ്പ് ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാനം ഓപ്പണറായി ഇറങ്ങിയത്. അതിനുശേഷം ഏഷ്യാ കപ്പിലും ഓസ്ട്രേലിയക്കെതിരെയുമെല്ലാം ടീമിലുണ്ടായിരുന്നെങ്കിലും ശുഭ്മാന്‍ വൈസ് ക്യാപ്റ്റനായി ടീമിലെത്തിയതോടെ സഞ്ജുവിന് ഓപ്പണര്‍ സ്ഥാനം നഷ്ടമാകുകയായിരുന്നു. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിലാകും ഇനി സഞ്ജു കളിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക