അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരായ ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷങ്ങൾക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി യഷ്വീർ ഗൗഡ്. ഗ്രൂപ്പ് ഘട്ടത്തിൽ പാക് താരങ്ങളിൽ നിന്നുണ്ടായ അധിക്ഷേപങ്ങൾക്കുള്ള മറുപടിയാണ് ഫൈനലിലെ വിജയമെന്ന് താരം പറഞ്ഞു.
ദില്ലി: അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ശേഷമുള്ള ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷങ്ങൾക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ താരം യഷ്വീർ ഗൗഡ്. ദീപാവലി ദിനത്തിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്ഥാൻ താരങ്ങളിൽ നിന്നുണ്ടായ അധിക്ഷേപങ്ങൾക്കും വാക്കേറ്റത്തിനും കളിക്കളത്തിൽ തന്നെ മറുപടി നൽകണമെന്ന വാശിയായിരുന്നു ടീമിനെ നയിച്ചതെന്ന് യഷ്വീർ ഗൗഡ് സ്പോർട്സ് ടുഡേയോട് പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയ മത്സരത്തിനിടെ പാക് താരങ്ങൾ മോശം ഭാഷ ഉപയോഗിച്ചതായും വാക്കേറ്റമുണ്ടായതായും യഷ്വീർ വെളിപ്പെടുത്തി. അന്ന് അർജുൻ രജ്പുത്തിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യ 208 റൺസെടുത്തപ്പോൾ, ഹംസ സറൂറിന്റെ സെഞ്ച്വറിയിലൂടെ പാകിസ്ഥാൻ ലക്ഷ്യം മറികടക്കുകയായിരുന്നു. ദീപാവലി ദിനത്തിൽ ഞങ്ങൾ ആ മത്സരം തോറ്റു. അന്ന് ഞങ്ങളും അവരും തമ്മില്‍ വാക്കേറ്റമുണ്ടായി, അവർ ഞങ്ങൾക്കുനേരെ അസഭ്യവർഷം നടത്തി. തോറ്റതിനാൽ ഞങ്ങൾക്ക് അന്നൊന്നും തിരിച്ചു പറയാൻ സാധിച്ചില്ല. ഞങ്ങൾ ഫൈനലിനായി കാത്തിരിക്കുകയായിരുന്നു. മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ കരുത്ത് എന്താണെന്ന് കാണിച്ചുകൊടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു- യഷ്വീർ ഗൗഡ് പറഞ്ഞു.
ഫൈനലിൽ അവസാന പന്തിൽ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം. പാകിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 252/8 എന്ന നിലയിൽ തകർന്നതായിരുന്നു. എന്നാൽ മനാൽ ചൗഹാൻ (47), പുറത്താകാതെ 49 റൺസെടുത്ത മോഹിത് ഉൽവ എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചു. അവസാന പന്തിൽ ബൗണ്ടറി നേടിയാണ് ഉൽവ വിജയ റൺ കുറിച്ചത്. വിജയത്തിന് പിന്നാലെ എതിരാളികൾക്ക് നേരെ നടത്തിയ ആഘോഷങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളോടും യഷ്വീർ പ്രതികരിച്ചു. അവർ നേരത്തെ ചെയ്തത് തന്നെയാണ് ഞങ്ങളും ചെയ്തത്. അന്ന് ഞങ്ങൾ നിശബ്ദരായിരുന്നു, ഇപ്പോൾ അവരും നിശബ്ദരായി. ഞങ്ങൾ ഇന്ത്യൻ ജേഴ്സിയാണ് അണിഞ്ഞിരിക്കുന്നത്. ഈ നിമിഷത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. എല്ലാവരും വൈകാരികമായാണ് പ്രതികരിച്ചതെന്നും യഷ്വീർ കൂട്ടിച്ചേർത്തു.
ന്യായീകരിച്ച് ക്യാപ്റ്റനും
ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷങ്ങളെ ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും ന്യായീകരിച്ചു.ഗ്രൂപ്പ് ഘട്ടത്തിലെ തോൽവി തീർച്ചയായും ഒരു ഘടകമായിരുന്നു. ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ എപ്പോഴും പിരിമുറുക്കവും ആവേശവും നിറഞ്ഞതായിരിക്കും. ഫൈനൽ ജയിക്കാൻ ഞങ്ങൾ ഒരുപാട് കഠിനാധ്വാനം ചെയ്തിരുന്നു. അതിനാൽ വികാരങ്ങൾ സ്വാഭാവികമായും പുറത്തുവന്നു. അതൊരു സാധാരണ ആഘോഷം മാത്രമായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. മുൻപ് ഒരു മത്സരം തോറ്റതിനാൽ ഈ വിജയത്തിനായി ഞങ്ങൾ അത്രയേറെ ദാഹിച്ചിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കളിക്കാര്‍ ചിലപ്പോൾ അൽപം നാടകീയമായി ആഘോഷിച്ചിട്ടുണ്ടാകാം, എങ്കിലും അത് തികച്ചും സ്വാഭാവികമായിരുന്നുവെന്ന് ലക്ഷ്യ റായ്ചന്ദാനി പറഞ്ഞു.സഹതാരങ്ങളുടെ ആഘോഷങ്ങളെ താൻ തടഞ്ഞില്ലെന്നും ആ നിമിഷം ആസ്വദിക്കാൻ അവരെ അനുവദിക്കുകയായിരുന്നുവെന്നും ക്യാപ്റ്റൻ വെളിപ്പെടുത്തി. ഞാൻ ഒന്നും ചെയ്തില്ല, അവരെ ആഘോഷിക്കാൻ അനുവദിച്ചു. അതൊരു നല്ല അനുഭവമായിരുന്നു. ഇത്തരമൊരു വിജയത്തിന് ശേഷം നിങ്ങൾക്ക് അവരെ തടയാനാകില്ല. അതൊരു നല്ല ഓർമ്മയും സവിശേഷമായ അനുഭവവുമാണെന്നും ലക്ഷ്യ കൂട്ടിച്ചേർത്തു.
നീണ്ട കാത്തിരിപ്പിനൊടുവിൽ കിരീടനേട്ടം
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ അണ്ടർ-19 ഏഷ്യാ കപ്പ് കിരീടം തിരിച്ചുപിടിക്കുന്നത്. 2021-ലാണ് ഇതിനുമുമ്പ് ഇന്ത്യ ചാമ്പ്യന്മാരായത്. 2023-ൽ സെമി ഫൈനലിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ട ഇന്ത്യയ്ക്ക്, 2024 ഫൈനലിൽ ബംഗ്ലാദേശിനോടും (59 റൺസിന്) 2025 ഫൈനലിൽ പാകിസ്ഥാനോടും (191 റൺസിന്) കാലിടറിയിരുന്നു. തുടർച്ചയായ മൂന്ന് ടൂർണമെന്റുകളിലെ നിരാശയ്ക്ക് വിരാമമിട്ടുകൊണ്ടാണ് 2026-ൽ പാകിസ്ഥാനെതിരെ നേടിയ ത്രില്ലർ വിജയത്തിലൂടെ ഇന്ത്യ വീണ്ടും ഏഷ്യൻ ചാമ്പ്യന്മാരായത്.












