ഐസിസി ചെയര്‍മാന്‍ സ്ഥാനത്ത് ജയ് ഷാക്ക് രണ്ടാമൂഴം, തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

Published : Nov 16, 2026, 11:49 AM IST
Jay Shah

Synopsis

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാനായി ജയ് ഷായെ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുത്തു. ക്രിക്കറ്റിന്റെ ആഗോള വ്യാപനത്തിനും ഒളിമ്പിക്സ് പ്രവേശനത്തിനും അദ്ദേഹത്തിന്റെ നേതൃത്വം കരുത്തേകുമെന്ന് ബോർഡ് വിലയിരുത്തി.

ബാലി/ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐസിസി) ചെയർമാനായി ജയ് ഷായെ രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്തോനേഷ്യയിലെ ബാലിയിൽ ചേർന്ന ഐസിസി ബോർഡ് യോഗത്തിൽ ഡയറക്ടർമാർ മുന്നോട്ടുവെച്ച നിർദ്ദേശത്തെത്തുടർന്നാണ് 38കാരനായ ജയ് ഷായെ രണ്ട് വർഷത്തെ രണ്ടാം ടേമിലേക്ക് കൂടി നിയമിക്കാൻ തീരുമാനിച്ചത്. 2024 ഡിസംബറിലാണ് മുൻ ബിസിസിഐ സെക്രട്ടറി കൂടിയായ ജയ് ഷാ ആദ്യമായി ഐസിസി ചെയര്‍മാനായത്.

ക്രിക്കറ്റിന്‍റെ ആഗോള വ്യാപനം, ആരാധകരുടെ എണ്ണത്തിലുള്ള വർധനവ്, വാണിജ്യപരമായ വളർച്ച എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന നിർണായക ഘട്ടത്തിൽ ജയ് ഷായുടെ നേതൃത്വം തുടരുന്നത് കായികരംഗത്തിന് കരുത്താകുമെന്ന് ഐസിസി ബോർഡ് വിലയിരുത്തി. 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലൂടെ ക്രിക്കറ്റ് ഒളിമ്പിക്സ് വേദിയിലേക്ക് തിരിച്ചെത്തുന്നതും, അടുത്തിടെ പ്രഖ്യാപിച്ച ദീർഘകാല മത്സര കലണ്ടറും മുന്നിൽ നിൽക്കെയാണ് ഈ തീരുമാനം.

വനിതാ ക്രിക്കറ്റിന്‍റെ വളർച്ച, അസോസിയേറ്റ് അംഗരാജ്യങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകൽ, അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ വിശ്വാസ്യത സംരക്ഷിക്കൽ എന്നിവയ്ക്കായി തുടർന്നും പ്രവർത്തിക്കുമെന്ന് ബോർഡ് വ്യക്തമാക്കി. തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ഐസിസി ബോർഡിനോട് നന്ദി പറഞ്ഞ ജയ് ഷാ, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പ്രതികരിച്ചു. 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള ക്രിക്കറ്റിന്‍റെ തിരിച്ചുവരവ് പുതിയ പ്രേക്ഷകരിലേക്ക് കളി എത്തിക്കാനും പുതിയ തലമുറയിലെ താരങ്ങളെയും ആരാധകരെയും പ്രചോദിപ്പിക്കാനും വലിയ അവസരമാണ് നൽകുന്നത്. ടൂർണമെന്‍റുകൾ വിജയകരമായി നടത്തുന്നതിനപ്പുറം ആരാധകർ, താരങ്ങൾ, വാണിജ്യ പങ്കാളികൾ എന്നിവർക്ക് ഗുണകരമാകുന്ന രീതിയിൽ ക്രിക്കറ്റിന് ശക്തവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും, ആളുകളെ ഒരുമിപ്പിക്കാനുള്ള കഴിവാണ് ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ക്രിക്കറ്റ് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് കളിയുടെ പാരമ്പര്യം നിലനിർത്തിക്കൊണ്ടുതന്നെ പുതിയ മാറ്റങ്ങളെയും വാണിജ്യ സാധ്യതകളെയും ഉൾക്കൊള്ളാൻ ജയ് ഷായുടെ നേതൃത്വത്തിന് സാധിക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റിച്ചാർഡ് തോംസൺ അഭിപ്രായപ്പെട്ടു. വനിതാ ക്രിക്കറ്റിന്‍റെ വളർച്ചയ്ക്ക് കൂടുതൽ കരുത്തുപകരാനും, വെല്ലുവിളികൾ നേരിടുന്ന വനിതാ താരങ്ങളെ പിന്തുണയ്ക്കാനും ജയ് ഷായുടെ രണ്ടാമൂഴം സഹായിക്കുമെന്ന് ഐസിസി ഇൻഡിപെൻഡന്‍റ് ഡയറക്ടർ ഡോ. റോസ് റിവാസ് ആശംസിച്ചു.എല്ലാ അംഗരാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ ജയ് ഷാ മികച്ച നേതൃത്വപാടവമാണ് കാഴ്ചവെച്ചതെന്ന് ഐസിസി ഡെപ്യൂട്ടി ചെയർമാനും സിംബാബ്‌വെ ക്രിക്കറ്റ് ചെയർമാനുമായ തവെങ്വ മുകുഹ്ലാനി പറഞ്ഞു. 2027-ലെ ഏകദിന ലോകകപ്പ് ആഫ്രിക്കൻ ക്രിക്കറ്റിന്‍റെ വികസനത്തിൽ നിർണ്ണായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഒളിമ്പിക്സ് ഉൾപ്പെടെയുള്ള വലിയ കായിക മാമാങ്കങ്ങളിലേക്ക് ക്രിക്കറ്റ് കടക്കുമ്പോൾ ജയ് ഷായുടെ തുടർച്ചയായ നേതൃത്വം കായികരംഗത്തിന് വലിയ കരുത്താകുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ഡയറക്ടർ റോജർ ട്വോസ് വിലയിരുത്തി. അസോസിയേറ്റ് രാജ്യങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ജയ് ഷായുടെ നേതൃത്വത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് ഐസിസി അസോസിയേറ്റ് മെമ്പർ ചെയർമാൻ ഗുരുമൂർത്തി പളനിയും പ്രത്യാശ പ്രകടിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്രിക്കറ്റ് ആരാധകർക്ക് ഇരട്ടിമധുരം; ഏകദിന ലോകകപ്പിനും 23 വർഷത്തിനുശേഷം ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ വേദിയാവും
'ദീപാവലി ദിനത്തിൽ പാക് താരങ്ങൾ അധിക്ഷേപിച്ചു; മറുപടി നൽകാൻ ഫൈനലിനായി കാത്തിരിക്കുകയായിരുന്നു', യഷ്‌വീർ ഗൗഡ്