ചെന്നൈ ആരാധകർ പോലും കയ്യടിച്ച നിമിഷം! അമ്പരന്ന് കമ്മിൻസും; കമിന്ദുവിന്റെ അവിശ്വസനീയ ക്യാച്ച്, വീഡിയോ

Published : Apr 25, 2025, 10:13 PM IST
ചെന്നൈ ആരാധകർ പോലും കയ്യടിച്ച നിമിഷം! അമ്പരന്ന് കമ്മിൻസും; കമിന്ദുവിന്റെ അവിശ്വസനീയ ക്യാച്ച്, വീഡിയോ

Synopsis

ഇതിനോടകം തന്നെ ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചെന്നാണ് കമിന്ദുവിന്റെ ബ്രില്യൻസിനെ വിശേഷിപ്പിക്കുന്നത്

സീസണിലുടനീളം, ഒരുപക്ഷേ ഐപിഎല്‍ തുടരുവോളം കാലം നിലനില്‍ക്കാൻ പോന്നൊരു നിമിഷം. അതായിരുന്നു ചെന്നൈ സൂപ്പ‍ര്‍ കിംഗ്‌സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലെ ഡിവാള്‍ഡ് ബ്രേവിസിനെ പുറത്താക്കിയ കമിന്ദു മെൻഡിസിന്റെ ക്യാച്ച്. ഇതിനോടകം തന്നെ ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചെന്നാണ് കമിന്ദുവിന്റെ ബ്രില്യൻസിനെ വിശേഷിപ്പിക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ മെല്ലപ്പോക്കിന് ബ്രേവിസ് അവസാനമിടാനൊരുങ്ങുമ്പോഴാണ് സംഭവം. 12 ഓവറില്‍ കമിന്ദുവിനെ മൂന്ന് തവണ അതിര്‍ത്തി കടത്തി ബ്രേവിസ് സീസണില്‍ തന്റെ വരവറിയിച്ചു നില്‍ക്കുന്നു. 13 ഓവറില്‍ തന്റെ വിശ്വസ്തൻ ഹര്‍ഷല്‍ പട്ടേലിന് കമ്മിൻസ് പന്ത് കൈമാറി. 

ഓവറിലെ നാലാം പന്ത് സിക്സര്‍ പായിച്ച് ഹര്‍ഷലിനും ബ്രേവിസ് വക ശിക്ഷ. എന്നാല്‍ അടുത്ത പന്ത് ഔട്ട്‌സൈഡ് ഓഫ് സ്റ്റമ്പ് ലെങ്തിലെറിഞ്ഞ് ബ്രേവിസിനെ ഷോട്ടിനായി ആകര്‍ഷിച്ചു ഹര്‍ഷല്‍. മികച്ച ടച്ചിലുണ്ടായിരുന്നു ബ്രേവിസിനതിനോട് കണ്ണടയ്ക്കാനാകുമായിരുന്നില്ല. ലോങ് ഓഫിലേക്ക് പന്ത് ലോഫ്‌റ്റ് ചെയ്തു ബ്രേവിസ്. 

തന്റെ ഇടതുവശത്തേക്ക് ചുവടുമാറ്റി ഒരു പറക്കല്‍. ഫുട്ബോളില്‍ വലകാക്കൻ നില്‍ക്കുന്ന ഗോളി അന്തരീക്ഷത്തിലേക്ക് ഡൈവ് ചെയ്യുന്നതുപോലൊരു കുതിപ്പ്. തന്റെ മുഴുവൻ ശരീരവും ഉപയോഗിച്ചുള്ള ആ ഡൈവില്‍ കമിന്ദു പന്ത് കയ്യിലൊതുക്കി. അസാധ്യമായൊരു ക്യാച്ച്. ക്യാച്ച് പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു ചിരി, പന്ത് കൈ വെള്ളയിലിട്ടൊരു കറക്കല്‍.

നായകൻ പാറ്റ് കമ്മിൻസിന് കണ്ട അത്ഭുതത്തിന്റെ അമ്പരപ്പ് മറച്ചുപിടിക്കാനായില്ല. പാഞ്ഞെത്തി കമിന്ദുവിനെ എടുത്തുയര്‍ത്തി. ഹൈദരാബാദ് താരങ്ങളെല്ലാം കമിന്ദുവിന് അഭിനന്ദിച്ചു. ഗ്യാലറിയിലിരുന്ന ഹൈദരാബാദ് ഉടമ കാവ്യ മാരനും അമ്പരന്നു. ലോങ് ഓഫിന് പിന്നിലായി അണിനിരന്ന ചെന്നൈ ആരാധകര്‍ കയ്യടിച്ചു.

ചെന്നൈ ജഴ്‌സിയിലെ തന്റെ ആദ്യ മത്സരം ഗംഭീരമാക്കിയാണ് ബ്രേവിസ് മടങ്ങിയത്. 25 പന്തില്‍ ഒരു ഫോറും നാല് സിക്സും ഉള്‍പ്പെടെ 42 റണ്‍സാണ് നേടിയത്. 154 റണ്‍സ് ചെന്നൈ നേടിയപ്പോള്‍ ടോപ് സ്കോററായതും ബ്രേവിസായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര