വീണ്ടും വംശീയാധിക്ഷേപം; ജോഫ്ര ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റിലും കളിച്ചേക്കില്ല

By Web TeamFirst Published Jul 22, 2020, 9:11 PM IST
Highlights

കളിക്കാനിറങ്ങുന്നെങ്കില്‍ 100 ശതമാനം പ്രകടനം പുറത്തെടുക്കാനാകണം. അതിന് കഴിയുന്നില്ലെങ്കില്‍ മൂന്നാം ടെസ്റ്റില്‍ കളിക്കില്ലെന്നും ആര്‍ച്ചര്‍

ലണ്ടന്‍: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ ആര്‍ച്ചറെ വംശീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വീണ്ടും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മൂന്നാം ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന കാര്യം ആര്‍ച്ചര്‍ ആലോചിക്കുന്നത്. ഡെയ്‌ലി മെയിലില്‍ എഴുതിയ കോളത്തിലാണ് ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം സൂചിപ്പിച്ചത്.

താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ആര്‍ച്ചര്‍ വ്യക്തമാക്കി. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉയര്‍ന്നത് വംശീയമായി അധിക്ഷേപിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ്. ഈ സാഹചര്യത്തില്‍ ശാന്തമായ മനസോടെ മൂന്നാം ടെസ്റ്റില്‍ കളിക്കാനാവുമെന്ന് കരുതുന്നില്ലെന്നും മൂന്നാം ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ആര്‍ച്ചര്‍ വ്യക്തമാക്കി.

കളിക്കാനിറങ്ങുന്നെങ്കില്‍ 100 ശതമാനം പ്രകടനം പുറത്തെടുക്കാനാകണം. അതിന് കഴിയുന്നില്ലെങ്കില്‍ മൂന്നാം ടെസ്റ്റില്‍ കളിക്കില്ലെന്നും ആര്‍ച്ചര്‍ എഴുതി. കഴിഞ്ഞ കുറച്ചുദിവസമായി ഇന്‍സ്റ്റഗ്രാമിലൂടെ ലഭിക്കുന്ന  പ്രതികരണങ്ങളില്‍ പലതും വംശീയമായി അധിക്ഷേപിക്കുന്നതായിരുന്നു. കേട്ടിടത്തോളം മതിയായി. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

താന്‍ കളിച്ചില്ലെങ്കിലും ഇംഗ്ലണ്ടിന്റെ ബൗളിംഗ് കരുത്തിനെ അത് ബാധിക്കില്ലെന്നും മതിയായ പകരക്കാര്‍ ഇംഗ്ലണ്ട് നിരയിലുണ്ടെന്നും ആര്‍ച്ചര്‍ പറഞ്ഞു. രണ്ടാം ടെസ്റ്റിനായി സതാംപ്ടണില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പോകും വഴി അനുമതിയില്ലാതെ കുടുബത്തെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ആര്‍ച്ചറെ രണ്ടാം ടെസ്റ്റില്‍ നിന്ന് വിലക്കിയത്. വിലക്കിന് പുറമെ ആര്‍ച്ചര്‍ക്ക് പിഴയും താക്കീതും നല്‍കിയിരുന്നു.

click me!