ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി ജാക്വസ് കാലിസ്; കൂടെ സ്തലേക്കറും സഹീര്‍ അബ്ബാസും

By Web TeamFirst Published Aug 23, 2020, 4:55 PM IST
Highlights

അലന്‍ വില്‍ക്കിന്‍സ്, സുനില്‍ ഗവാസ്‌കര്‍, മെല്‍ ജോണ്‍സ്, ഷോണ്‍ പൊള്ളോക്ക് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ദുബായ്: ഐസിസിയുെട ഹാള്‍ ഓഫ് ഫെയിം 2020ല്‍ ഇടം പിടിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസ്. അദ്ദേഹത്തോടൊപ്പം മുന്‍ ഓസീസ് വനിതാ താരം ലിസ സ്തലേക്കര്‍, മുന്‍ പാകിസ്ഥാന്‍ താരം സഹീര്‍ അബ്ബാസ് എന്നിവരും ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി. അലന്‍ വില്‍ക്കിന്‍സ്, സുനില്‍ ഗവാസ്‌കര്‍, മെല്‍ ജോണ്‍സ്, ഷോണ്‍ പൊള്ളോക്ക് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ലോകക്രിക്കറ്റില്‍ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് കാലിസ്. ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റില്‍ 13289, ഏകദിനത്തില്‍ 11579 റണ്‍സും കാലിസ് നേടിയിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റിലും 250ല്‍ കൂടുതല്‍ വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തിലും ടെസ്റ്റിലും ദക്ഷിണാഫ്രിക്കയുടെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരനാണ് കാലിസ്. അംഗീകാരത്തില്‍ അഭിമാനമുണ്ടെന്ന് കാലിസ് വ്യക്തമാക്കി.

ഓസീസിന് വേണ്ടി 2005ലും 2013ലും വനിതാ ലോകകപ്പ് നേടിയിട്ടുണ്ട് ലിസ. അതോടൊപ്പം 2010, 2012 വര്‍ഷങ്ങളില്‍ ഓസീസ് ടി20 ലോകകപ്പ് ഉയര്‍ത്തുമ്പോഴും ലിസ ടീമിനൊപ്പമുണ്ടായിരുന്നു. വനിത ക്രിക്കറ്റില്‍ 100 വിക്കറ്റ് വീഴ്ത്തുകയും 1000 റണ്‍സ് നേടുകയും ചെയ്യുന്ന ആദ്യതാരമായിരുന്നു ലിസ. 2013 ഏകദിന ലോകകപ്പിന് ശേഷം വിരമിക്കുകയായിരുന്നു. സ്വപ്‌ന സാക്ഷാത്കാരമാണിതെന്നാണ് ലിസ അഭിപ്രായപ്പെട്ടത്.

പാകിസ്ഥാന് വേണ്ടി 78 ടെസ്റ്റും 62 ഏകദിനങ്ങളും കളിച്ചിട്ടുള്ള ക്രിക്കറ്ററാണ് സഹീര്‍ അബ്ബാസ്. രണ്ട് ഫോര്‍മാറ്റിലും 40ല്‍ കൂടുതല്‍ ആവറേജുണ്ട് അദ്ദേഹത്തിന്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 100 സെഞ്ചുറികളുല്ലല ഏക ഏഷ്യക്കാരനാണ് അബ്ബാസ്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യതാരവും അബ്ബാസ് തന്നെ. 

2009ലാണ് ആദ്യത്തെ ഹാള്‍ ഓഫ് ഫെയിം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സുനില്‍ ഗവാസ്‌കര്‍ (2009), ബിഷന്‍ സിംഗ് ബേദി (2009), കപില്‍ ദേവ് (2010), അനില്‍ കുംബ്ലെ (2015), രാഹുല്‍ ദ്രാവിഡ് (2018), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (2019) എന്നിവരാണ് ഇന്ത്യയില്‍ നിന്ന് നേട്ടത്തിനര്‍ഹരായ താരങ്ങള്‍.

click me!