ഐപിഎല്ലില്‍ പണമിറക്കി കളിക്കാന്‍ മുന്നോട്ടുവന്ന് സൗദി, അത് നടക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ

By Web TeamFirst Published Mar 12, 2024, 9:57 AM IST
Highlights

സൗദി കിരീട അവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അൽ സൗദ് ഐപിഎല്ലില്‍ അഞ്ച് മുതല്‍ 30 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുംബൈ: ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ വന്‍ നിക്ഷേപത്തിന് തയാറായി സൗദി അറേബ്യയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കായിക ലീഗായ ഐപിഎല്ലില്‍ സൗദി അറേബ്യ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ബിസിസഐ ഒരു സൊസൈറ്റിയാണെന്നും പുറത്തു നിന്നുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കാനാവില്ലെന്നും വാര്‍ത്തകളോട് പ്രതികരിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

ബിസിസിഐ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനമല്ലെന്നും സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനമാണെന്നും അതിനാല്‍ വിദേശ നിക്ഷേപം സ്വീകരിക്കാനാവില്ലെന്നും ജയ് ഷാ പിടിഐയോട് പറഞ്ഞു. സൗദി കിരീട അവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അൽ സൗദ് ഐപിഎല്ലില്‍ അഞ്ച് മുതല്‍ 30 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐപിഎല്ലിന്‍റെ നിലവിലെ ആകെ മൂല്യത്തേക്കാള്‍ മൂന്നിരട്ടിയാണിത്. 11.2 ബില്യണ്‍ ഡോളറാണ് ഐപിഎല്ലിന്‍റെ നിലവിലെ മൂല്യമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഓരോ രണ്ട് വര്‍ഷം കൂടുന്തോറം 2 ബില്യണ്‍ ഡോളര്‍വെച്ചാണ് ഐപിഎല്ലിന്‍റെ മൂല്യം ഉയരുന്നത്.

വിളക്കു കത്തിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ, തേങ്ങ ഉടച്ച് മാര്‍ക്ക് ബൗച്ചര്‍;മുംബൈ ഇന്ത്യൻസ് ഡ്രസ്സിംഗ് റൂം ഭക്തിമയം

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെയോ റിസര്‍വ് ബാങ്കിന്‍റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ബിസിസിഐക്ക് കഴിയില്ല എന്നതിനാല്‍ സൗദിയുടെ നീക്കം നടക്കില്ലെന്നാണ് സൂചന. അടുത്തിടെ ഫുട്ബോളിലും ഗോള്‍ഫിലും സൗദി അറേബ്യ വന്‍തോതില്‍ പണം മുടക്കിയിരുന്നു. സൗദ പ്രഫഷണല്‍ ലീഗിലേക്ക് ലോകോത്തര താരങ്ങളെ വന്‍തുക മുടക്കി ടീമിലെത്തിച്ച് ഫുട്ബോള്‍ ലോകത്തെ ഞെട്ടിക്കാനും സൗദിക്കായിരുന്നു. ലോകമെമ്പാടും ടി20 ലീഗുകള്‍ക്ക് ലഭിക്കുന്ന പ്രചാരവും പിന്തുണയും കണ്ടാണ് സൗദിയും വന്‍ നിക്ഷേപത്തിന് തയാറായതെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!