
ദില്ലി: ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിലെ ക്രിക്കറ്റ് മത്സരത്തിനിടെ താരം പലസ്തീൻ പതാക പതിച്ച ഹെൽമെറ്റ് ധരിച്ച് മൈതാനത്തെത്തിയത് വിവാദമായി. ചിത്രം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായതോടെ നടപടിയുമായി അധികൃതർ രംഗത്തെത്തി. ക്രിക്കറ്റ് താരത്തെ ലീഗിൽ നിന്ന് വിലക്കിയതായും റിപ്പോർട്ടുകളുണ്ട്. ഫുർഖാൻ ഭട്ട് എന്ന കളിക്കാരനാണ് പലസ്തീൻ പതാകയുള്ള ഹെൽമെറ്റ് ധരിച്ച് മത്സരത്തിൽ ബാറ്റ് ചെയ്യാനിറങ്ങിയത്. വീഡിയോ വൈറലായതോടെ ജമ്മു കശ്മീർ പൊലീസ് കൂടുതൽ അന്വേഷണത്തിനായി കളിക്കാരനെ വിളിപ്പിച്ചു. ഇക്കാര്യത്തിൽ പൊലീസിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തുവന്നിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി സംഘാടകനായ സാഹിദ് ഭട്ടിനെയും പൊലീസ് വിളിപ്പിച്ചു. അതേസമയം, ടൂർണമെന്റുമായി യാതൊരു ബന്ധവുമില്ലെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ (ജെകെസിഎ) വ്യക്തമാക്കി. ലീഗ് തങ്ങളുടെ ബാനറിൽ സംഘടിപ്പിക്കപ്പെട്ടതല്ലെന്നും ഫുർഖാൻ ഭട്ടിന് ജെകെസിഎയുമായി ബന്ധമില്ലെന്നും അസോസിയേഷൻ പറഞ്ഞു. ലീഗുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ജെകെസിഎ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!