ബുമ്രയുടെ പരിക്ക്: ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത്; ലണ്ടനിലേക്കയച്ചത് ഇക്കാരണത്താല്‍

By Web TeamFirst Published Oct 25, 2019, 3:08 PM IST
Highlights

പരിക്കില്‍ നിന്ന് സ്വാഭാവികമായി മോചിതനാകുന്നുണ്ട് എങ്കില്‍ എന്തിനാണ് താരത്തെ ലണ്ടനിലേക്ക് അയച്ചത് എന്ന ചോദ്യത്തിനും ബുമ്രയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മറുപടി നല്‍കി

ബെംഗളൂരു: സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര എപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനാകാത്ത താരത്തെ ബംഗ്ലാദേശിനെതിരായ ടി20- ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാനിച്ച പരമ്പരയ്‌ക്ക് തൊട്ടുമുന്‍പായിരുന്നു ബുമ്രയ്ക്ക് പരിക്കേറ്റ വിവരം പുറത്തുവന്നത്.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ജസ്‌പ്രീത് ബുമ്ര. എന്നാല്‍ എപ്പോള്‍ ബുമ്ര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന്  ഇപ്പോള്‍ പറയാനാവില്ല എന്നാണ് സൂചനകള്‍. 'ബുമ്ര സ്വാഭാവികമായി ഫിറ്റ്നസ് വീണ്ടെടുത്തുവരികയാണ്. ഓടാനും ലളിതമായ പരിശീലനങ്ങളും ബുമ്ര തുടങ്ങിയിട്ടുണ്ട്. ദീപാവലിക്ക് ശേഷം ബുമ്രയുടെ ആരോഗ്യം സംബന്ധിച്ച് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തും. ഇപ്പോള്‍ കാര്യങ്ങളെല്ലാം ഭാഗിയായാണ് മുന്നോട്ടുപോവുന്നത്' എന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.  

പരിക്കില്‍ നിന്ന് സ്വാഭാവികമായി മോചിതനാകുന്നുണ്ട് എങ്കില്‍ എന്തിനാണ് താരത്തെ ലണ്ടനിലേക്ക് അയച്ചത് എന്ന ചോദ്യത്തിനും ബുമ്രയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മറുപടി നല്‍കി. 'ന്യൂസീലന്‍ഡ് പര്യടനവും അടുത്ത വര്‍ഷം ടി20 ലോകകപ്പും നടക്കാനിരിക്കേ ബുമ്രയുടെ കാര്യത്തില്‍ പരീക്ഷണങ്ങള്‍ക്ക് ടീം മാനേജ്‌മെന്‍റ് തയ്യാറല്ല. ലോകകപ്പിനായി 100 ശതമാനം ഫിറ്റ്‌നസ് ബുമ്ര കൈവരിക്കേണ്ടതുണ്ട്'

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ വ്യാഴാഴ്‌ച ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ ബുമ്രയുടെ പേരുണ്ടായിരുന്നില്ല. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. മത്സരങ്ങളുടെ ആധിക്യം പരിഗണിച്ചാണ് കോലിക്ക് വിശ്രമം അനുവദിച്ചത്. കോലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. എന്നാല്‍ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ കോലി തിരിച്ചെത്തും. 
 

click me!