കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്ത്

By Web TeamFirst Published Jul 16, 2020, 2:42 PM IST
Highlights

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജോഫ്ര ആര്‍ച്ചറെ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്താക്കി.

ലണ്ടന്‍: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജോഫ്ര ആര്‍ച്ചറെ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്താക്കി. മാഞ്ചസ്റ്ററില്‍ ടെസ്റ്റു തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് താരത്തെ പുറത്താക്കിയത്. കളിക്കാര്‍ക്കു കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുമെടുത്തു ക്രമീകരിച്ച പ്രത്യേക മേഖലയാണ് ആര്‍ച്ചര്‍ ലംഘിച്ചത്. നിയന്ത്രണങ്ങള്‍ ലംഘിച്ച ആര്‍ച്ചറിനെ അഞ്ച് ദിവസത്തേക്ക് ഐസലേഷനിലേക്ക് മാറ്റും. ഈ കാലയളവില്‍ രണ്ടു തവണ കോവിഡ് 19 പരിശോധനയ്ക്കും വിധേയനാക്കും. രണ്ട് പരിശോധനയിലും ഫലം നെഗറ്റീവായാല്‍ മാത്രം ഐസലേഷനില്‍നിന്ന് പുറത്തു വരാമെന്നാണ് അറിയിപ്പ്.

പുറത്താക്കിയതിന് പിന്നാലെ ആര്‍ച്ചര്‍ ആരാധകരോട് മാപ്പ് പറഞ്ഞു. ''എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവിന് ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പു ചോദിക്കുന്നു. എന്റെ പ്രവര്‍ത്തിയിലൂടെ എന്നെ മാത്രമല്ല, സഹതാരങ്ങളെയും ടീം മാനേജ്‌മെന്റിനെയുമാണ് ഞാന്‍ അപകടത്തിലാക്കിയത്. അതിന്റെ എല്ലാ പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്തം എനിക്കു മാത്രമാണ്. ബയോ സെക്യുര്‍ ബബിളിനുള്ളിലുള്ള എല്ലാവരോടും ഒരിക്കല്‍ക്കൂടി മാപ്പു ചോദിക്കുന്നു.''  ആര്‍ച്ചര്‍ വ്യക്തമാക്കി. ''മാഞ്ചസ്റ്റര്‍ ടെസ്റ്റ് നഷ്ടമാകുന്നതില്‍ വേദനയുണ്ട്. പ്രത്യേകിച്ച് ടീം ഒരു ടെസ്റ്റ് തോറ്റുനില്‍ക്കുമ്പോള്‍. രണ്ട് ടീമുകളുടേയും ആത്മവിശ്വാസം തകര്‍ക്കുന്ന കാര്യമാണ് ഞാന്‍ ചെയ്തതെന്ന് തിരിച്ചറിയുന്നു. ഒരിക്കല്‍കൂടി എല്ലാവരോടും മാപ്പ്.'' ആര്‍ച്ചര്‍ പറഞ്ഞു.

Official Statement: Jofra Archer

— England Cricket (@englandcricket)

ഒന്നാം ടെസ്റ്റില്‍ കളിച്ച ജയിംസ് ആന്‍ഡേഴ്‌സനും മാര്‍ക്ക് വുഡിനും വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ആര്‍ച്ചറിലായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷ മുഴുവന്‍. ഒന്നാം ടെസ്റ്റില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.

click me!