
ലക്നൗ: ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര ജോലിഭാരം കാരണം ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ബുമ്രയില്ലാത്ത ടെസ്റ്റ് മത്സരങ്ങള്‍ കാണാൻ ഇന്ത്യൻ ആരാധകര്‍ മാനസികമായി തയാറെടുക്കണമെന്നും കൈഫ് എക്സ് പോസ്റ്റില്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജോലിഭാരം കണക്കിലെടുത്ത് മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ കളിക്കൂവെന്ന് ബുമ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദ്യ ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും കളിച്ച ബുമ്ര മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റിലും കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ 28 ഓവര്‍ പന്തെറിഞ്ഞ ബുമ്രക്ക് 95 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. മൂന്നാം ദിനം അവസാന ഓവറുകളില്‍ ബുമ്രയുടെ പന്തുകളുടെ വേഗം 130ലും താഴെയെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി കൈഫ് എത്തിയിരിക്കുന്നത്.
വരാനിരിക്കുന്ന ടെസ്റ്റുകളിലൊന്നും ബുമ്രയെ കാണാനാവുമെന്ന് തോന്നുന്നില്ലെന്ന് കൈഫ് പറഞ്ഞു. ഇനി ബുമ്ര ടെസ്റ്റില്‍ നിന്ന് വിരമിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ല. ശാരീരീകക്ഷമത നിലനിര്‍ത്താന്‍ ബുമ്ര ഏറെ പാടുപെടുന്നുണ്ട്. അദ്ദേഹത്തിന്‍റെ ശരീരം പൂര്‍ണമായും തളര്‍ന്നു കഴിഞ്ഞു. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുമ്രയുടെ പന്തുകളുടെ വേഗം കുറഞ്ഞത് ഇതിന് തെളിവാണ്.
ബുമ്ര നിസ്വാര്‍ത്ഥനായ കളിക്കാരനാണ്. ടീമിനായും രാജ്യത്തിനായും 100 ശതമാനം സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാകുകയും വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ ബുമ്ര തന്നെ സ്വയം പിന്‍മാറാന്‍ സാധ്യതയുണ്ടെന്നും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കൈഫ് വ്യക്തമാക്കി.
മാഞ്ചസ്റ്ററില്‍ ബുമ്ര ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. അദ്ദേഹത്തിന്‍റെ വേഗമാകട്ടെ 125-130 കിലോ മീറ്ററായി കുറയുകയും ചെയ്തു. കളിയോടുള്ള അഭിനിവേശം കുറഞ്ഞിട്ടില്ലെങ്കിലും ശാരീരികക്ഷമത നഷ്ടമായതിനാല്‍ ശരീരവും വഴങ്ങുന്നില്ല. അതുകൊണ്ട് ആദ്യം കോലി പോയി പിന്നാലെ രോഹിതും അശ്വിനും പോയി, ഇനി ആരാധകര്‍ ബുമ്രയില്ലാത്ത ടെസ്റ്റ് മത്സരങ്ങള്‍ കാണാന്‍ മാനസികമായി തയാറെടുക്കേണ്ടിയിരിക്കുന്നു. എന്‍റെ പ്രവചനം സത്യമാകരുതേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. പക്ഷെ മാഞ്ചസ്റ്റര്‍ ടെസ്റ്റ് കാണുമ്പോള്‍ ഞാന്‍ മനസിലാക്കുന്നത് അദ്ദേഹം മത്സരം ആസ്വദിക്കുന്നില്ലെന്നാണെന്നും കൈഫ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക