വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം ധോണി ആദ്യം പറഞ്ഞ വാക്കുകള്‍ വിശദീകരിച്ച് ബാലാജി

By Web TeamFirst Published Aug 22, 2020, 7:10 PM IST
Highlights

പിന്നീട് ഗ്രൗണ്ടില്‍ തിരിച്ചുവന്നപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വിരമിക്കല്‍ സന്ദേശം പോസ്റ്റ് ചെയ്ത് ധോണിയും ഗ്രൗണ്ടിലെത്തിയിരുന്നു. കരിയറിലെ ഏറ്റവും വലിയ തീരുമാനമെടുത്തിട്ടാണ് ധോണി വന്നിരിക്കുന്നത് എന്ന് എനിക്കപ്പോള്‍ അറിയില്ലായിരുന്നു.

ചെന്നൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം അതിന്റെ യാതൊരു ലാഞ്ജനയുമില്ലാതെയായിരുന്നു ധോണിയുടെ പെരുമാറ്റമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബൗളിംഗ് പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ ലക്ഷ്മിപതി ബാലാജി. വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുവരെ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ഞാനും ധോണിയും ഒപ്പമുണ്ടായിരുന്നു. പരിശീലനത്തിനുശേഷം സാധാരണയായി ഞാന്‍ ധോണിയോട് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. എന്നാല്‍ അന്ന് പരിശീലനം പൂര്‍ത്തിയാക്കി ഞാനെന്റെ മുറിയിലേക്ക് പോയി.

പിന്നീട് ഗ്രൗണ്ടില്‍ തിരിച്ചുവന്നപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വിരമിക്കല്‍ സന്ദേശം പോസ്റ്റ് ചെയ്ത് ധോണിയും ഗ്രൗണ്ടിലെത്തിയിരുന്നു. കരിയറിലെ ഏറ്റവും വലിയ തീരുമാനമെടുത്തിട്ടാണ് ധോണി വന്നിരിക്കുന്നത് എന്ന് എനിക്കപ്പോള്‍ അറിയില്ലായിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ എന്റെ അടുത്തെത്തി ധോണി പറഞ്ഞു, പിച്ച് ഒന്നു കൂടി നന്നായി നനക്കാന്‍ ഗ്രൗണ്ട്സ്നമാനോട് പറഞ്ഞിട്ടുണ്ടെന്ന്. ഞാന്‍ ശരിയെന്ന് പറഞ്ഞു. അപ്പോഴും എനിക്കൊന്നും അറിയില്ലായിരുന്നു. അത് ധോണിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകകമായ നിമിഷമാണെന്ന്. പക്ഷെ അങ്ങനെയാണ് ധോണി എപ്പോഴും.

Also Read:അർജുന പുരസ്കാരം ലഭിക്കാൻ ഏതു മെഡലാണ് ഇനി നേടേണ്ടതെന്ന് പ്രധാനമന്ത്രിയോടും കായിക മന്ത്രിയോടും സാക്ഷി മാലിക്ക്

എന്നാല്‍ പിന്നീട് 7.29ന് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു എന്നറിഞ്ഞപ്പോള്‍ അത് വിശ്വസിക്കാന്‍ എനിക്ക് ഏതാനും മിനിട്ടുകള്‍ വേണ്ടിവന്നു. എല്ലാറ്റിനോടും അകലം പാലിച്ച് നില്‍ക്കാനുള്ള ധോണിയുടെ കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഏത് സാഹചര്യത്തിലം എന്തൊക്കെ സംഭവിച്ചാലും അതൊന്നും അദ്ദേഹത്തെ ബാധിക്കാറെ ഇല്ല- സ്റ്റാര്‍ സ്പോര്‍ട്സ് തമിഴിലെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ പങ്കെടുത്ത് ബാലാജി പറഞ്ഞു.

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ രാത്രി 7.29ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത രണ്ട് വരിയിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിക്ക് പിന്നാലെ ചെന്നൈ താരമായ സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

click me!