60 പന്തില്‍ 88*, ദീപ്‌തി ശര്‍മ്മ പോരാട്ടം പാഴായി; യുപി വാരിയേഴ്‌സിന് തോല്‍വി, കനത്ത തിരിച്ചടി

By Web TeamFirst Published Mar 11, 2024, 10:47 PM IST
Highlights

ആറാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടുകെട്ടുമായി ദീപ്‌തിയും പൂനവും തിമിര്‍ത്താടിയിട്ടും യുപിക്ക് നിരാശയായി ഫലം

ദില്ലി: വനിത പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള യുപി വാരിയേഴ്‌സിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഇന്നത്തെ മത്സരത്തില്‍ ഗുജറാത്ത് ജയന്‍റ്‌സിനോട് ദീപ്‌തി ശര്‍മ്മ- പൂനം ഖേംനര്‍ പോരാട്ടത്തിനിടയിലും യുപി 8 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുപി വാരിയേഴ്‌സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 144 റണ്‍സെടുക്കാനേയായുള്ളൂ. ആറാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടുകെട്ടുമായി ദീപ്‌തിയും പൂനവും തിമിര്‍ത്താടിയിട്ടും യുപിക്ക് നിരാശയായി ഫലം. ദീപ്‌തി 60 പന്തില്‍ 88* റണ്‍സുമായി പുറത്താവാതെ നിന്നു. 

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്ത് ജയന്‍റ്‌സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 152 റണ്‍സ് എടുക്കുകയായിരുന്നു. ലോറ വോള്‍വാര്‍ട്ട്- ബേത്ത് മൂണി സഖ്യത്തിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ട് മാറ്റിനിര്‍ത്തിയാല്‍ മറ്റ് ബാറ്റര്‍മാര്‍ തിളങ്ങാതിരുന്നതാണ് കൂറ്റന്‍ സ്കോറില്‍ നിന്ന് ജയന്‍റ്‌സിനെ തടഞ്ഞത്. വോള്‍വാര്‍ട്ട്- ബേത്ത് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 7.5 ഓവറില്‍ 60 റണ്‍സ് ചേര്‍ത്തു. ലോറ വോള്‍വാര്‍ട്ട് 30 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ബേത്ത് മൂണി 52 ബോളില്‍ 74* റണ്‍സുമായി പുറത്താവാതെ നിന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും പൊരുതിയ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മൂണിയുടെ ഇന്നിംഗ്‌സാണ് ജയന്‍റ്‌സിനെ കാത്തത്.  

ദയാലന്‍ ഹേമതല പൂജ്യത്തിനും ഫോബി ലിച്ച്‌ഫീല്‍ഡ് നാലിനും ആഷ്‌ലി ഗാര്‍ഡ്‌നര്‍ 15നും ഭാരതി ഫുല്‍മാലി ഒന്നിനും കാതറിന്‍ ബ്രൈസ് 11നും തനൂജ കാന്‍വാര്‍ ഒന്നിനും ഷബ്‌നം ഷാകില്‍ പൂജ്യത്തിനും പുറത്തായി. യുപി വാരിയേഴ്‌സിനായി സോഫീ എക്കിള്‍സ്റ്റണ്‍ മൂന്നും ദീപ്‌തി ശര്‍മ്മ രണ്ടും രാജേശ്വരി ഗെയ്‌ക്‌വാദും ചമാരി അത്തപ്പത്തുവും ഓരോ വിക്കറ്റുമായും തിളങ്ങി. 

മറുപടി ബാറ്റിംഗില്‍ ഷബ്‌നം ഷാകില്‍ എറിഞ്ഞ ആദ്യ ഓവറില്‍ അലീസ ഹീലി (4), ചമാരി അത്തപത്തു (0), എന്നിവരും തൊട്ടടുത്ത കാതറിന്‍ ബ്രൈസിന്‍റെ ഓവറില്‍ കിരണ്‍ നവ്‌ഗീറും (0) പുറത്തായത് യുപിക്ക് പ്രഹരമായി. ഗ്രേസ് ഹാരിസ് (1), ശ്വേത സെരാവത്ത് (8) എന്നിവരും വേഗത്തില്‍ മടങ്ങിയതോടെ യുപി ഏഴ് ഓവറില്‍ 35-5 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടു. എന്നാല്‍ ഇതിലൊന്നും തളരാതെ ദീപ്‌തി ശര്‍മ്മ- പൂനം ഖേംനര്‍ കൂട്ടുകെട്ട് യുപിയെ 17-ാം ഓവറില്‍ 100 കടത്തി. എന്നാല്‍ അവസാന ഓവറിലെ 26 റണ്‍സ് വിജയലക്ഷ്യം ഇരുവര്‍ക്കും എത്തിപ്പിടിക്കാനായില്ല. ദീപ്‌തി ശര്‍മ്മ 60 പന്തില്‍ 88* ഉം, പൂനം ഖേംനര്‍ 36 പന്തില്‍ 36* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. 

Read more: 16 വര്‍ഷം, ഒരേയൊരു കിംഗ്; വിരാട് കോലിക്ക് ആദരവുമായി ആര്‍സിബി, പോസ്റ്റര്‍ സീന്‍ മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!