ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 മത്സരത്തിൽ 62 റൺസ് നേടിയാൽ, 2025-ൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്മൃതി മന്ദാനയ്ക്ക് സ്വന്തമാക്കാം. 

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ അവസാന വനിതാ ടി20 മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യന്‍ താരം സ്മൃതി മന്ദാന മറ്റൊരു നാഴികക്കല്ലിനരികെ. 2025 ലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനുള്ള ഒരുക്കത്തിലാണ് സ്മൃതി. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി ഇതുവരെ 1,703 റണ്‍സാണ് സ്മൃതി നേടിയത്. 1,764 റണ്‍സുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ശുഭ്മാന്‍ ഗില്ലിനെ മറികടക്കാന്‍ 62 റണ്‍സ് കൂടി മതി സ്മൃതിക്ക്. 2025 ല്‍ ഉടനീളം മന്ദാന തുടര്‍ച്ചയായ ഫോമിലാണ്.

ഒരു വര്‍ഷത്തിനിടെ ഒരു വനിതാ താരം നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് സ്മൃതിയുടെ പേരിലായി. ഈ സീസണില്‍ ഇന്ത്യന്‍ വനിതാ ടീം കാണിച്ച ആധിപത്യത്തിന് ഒരു പ്രധാന കാരണം സ്മൃതിയുടെ ഫോം തന്നെയാണ്. ഇന്ന് നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ വീണ്ടും ശ്രദ്ധാകേന്ദ്രം സ്മൃതിയായിരിക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് സ്മൃതിയെ തേടിയെത്തിയിരുന്നു.

മിതാലി രാജാണ് 10,000 ക്ലബിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം. ലോക താരങ്ങളെ എടുത്താല്‍ മുന്‍ ന്യൂസിലന്‍ഡ് താരം സൂസി ബേറ്റ്‌സ്, മുന്‍ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ് എന്നിവരാണ് പട്ടികയിലുള്ളത്. കരിയറില്‍ ഏഴ് ടെസ്റ്റുകള്‍ മാത്രം കളിച്ച സ്മൃതി ഏഴ് മത്സരങ്ങളില്‍ നിന്ന് 57.18 എന്ന മികച്ച ശരാശരിയില്‍ 629 റണ്‍സ് അവര്‍ നേടിയിട്ടുണ്ട്. അതില്‍ രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടുന്നു. ഏകദിനത്തില്‍, 117 മത്സരങ്ങളില്‍ നിന്ന് 48.38 ശരാശരിയില്‍ 5,322 റണ്‍സ് അവര്‍ നേടി.

14 സെഞ്ച്വറിയും 34 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെയാണിത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ ആറാമത്തെ താരമാണ് മന്ദാന. 157 മത്സരങ്ങളില്‍ നിന്ന് 4,102 റണ്‍സാണ് ടി20യില്‍ നിന്ന് നേടിയത്. എക്കാലത്തെയും മികച്ച റണ്‍സ് പട്ടികയില്‍ രണ്ടാം സ്ഥാനം.YouTube video player