രണ്ട് മത്സരമല്ല, ഓസീസിന് എതിരായ ടെസ്റ്റ് പരമ്പരയാകെ ബുമ്രക്ക് നഷ്‌ടമായേക്കും- റിപ്പോര്‍ട്ട്

By Web TeamFirst Published Jan 25, 2023, 9:13 PM IST
Highlights

ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെയും ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റേയും അംഗീകാരം ലഭിച്ചാല്‍ മാത്രമേ ബുമ്രയെ ഓസ്ട്രേലിയക്കെതിരെ കളിപ്പിക്കൂ

ബെംഗളൂരു: ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. 100 ശതമാനം ഫിറ്റ്‌നസ് കൈവരിച്ചാല്‍ മാത്രമേ ബുമ്രയെ കളിപ്പിക്കൂവെന്ന് ബിസിസിഐ ഒഫീഷ്യല്‍ ഇന്‍സൈഡ് സ്‌പോര്‍ടിനോട് പറഞ്ഞു. അവസാന രണ്ട് ടെസ്റ്റുകള്‍ക്കായി ബുമ്ര തിരിച്ചെത്തുമെന്ന് നായകന്‍ രോഹിത് ശര്‍മ്മ പ്രതീക്ഷ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന പുതിയ സൂചന ആരാധകരെ ആശങ്കയിലാക്കുന്നത്. 

'ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ജസ്പ്രീത് ബുമ്ര 100 ശതമാനം ഫിറ്റ്‌നസ് കൈവരിക്കാനുള്ള സാധ്യത വളരെ കുറവാണ്. ആര്‍ക്കെതിരായ പരമ്പരയായാലും ബുമ്രയെ വേഗം തിരിച്ചുകൊണ്ടുവരേണ്ട തിടുക്കമില്ല. നടുവിന് ഏല്‍ക്കുന്ന പരിക്കുകള്‍ വേഗമാകാന്‍ സമയമെടുക്കും. പരിക്കില്‍ നിന്ന് മുക്തനാവുക വലിയൊരു പ്രൊസസാണ്. നിലവില്‍ സെലക്ഷനായി ബുമ്ര ഫിറ്റല്ല. തിരിച്ചുവരാന്‍ ബുമ്രക്ക് എത്ര സമയം വേണ്ടിവരും എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്. ചിലപ്പോള്‍ ഒരു മാസം കൂടി വേണ്ടിവന്നേക്കാം'- ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്‌പോര്‍ടിനോട് പറഞ്ഞു. ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ബുമ്രയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ബുമ്ര അവസാന രണ്ട് ടെസ്റ്റുകളില്‍ കളിക്കും എന്ന പ്രതീക്ഷ ഇതോടെ മങ്ങുകയാണ്. 

നേരത്തെ ലങ്കയ്ക്കെതിരായ ഏകദിനങ്ങള്‍ക്കുള്ള ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ ബുമ്രയുടെ പേരില്ലായിരുന്നെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്തത് ചൂണ്ടിക്കാണിച്ച് പിന്നീട് താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ ഏകദിനത്തിന് ഒരു ദിവസം മാത്രം മുമ്പ് താരത്തെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത് വലിയ സംശയം പ്രകടിപ്പിച്ചിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് പരീക്ഷ വിജയിച്ചെങ്കിലും മുംബൈയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം പരിശീലനം നടത്തിയപ്പോള്‍ ബുമ്രയുടെ നടുവിന് വീണ്ടും പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നു. ഇതോടെയാണ് താരത്തിന്‍റെ മടങ്ങിയവരവ് വൈകുമെന്ന് ഉറപ്പായത്. ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെയും ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റേയും അംഗീകാരം ലഭിച്ചാല്‍ മാത്രമേ ബുമ്രയെ ഓസ്ട്രേലിയക്കെതിരെ കളിപ്പിക്കൂ. 

സ്‌മൃതി മന്ഥാനയ്‌ക്ക് നിരാശ; 2022ലെ മികച്ച വനിതാ ടി20 താരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയയിലേക്ക്

click me!