
തിരുവനന്തപുരം: ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ മലയാളി താരം സഞ്ജു സാംസണുള്ള സുവര്‍ണാവസരമാണ് വരുന്ന രണ്ട് ഐപിഎല്‍ സീസണുകളെന്ന് പരിശീലകന്‍ ബിജു ജോര്‍ജ്. ഐപിഎല്ലിനായി സഞ്ജു വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്നും ബിജു ജോര്‍ജ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. വരുന്ന ഏഴ് മാസത്തിനിടെയാണ് രണ്ട് ഐപിഎല്ലുകള്‍ നടക്കുക.
'ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിന് സുവര്‍ണാവസരമാണ് ഐപിഎല്‍ എന്ന് പറയാം. സ്ഥിരത പുലര്‍ത്തുന്നു എന്ന് സഞ്ജുവിന്‍റെ വൈറ്റ് ബോള്‍ കരിയര്‍ പരിശോധിച്ചാല്‍ അറിയാം. അതിനാല്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കും എന്ന് ഉറപ്പാണ്. ഐപിഎല്ലില്‍ അരങ്ങേറിയത് മുതല്‍ സഞ്ജു സ്ഥിരതയാര്‍ന്ന പോരാട്ടമാണ് കാഴ്‌ചവെക്കുന്നത്. ഐപിഎല്‍ കളിക്കുമ്പോള്‍ സഞ്ജുവിന് എന്തെങ്കിലും സമ്മര്‍ദം ഉണ്ടെന്ന് തോന്നുന്നില്ല. പൂര്‍ണമായും തയ്യാറെടുപ്പുകള്‍ നടത്തുകയാണ് താരം. ഇത്രത്തോളം തയ്യാറെടുപ്പ് മുമ്പൊരിക്കലും കണ്ടിട്ടില്ല. തിരുവനന്തപുരത്ത് ലോക്ക് ഡൗണില്‍ പോലും സഞ്ജു വര്‍ക്കൗട്ട് ചെയ്യുന്നുണ്ടായിരുന്നു. ഐപിഎല്ലിലെ സഞ്ജുവിന്‍റെ നിര്‍ണായക പ്രകടനങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്' എന്നും ബിജു ജോര്‍ജ് പറഞ്ഞു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമാണ് 25കാരനായ സഞ്ജു. കരിയറില്‍ 93 മത്സരങ്ങളില്‍ നിന്ന് 27.61 ശരാശരിയില്‍ 2209 റണ്‍സ് സഞ്ജു അടിച്ചുകൂട്ടി. പുറത്താകാതെ നേടിയ 102 ആണ് ഉയര്‍ന്ന സ്‌കോര്‍. അതേസമയം ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് കാര്യമായ അവസരം ലഭിച്ചില്ല. നാല് ടി20 മാത്രം കളിച്ച താരത്തിന്‍റെ സമ്പാദ്യം 35 റണ്‍സ്. സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് തഴഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സഞ്ജു സാംസണെ മറികടന്ന് ഋഷഭ് പന്തിന് എന്തുകൊണ്ട് ടീം ഇന്ത്യ അവസരം നല്‍കുന്നു എന്നതിന് കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു ബിജു ജോര്‍ജ്. സഞ്ജുവിനെ സെലക്‌ടര്‍മാര്‍ മനഃപ്പൂര്‍വം ഒഴിവാക്കുന്നു എന്ന് പറയാനാവില്ല, പന്ത് ഇടംകൈയന്‍ ബാറ്റ്സ്‌മാനായതാണ് കൂടുതല്‍ അവസരങ്ങള്‍ക്ക് കാരണം എന്നും സഞ്ജുവിന്‍റെ പരിശീലകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!