ഹമ്പോ, എന്തൊരു ഇലവന്‍; ഇന്ത്യ-ഓസീസ് താരങ്ങളുടെ ടെസ്റ്റ് ടീമില്‍ എന്നിട്ടും സര്‍പ്രൈസ്!

By Web TeamFirst Published Jul 31, 2020, 3:26 PM IST
Highlights

ടീം കണ്ട് ആരാധകര്‍ അന്തംവിടുമെങ്കിലും ചില സ്റ്റാര്‍ പേരുകള്‍ അടുക്കിവച്ചപ്പോള്‍ ക്രമം തെറ്റി എന്നത് കൗതുകമാണ്

സിഡ്‌നി: ടെസ്റ്റിലെ മികച്ച ഇലവനെ തെരഞ്ഞെടുക്കുന്നത് ക്രിക്കറ്റ് ലോകത്തിന് അത്ര പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ രണ്ട് ടീമുകളിലെ താരങ്ങളെ ചേര്‍ത്തൊരു ടീം മുമ്പ് അധികം കേട്ടിട്ടില്ല താനും. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡാണ് ഇത്തരത്തിലൊരു ടീമിനെ തെരഞ്ഞെടുത്തത്. ടീം കണ്ട് ആരാധകര്‍ അന്തംവിടുമെങ്കിലും ചില സ്റ്റാര്‍ പേരുകള്‍ അടുക്കിവച്ചപ്പോള്‍ ക്രമം തെറ്റി എന്നത് കൗതുകമാണ്. ഇപ്പോള്‍ സജീവ ക്രിക്കറ്റിലുള്ള താരങ്ങളുടേതാണ് ടീം. 

പേസര്‍മാരെയാണ് ഹേസല്‍വുഡ് ആദ്യം തെരഞ്ഞെടുത്തത്. തന്‍റെ പേരിനൊപ്പം ഇന്ത്യയില്‍ നിന്ന് ജസ്‌പ്രീത് ബുമ്രയും ഓസ്‌ട്രേലിയയില്‍ നിന്ന പാറ്റ് കമ്മിന്‍സും അടങ്ങുന്നതാണ് മൂവര്‍ സംഘം. സ്‌പിന്നറായി രണ്ട് പേരുടെ പേര് താരം മുന്നോട്ടുവെക്കുന്നു. ഓസ്‌ട്രേലിയയിലാണ് മത്സരം എങ്കില്‍ സഹതാരം നേഥന്‍ ലിയോണും ഇന്ത്യയാണ് വേദിയെങ്കില്‍ രവിചന്ദ്ര അശ്വിനും കളിക്കുമെന്ന് ഹേസല്‍വുഡ് വ്യക്തമാക്കി. 

ബാറ്റിംഗ് ലൈനപ്പിലുമുണ്ട് അമ്പരപ്പ്. രോഹിത് ശര്‍മ്മയെ മറികടന്ന് മായങ്ക് അഗര്‍വാളും ഓസീസ് സ്റ്റാര്‍ ഡേവിഡ് വാര്‍ണറുമാണ് ഓപ്പണര്‍മാര്‍. ഇന്ത്യയുടെ രണ്ടാം വന്‍മതില്‍ എന്ന വിശേഷണമുള്ള ചേതേശ്വര്‍ പൂജാരയ്‌ക്ക് മൂന്നാം നമ്പറില്‍ സ്ഥാനമില്ല എന്നതും ശ്രദ്ധേയം. സ്റ്റീവ് സ്‌മിത്താണ് പകരം ഇറങ്ങുക. ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാലാമതും പൂജാര അഞ്ചാമതും എത്തും. ആറാം നമ്പറിലേക്ക് രണ്ട് താരങ്ങളുടെ പേര് ഹേസല്‍വുഡ് നിര്‍ദേശിക്കുന്നു. രോഹിത് ശര്‍മ്മയും മാര്‍നസ് ലബുഷെയ്‌നുമാണത്. എന്നാല്‍ ഇലവനില്‍ വിക്കറ്റ് കീപ്പറെ പരിഗണിച്ചിട്ടില്ല. 

 

ടീം ഇങ്ങനെ

മായങ്ക് അഗര്‍വാള്‍, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, വിരാട് കോലി, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ്മ/മാര്‍നസ് ലബുഷെയ്‌ന്‍, രവിചന്ദ്ര അശ്വിന്‍, പാറ്റ് കമ്മിന്‍സ്, നേഥന്‍ ലിയോണ്‍, ജസ്‌പ്രീത് ബുമ്ര, ജോഷ് ഹേസല്‍വുഡ്

ഇന്ത്യയുടെ ഓസീസ് പര്യടനം മുന്‍നിര്‍ത്തിയാണ് ജോഷ് ഹേസല്‍വുഡിന്‍റെ ടീം സെലക്ഷന്‍. മൂന്ന് വീതം ടി20യും ഏകദിനവും നാല് ടെസ്റ്റുമാണ് ഇരു ടീമുകളും കളിക്കുക. ടെസ്റ്റ് മത്സരങ്ങളില്‍ ഒന്ന് പകലും രാത്രിയുമായാണ് അരങ്ങേറുക എന്നതും സവിശേഷതയാണ്. കഴിഞ്ഞ തവണ ടെസ്റ്റ് പരമ്പര നേടി വിരാട് കോലിയും സംഘവും ചരിത്രം കുറിച്ചിരുന്നു. എന്നാല്‍ അന്ന് വിലക്കുമൂലം ടീമിന് പുറത്തായിരുന്ന സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തുന്നത് പോരിന്‍റെ വീര്യമേറ്റും. 

ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പിക്കാന്‍ സുവര്‍ണാവസരം; സഞ്ജു ഐപിഎല്ലില്‍ തിളങ്ങുമെന്ന് പരിശീലകന്‍

click me!